തോട്ടം മേഖലയിൽ കർശന പരിശോധനക്കൊരുങ്ങി തൊഴിൽ വകുപ്പ്
text_fieldsതൊടുപുഴ: ചുട്ടുപഴുത്ത വേനലിലും വരാനിരിക്കുന്ന ദുരിതപ്പെയ്ത്തിന്റെ നാളുകളിലും തോട്ടം തൊഴിലാളികളുടെ സുരക്ഷയും സൗകര്യങ്ങളും ഉറപ്പുവരുത്താൻ കർശന നടപടികളുമായി തൊഴിൽ വകുപ്പ്. തോട്ടം തൊഴിലാളികളുടെ ജീവിതാവസ്ഥകൾ നേരിട്ട് കണ്ട് ബോധ്യപ്പെടാനും അവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും കർശന നടപടികൾ സ്വീകരിക്കാനും ഊർജിതമായ പരിശോധനക്കാണ് തൊഴിൽ വകുപ്പ് മുന്നിട്ടിറങ്ങുന്നത്.
ഇതിനായി വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി.ലയങ്ങളിൽ കഴിയുന്ന തൊഴിലാളികളുടെ ശോച്യാവസ്ഥ, അടിസ്ഥാന സൗകര്യങ്ങളായ കുടിവെള്ളം, റോഡ്, ചികിത്സ സംവിധാനങ്ങൾ, അംഗൻവാടികൾ, കളിസ്ഥലം, കമ്യൂണിറ്റി സെന്റർ എന്നിവ പരിശോധനയുടെ പ്രധാന പരിഗണനകളായിരിക്കുമെന്ന് ലേബർ കമീഷണർ അർജുൻ പാണ്ഡ്യൻ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നു. ലയങ്ങളുടെ സുരക്ഷിതാവസ്ഥയും കുറ്റമറ്റ ശുചീകരണ സംവിധാനങ്ങളും ഉറപ്പാക്കുന്നതിന് പ്രാഥമിക പരിഗണന നൽകുമെന്നും കമീഷണർ അറിയിച്ചു.
തോട്ടങ്ങളിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും കൂടുതൽ തൊഴിലാളികളെ നേരിൽക്കണ്ട് മിനിമം വേതനം, ലയങ്ങൾ, അർഹമായ അവധികൾ അടക്കമുള്ള മറ്റ് ആനുകൂല്യങ്ങൾ തുടങ്ങി നിയമപരമായ എല്ലാ തൊഴിൽ അവകാശങ്ങളും ലഭ്യമാക്കുന്നുണ്ടെന്ന് പ്ലാന്റേഷൻ ഇൻസ്പെക്ടർമാർ ഉറപ്പുവരുത്തണമെന്നും സർക്കുലർ വ്യക്തമാക്കുന്നു.
നടപടികൾ
- തൊഴിൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ വിശദാംശങ്ങൾ തൊഴിലുടമകളെ വ്യക്തമായി ധരിപ്പിച്ച് അടിയന്തര പരിഹാരം ഉറപ്പാക്കണം. വീഴ്ച ഉണ്ടായാൽ കർശന നിയമ നടപടികൾ സ്വീകരിക്കണം.
- ഇതുസംബന്ധിച്ച പ്രതിമാസ റിപ്പോർട്ട് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ അഞ്ചാം തീയതിക്കകം ക്രോഡീകരിച്ച് ലേബർ കമീഷണർക്ക് നൽകണം.
- പരിശോധന പൂർത്തിയായി 72 മണിക്കൂറിനുള്ളിൽ ലേബർ കമീഷണറേറ്റ് ഓട്ടോമേഷൻ സിസ്റ്റത്തിൽ പരിശോധന റിപ്പോർട്ട് അപ്ലോഡ് ചെയ്യണം.
- മഴക്കാല ശുചീകരണത്തിന്റെ ഭാഗമായി ലയങ്ങൾ നേരിട്ട് പരിശോധിച്ച് അറ്റകുറ്റപ്പണി ആവശ്യമെങ്കിൽ മാനേജ്മെന്റ് മുഖേന നടപടി സ്വീകരിക്കണം.
- ശുചീകരണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പാക്കണം.
- പരിശോധനയിൽ കണ്ടെത്തുന്ന തൊഴിൽ നിയമലംഘനങ്ങൾ പരിഹരിക്കാനുള്ള സമയപരിധി, സ്വീകരിക്കേണ്ട നടപടികൾ, തുടർ നോട്ടീസുകളുണ്ടാവുന്ന സാഹചര്യങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകത, രേഖകൾ ഹാജരാക്കാനുള്ള തീയതി തുടങ്ങിയ എല്ലാ കാര്യങ്ങളും മാനേജ്മെന്റ് പ്രതിനിധികളെ വ്യക്തമായി ധരിപ്പിക്കണം.
- തീയതി മുൻകൂട്ടി അറിയിച്ച് ഹിയറിങ് നടത്തി പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിട്ടുണ്ടെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പാക്കണം.
- നിയമങ്ങൾ ലംഘനങ്ങൾ പരിഹരിക്കാൻ പരമാവധി അവസരവും സഹായവും തൊഴിലുടമക്ക് നൽകുന്നതിനൊപ്പം തൊഴിലാളികൾക്ക് അർഹമായ പരിരക്ഷ ഉറപ്പുവരുത്തുകയും വ്യാവസായിക വളർച്ചയെന്ന സംസ്ഥാന താൽപര്യം സംരക്ഷിക്കുകയും വേണം.
- റോഡ്, ചികിത്സാസൗകര്യ സംവിധാനങ്ങൾ, അംഗൻവാടി, കമ്യൂണിറ്റി സെന്റർ, കളിസ്ഥലം തുടങ്ങിയ അടിസ്ഥാന വികസന പ്രവർത്തനങ്ങൾ നടപ്പാക്കിയിട്ടില്ലെങ്കിൽ മാനേജ്മെന്റ് ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് പദ്ധതി നടത്തിപ്പിന് നിരാക്ഷേപ പത്രം നൽകിയിട്ടുണ്ടോയെന്ന് പരിശോധിച്ച് ഉറപ്പുവരുത്തണം.
- എസ്റ്റേറ്റ് പ്രവർത്തനത്തെ ബാധിക്കാത്ത തരത്തിലാവണം പരിശോധന.
- നിയമപ്രകാരമുള്ള ഉദ്യോഗസ്ഥർ മാത്രമാണ് പരിശോധന നടത്തുന്നതെന്ന് പ്ലാന്റേഷൻ ചീഫ് ഇൻസ്പെക്ടർ ഉറപ്പാക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.