ഭൂ പ്രശ്നം: കോൺഗ്രസ് സമരത്തിലേക്ക്
text_fieldsതൊടുപുഴ: കേരളപ്പിറവി ദിനത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ വില്ലേജ് ഓഫിസുകളിലേക്ക് മാർച്ചും ധർണയും സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് സി.പി. മാത്യു വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, ജനവാസ മേഖലകളും കൃഷിഭൂമിയും കരുതൽ മേഖലയുടെ പരിധിയിൽനിന്ന് ഒഴിവാക്കുക, വ്യാപാര സ്ഥാപനങ്ങൾക്കും പത്ത് ചെയിൻ മേഖലയിലും ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങളിലും പട്ടയം നൽകുക, ജില്ലയിലെ അഞ്ച് ഭൂപതിവ് ഓഫിസുകൾ അടച്ചുപൂട്ടാനുള്ള ഉത്തരവ് റദ്ദാക്കുക, പിണറായി സർക്കാർ ഇറക്കിയ ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന പത്ത് ഉത്തരവുകൾ റദ്ദാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്.
ഇതുകൂടാതെ നവംബർ എട്ടിന് കലക്ടറേറ്റ് മാർച്ചും നവംബർ 20 മുതൽ ജില്ലയിലെ 10 ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സമരപ്രചാരണ ജാഥയും ഡിസംബറിൽ ഡി.സി.സിയുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് കർഷകരുടെ പ്രതിഷേധ സംഗമവും സംഘടിപ്പിക്കും.
ഭൂ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടായില്ലെങ്കിൽ ജനുവരിയിൽ സെക്രട്ടേറിയറ്റ് മാർച്ചും സംഘടിപ്പിക്കും. ഇടതു സർക്കാർ ജില്ലയിലെ ഭൂപ്രശ്നങ്ങളിൽ കർഷക വിരുദ്ധ നിലപാടാണ് സ്വീകരിക്കുന്നതെന്നും എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് ജില്ലയെ പ്രതികൂലമായി ബാധിക്കുന്ന പത്ത് നടപടികളാണ് ഉണ്ടായതെന്നും സി.പി. മാത്യു പറഞ്ഞു. എം.എം. മണി മന്ത്രിയായിരുന്ന കാലയളവിലാണ് ഈ വിവാദ ഉത്തരവുകളിലേറെയും ഇറങ്ങിയിട്ടുള്ളതെന്നും ജനങ്ങളുടെ കണ്ണിൽപൊടിയിടാൻ ഉദ്യോഗസ്ഥരെ ചീത്തവിളിച്ച് സമരനാടകം നടത്തുകയാണ് ജില്ലയിലെ ഇടതുപക്ഷമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ ഉപസമിതി കൺവീനർ അഡ്വ. ജോയ് തോമസ്, ഡി.സി.സി ജനറൽ സെക്രട്ടറി ബിജോ മാണി എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.