ജില്ലയിലെ 57 വില്ലേജ് ഉരുള്‍പൊട്ടല്‍ ഭീഷണിയില്‍
text_fieldsതൊടുപുഴ: ജില്ലയിലെ 89 ശതമാനം പ്രദേശവും ഉരുള്‍പൊട്ടല്‍ ഭീഷണിയിലെന്ന സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് (സെസ്) റിപ്പോര്‍ട്ട് നിലനില്‍ക്കെ അധികൃതർക്ക് നിസ്സംഗത. വലിയ പ്രകൃതിക്ഷോഭമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കാന്‍ വേണ്ട സംവിധാനങ്ങളുടെ അപര്യാപ്തത ദുരന്തത്തിന്റെ വ്യാപ്തി കൂട്ടുമെന്നും റിപ്പോര്‍ട്ടുണ്ട്. ജില്ലയിലെ 66 വില്ലേജുകളില്‍ 57ഉം ഉരുള്‍പൊട്ടല്‍ മേഖലയിലാണ്. ഇതില്‍ 47 വില്ലേജുകൾ സാധ്യത കൂടിയവയാണ്. ഈ പ്രദേശങ്ങളിലെല്ലാം ജനസാന്ദ്രത കൂടുതലുണ്ട്.
ഭൂമിയുടെ സ്വാഭാവികത നഷ്ടപ്പെടുത്തുന്ന തരത്തിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടയുക, നീരൊഴുക്കുകൾ തടസപ്പെടുത്താതിരിക്കുക, വനവല്കരണം പ്രോല്‍സാഹിപ്പിക്കുക, ഭൂമി കൈയേറ്റവും അനധികൃത കെട്ടിടനില്മാണവും തടയുക തുടങ്ങിയ മാര്‍ഗങ്ങള്‍ അവംലബിച്ച് ദുരന്തത്തിന്റെ ആഘാതം കുറക്കാമെന്നും സെസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പശ്ചിമഘട്ട മേഖലയുടെ സ്വാഭാവിക പ്രകൃതിതന്നെ ഉരുൾപൊട്ടൽ പ്രവണതയുള്ളതാണ്. എന്നിരിക്കെയാണ്, അശാസ്ത്രീയ നിർമാണങ്ങളും പരിസ്ഥിതിക്ക് ആഘാതമാകുന്ന നടപടികളും.
30 ഡിഗ്രിയില്‍ കൂടുതല്‍ ചെരിവുള്ള വലിയ മലനിരകള്‍, 150 മീറ്ററിലധികം കയറ്റവും ഇറക്കവുമുള്ള സ്ഥലങ്ങള്‍ പോലും അടുത്തടുത്തുള്ളത്, ദൃഢത കുറഞ്ഞ് കനംകൂടുതലുള്ള ദ്രവിച്ച പാറയും മേല്‍മണ്ണും നിറഞ്ഞ ഭൗമോപരിതലം, മണ്ണിന്റെ കിനിഞ്ഞിറങ്ങല്‍ ശേഷിയിലെ കുറവ് തുടങ്ങിയ കാരണങ്ങളാല്‍ തന്നെ ഇടുക്കി ഉരുള്‍പൊട്ടല്‍ സാധ്യത ഏറിയ പ്രദേശമാണെന്നാണ് സെസ് കണ്ടെത്തൽ.
ഇടുക്കിയില്‍ തുടര്‍ച്ചയായുണ്ടായ ചെറുഭൂചലനങ്ങള്‍ പാറകളുടെ വിടവ് വര്‍ധിപ്പിച്ചിട്ടുണ്ട്. അശാസ്ത്രീയമായ ഭൂവിനിയോഗവും ഭൂപ്രകൃതിക്ക് യോജിക്കാത്ത കെട്ടിടനിര്‍മാണവും ഉരുള്‍പൊട്ടലിനു കാരണമാകുന്നതായും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മുന്നറിയിപ്പ് നല്കാന് മലയോര ജില്ലകളിൽ സർക്കാർ സംവിധാനങ്ങൾ കാര്യക്ഷമമല്ല. ഉപഗ്രഹം വഴി തല്‍സമയം മഴയുടെ തോതും ശക്തിയും അളക്കാനുള്ള ആസൂത്രണ വകുപ്പിന്റെയും ഐ.എസ്.ആര്.ഒയുടേയും കൊച്ചി സര്‍വകലാശാലയുടേയും സംയുക്ത പദ്ധതി 2005ല്‍ ആരംഭിച്ചെങ്കിലും അധികം ആയുസുണ്ടായില്ല.
പ്രകൃതിക്ഷോഭ ഭീതിയില്‍ കഴിയുന്ന ഇടുക്കിയില്‍ ദുരന്തനിവാരണ സേനയുടെ സ്ഥിരം യൂനിറ്റ് വേണമെന്ന ആവശ്യം ഇതുവരെ പരിഗണിക്കപ്പെട്ടിട്ടില്ല. ദുരന്തമുണ്ടായാല്‍ കൊച്ചിയില്‍ നിന്നോ ആര്ക്കോണത്തുനിന്നോ സേന എത്തുമ്പോഴേക്കും എല്ലാം കഴിയും. അടിയന്തര സാഹചര്യങ്ങളില്‍ നാട്ടുകാര്‍ തന്നെയാണ് രക്ഷാപ്രവര്‍ത്തനം നടത്താറ്. സൂനാമിക്ക് ശേഷം ദുരന്തനിവാരണത്തിനായി സംസ്ഥാനത്ത് പ്രത്യേക വകുപ്പ് രൂപവത്കരിച്ചിട്ടും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും എതിരെ ജനങ്ങളെ ജാഗരൂകരാക്കാന്‍ കഴിയുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.