അഭ്യൂഹം പരക്കുമ്പോഴും പുലി കാണാമറയത്ത്
text_fieldsതൊടുപുഴ: പുലിയെ കണ്ടുവെന്ന അഭ്യൂഹം പരക്കുമ്പോഴും മുട്ടം, കരിങ്കുന്നം പഞ്ചായത്തുകളിൽ ഭീതി പരത്തുന്ന പുലിയെ ഇതുവരെ പിടികൂടാനായില്ല. പുലിക്കായി കൂട് സ്ഥാപിച്ച് കാത്തിരിക്കുകയാണ് വനം വകുപ്പ്. പുലിയുടെ സാന്നിധ്യമുള്ളയിടങ്ങളിൽ വനം വകുപ്പിന്റെ പ്രത്യേക സംഘം നിരീക്ഷണം നടത്തുന്നുണ്ട്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ജാഗ്രത സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. ആടിനെ കാട്ടി പുലിയെ കൂട്ടിലാക്കാമെന്നാണ് വനം വകുപ്പിന്റെ കണക്കുകൂട്ടൽ. ഇതിനായി കൂട്ടിൽ ആടിനെ വെച്ചിട്ടുണ്ട്. പുലിയുടെ സാന്നിധ്യം കൂടുതലായുള്ള പൊട്ടന്‍പ്ലാവിൽ സ്ഥാപിച്ചിരിക്കുന്ന കൂട്ടിൽ പുലി കുടുങ്ങുമെന്ന പ്രതീക്ഷയിൽ തന്നെയാണ് നാട്ടുകാരും.
തൊടുപുഴ നഗരത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പലയിടങ്ങളിലായി പുലിയെ കണ്ടെന്ന വിവരങ്ങൾ വനം വകുപ്പിനെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. കരിങ്കുന്നം പഞ്ചായത്തിലെ ഇല്ലിചാരിയിലാണ് പുലിയുടെ സാന്നിധ്യം ആദ്യം സ്ഥിരീകരിക്കുന്നത്. പിന്നീട് മുട്ടം പഞ്ചായത്തിലെ പലയിടങ്ങളിലും പുലിയെ കണ്ടതോടെ നാട്ടുകാരുടെ ആശങ്ക ഇരട്ടിയായി. പഞ്ചായത്ത് തലത്തിൽ ജാഗ്രത സമിതികളും രൂപവത്കരിച്ചിട്ടുണ്ട്. വിവിധയിടങ്ങളിൽ കാണപ്പെട്ടത് ഒരേ പുലി തന്നെയാകാമെന്നാണ് വനം വകുപ്പിന്റെ വിലയിരുത്തൽ. ജനങ്ങൾക്ക് ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്. അതേസമയം, അനാവശ്യ ആശങ്ക വേണ്ടെന്നും വനംവകുപ്പും പഞ്ചായത്തും അവശ്യമായ ക്രമീകരണമൊരുക്കിയതായും കരിങ്കുന്നം പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.