പട്ടയത്തിനായി നിരവധി അപേക്ഷ; ആശങ്കയൊഴിയാതെ ഭൂപതിവ് ഭേദഗതി നിയമം
text_fieldsതൊടുപുഴ: ഭൂപതിവ് ഭേദഗതി നിയമത്തിൽ ആശങ്കയൊഴിയാതെ ഇടുക്കിയിലെ മലയോര മേഖല. അശാസ്ത്രീയ നിർദേശങ്ങൾ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെയും ഏതാനും കർഷക സംഘടനകളുടെയും ആരോപണം. 1960ലെ ഭൂപതിവ് നിയമപ്രകാരവും 64ലെ ചട്ടപ്രകാരവുമുള്ള പട്ടയങ്ങളാണ് ഇടുക്കിയിൽ കൂടുതലായുള്ളത്. 93ലെ ചട്ടപ്രകാരം പട്ടയത്തിന് അപേക്ഷ നൽകിയവരും നിരവധിയാണ്. പട്ടയഭൂമിയിൽ കൃഷി ചെയ്യാനും വീട് നിർമാണത്തിനുമാണ് നിലവിൽ അനുതിയുള്ളത്. ഇതല്ലാതെ നടത്തിയ നിർമാണപ്രവർത്തനങ്ങൾ ക്രമവത്കരിക്കാൻ സർക്കാറിന് അനുമതി നൽകുന്നതാണ് 2023ലെ നിയമം. പട്ടയം ലഭിക്കാനുള്ളവരെ നിയമ ഭേദഗതി പ്രതികൂലമായി ബാധിക്കുമോയെന്നതാണ് പ്രധാന ആശങ്ക.
ചട്ടം രൂപവത്കരിക്കുന്നതിലൂടെ കാര്യങ്ങളിൽ വ്യക്തത വരുമെന്നാണ് സർക്കാർ വാദം. വിജ്ഞാപനമിറങ്ങിയതോടെ സർക്കാറിന് ഉടൻ ചട്ടങ്ങൾ രൂപവത്കരിക്കാനാകും. പട്ടയമുള്ളവർക്കും ഇനി ലഭിക്കുന്നവർക്കും പ്രയോജനകരമാകും വിധം ചട്ടം രൂപവത്കരിക്കണമെന്നാണ് ജില്ലയിലെ എൽ.ഡി.എഫ് നേതൃത്വം സർക്കാറിനു മുന്നിൽ വെച്ച നിർദേശം. പ്രശ്നങ്ങളില്ലാതെതന്നെ ചട്ടങ്ങൾ രൂപവത്കരിക്കണമെന്ന് ഇടുക്കിയിലെ എൽ.ഡി.എഫ് സർക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അക്കാര്യം പരിഗണിച്ചാകും രൂപവത്കരിക്കുകയെന്ന് കൺവീനർ കെ.കെ. ശിവരാമൻ പ്രതികരിച്ചു. നിർമാണ നിയന്ത്രണമേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവാണ് ജില്ലയിലെ ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കിയത്. കോടതിയുടെ ഇടപെടലുമുണ്ടായി. നിർമാണങ്ങൾ ഫീസീടാക്കി ക്രമവത്കരിച്ചു നൽകാനുള്ള നീക്കം അഴിമതിക്ക് വഴിയൊരുക്കുമെന്നും ഭൂപ്രശ്നങ്ങൾ സങ്കീർണമാക്കുമെന്ന ആരോപണവുമാണ് ഉയരുന്നത്.
1960ൽ പട്ടം താണുപിള്ള സർക്കാറിന്റെ കാലത്ത് റവന്യൂ ഭൂമി പതിച്ചു നൽകാൻ കൊണ്ടുവന്നതാണു ഭൂപതിവ് നിയമം. 1964ൽ ആർ. ശങ്കർ മുഖ്യമന്ത്രിയായപ്പോഴാണ് പ്രാബല്യത്തിൽ വന്നത്. ഭൂപതിവ് ചട്ടം നാലിൽ ഭൂവിനിയോഗം കൃഷിക്കും വീട് നിർമാണത്തിനും മാത്രമെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഇതാണ് നിർമാണ നിരോധനത്തിലേക്ക് നയിച്ചത്.
1960ലെ നിയമത്തിന്റെ കീഴിൽ പട്ടയം ലഭിച്ചവർക്ക് നിയന്ത്രണങ്ങൾ മറികടന്ന് ഭൂവിനിയോഗം സാധ്യമാക്കുന്ന തരത്തിലാണ് നിയമ ഭേദഗതി വരുത്തിയിരിക്കുന്നത്. ഭേദഗതി നിയമം നിലവിൽ വരുന്ന അന്നുവരെ പട്ടയം ലഭിച്ച എല്ലാവരുടെയും ഭൂമിയിൽ നടത്തിയിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ സാധൂകരിക്കാനും ഇതുവരെ നിർമാണ പ്രവർത്തനങ്ങൾ ഒന്നും നടത്താത്തവർക്ക് അതിനുള്ള അനുമതിയും ലഭ്യമാക്കുന്ന തരത്തിലാണ് ബിൽ വിഭാവനം ചെയ്തിരിക്കുന്നത്. ഇത് നടപ്പാക്കാൻ ചട്ടങ്ങളിലും ഭേഗഗതി വരുത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.