ഭൂപ്രശ്നം: എൽ.ഡി.എഫ് സംഘം മുഖ്യമന്ത്രിയെ കണ്ടു
text_fieldsതൊടുപുഴ: ഭൂപതിവ് നിയമ ഭേദഗതി സമയബന്ധിതമായി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലയിൽനിന്നുള്ള എൽ.ഡി.എഫ് സംഘം മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. റവന്യൂ മന്ത്രി കെ. രാജന്, വനം മന്ത്രി എ.കെ. ശശീന്ദ്രന് എന്നിവരെയും സന്ദര്‍ശിച്ചു.
ഭൂപതിവ് നിയമത്തിലും ചട്ടങ്ങളിലും ആവശ്യമായ ഭേദഗതികള്‍ വരുത്താനുള്ള നടപടി പൂര്‍ത്തിയായി വരികയാണെന്നും കോടതിയിലെ കേസുകള്‍ കൂടി പരിഗണിച്ച് സമഗ്ര നിയമനിര്‍മാണം നടപ്പാക്കുമെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. ഇടുക്കി പാക്കേജിലെ പദ്ധതികള്‍ ഏകോപിപ്പിക്കാൻ നോഡല്‍ ഓഫിസറെ നിയമിക്കുമെന്നും വ്യക്തമാക്കി.
ലാന്‍ഡ് രജിസ്റ്ററില്‍ ഏലം എന്ന് തെറ്റായി രേഖപ്പെടുത്തിയതു മൂലം 1993ലെ പ്രത്യേക ഭൂപതിവ് ചട്ടങ്ങള്‍ പ്രകാരം പട്ടയം ലഭിക്കാത്ത കര്‍ഷകര്‍ക്ക് പട്ടയം നല്കാന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന് സംഘത്തോട് പറഞ്ഞു. ജില്ലയിലെ ഭൂപതിവ് ഓഫിസുകള്‍ നിര്‍ത്തലാക്കുമെന്ന പ്രചാരണം തെറ്റാണ്. അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്കുന്നതു വരെ ഓഫിസുകള്‍ തുടരും. പട്ടയ വിതരണ നടപടികള്‍ ത്വരിതപ്പെടുത്താൻ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം വിളിക്കുമെന്നും മന്ത്രി അറിയിച്ചു.
കൃഷിഭൂമിയിലും ജനവാസ കേന്ദ്രങ്ങളിലും വന്യജീവികളുടെ ആക്രമണം തടയാൻ സോളാര്‍ ഹാങ്ങിങ് ഫെന്‍സിങ് സ്ഥാപിക്കുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് അറിയിച്ചു. മണിയാറന്‍കുടി -കൈതപ്പാറ -ഉടുമ്പന്നൂര്‍ റോഡിന്റെ വീതി നിര്‍ണയം സംബന്ധിച്ച് ഫീല്‍ഡ് സര്‍വേ നടത്തി റിപ്പോര്‍ട്ട് നല്കാന് സംയുക്ത സര്‍വേ പൂര്‍ത്തിയാക്കി. റിപ്പോര്‍ട്ട് പരിഗണിച്ച് അനുകൂല നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
എല്‍.ഡി.എഫ് ജില്ല കണ്‍വീനര്‍ കെ.കെ. ശിവരാമന്, സി.പി.എം ജില്ല സെക്രട്ടറി സി.വി. വര്‍ഗീസ്, സി.പി.ഐ ജില്ല സെക്രട്ടറി കെ. സലീംകുമാര്‍, കേരള കോണ്‍ഗ്രസ് (എം) ജില്ല പ്രസിഡന്റ് ജോസ് പാലത്തിനാല്‍, വാഴൂര്‍ സോമന് എം.എൽ.എ, എന്‍.സി.പി സംസ്ഥാന സെക്രട്ടറി അനില്‍ കൂവപ്ലാക്കല്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് സിബി മൂലേപ്പറമ്പില്‍, കോണ്‍ഗ്രസ് (എസ്) സംസ്ഥാന സെക്രട്ടറി സി.ജി. ഗോപി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.