ഭൂപതിവ് ഭേദഗതി യഥാർഥ ഭൂവുടമകൾക്ക് ഹാനികരം -കോൺഗ്രസ്
text_fieldsതൊടുപുഴ: ഭൂപതിവ് ഭേദഗതി നിയമം യഥാർഥ ഭൂവുടമകൾക്ക് ഹാനികരമാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. 1964ലെ ഭൂപതിവ് നിയമനുസരിച്ച് കൃഷിക്കും വീടിനും മാത്രമേ അനുമതിയുണ്ടായിരുന്നുള്ളൂ. എന്നാൽ, വാണിജ്യ നിർമാണങ്ങൾ അനിവാര്യമായതോടെ ഇത്തരം നിർമാണങ്ങൾ ഈ നിയമപ്രകാരം ചട്ടലംഘനമായി മാറി.
കാലം മാറിയപ്പോൾ ഭൗതികസാഹചര്യങ്ങളും അടിസ്ഥാന ആവശ്യങ്ങളും അപ്പാടെ മാറി. അടിസ്ഥാന സൗകര്യ വികസനം സാമൂഹിക പുരോഗതിയുടെ അടിത്തറയായി മാറിയതോടെ പട്ടയങ്ങളിലെ ചട്ടങ്ങളും നിബന്ധനകളും കാറ്റിൽപറത്തുന്ന നിർമാണ പ്രവർത്തനങ്ങൾ തുടർക്കഥയായി. ഇതൊന്നും ചട്ടലംഘനങ്ങളായി കണ്ടില്ല. സർക്കാറുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അനുമതിയോടെയാണ് നിർമാണങ്ങൾ നടന്നത്. ഇതിനിടെയാണ് ഭൂമാഫിയ തഴച്ചുവളർന്നത്.
ഇതോടെ യഥാർഥ പട്ടയ ഉടമകളെയും കൈയേറ്റക്കാരെയും തിരിച്ചറിയാൻ കഴിയാതായി. നിയമസഭ വിളിച്ചുകൂട്ടി ബിൽ അവതരിപ്പിക്കാതെതന്നെ ചട്ടങ്ങൾ ഭേദഗതി ചെയ്യാനുള്ള അധികാരം വിനിയോഗിക്കാതെ 1960ലെ ഭൂമിപതിവ് നിയമ ഭേദഗതി ബിൽ നിയമസഭയിൽ അവതരിപ്പിച്ച് പാസാക്കിയത് ദുരുദ്ദേശ്യപരമാണ്. ബിൽ നിയമമാകണമെങ്കിൽ ഗവർണറുടെ അനുമതി അനിവാര്യമാണ്. ഭൂപതിവ് ഭേദഗതി നിയമംകൊണ്ട് പട്ടയ ഉടമകൾക്ക് ഒരു പ്രയോജനവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
വാർത്തസമ്മേളനത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി എൻ.ഐ. ബെന്നി, കേരള പ്രദേശ് എക്സ് സർവിസ്മെൻ കോൺഗ്രസ് ജില്ല ചെയർമാൻ അഡ്വ. റെജി ജി. നായർ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.