എലിപ്പനി പടരുന്നു; ജാഗ്രത നിർദേശവുമായി ആരോഗ്യവകുപ്പ്
text_fieldsതൊടുപുഴ: ജില്ലയില്‍ പലയിടത്തും എലിപ്പനി കേസുകൾ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്.
ജനുവരി മുതൽ ജൂലൈ പത്ത് വരെയുള്ള കണക്കുകൾ പരിശോധിച്ചാൽ 34 പേർക്ക് ജില്ലയിൽ എലിപ്പനി സ്ഥിരീകരിച്ചു. ഇതിൽ നാല് പേർ മരണപ്പെട്ടു. ഇക്കാലയളവിൽ എലിപ്പനി സംശയിക്കുന്ന 27 കേസുകളും റിപ്പോർട്ട് ചെയ്തു. എലിപ്പനി സംശയമെന്ന് കരുതുന്ന ഒരു മരണവും സംഭവിച്ചു.
ദേവിയാര്‍ കോളനി, വാഴത്തോപ്പ്, കുമളി, നെടുങ്കണ്ടം, അയ്യപ്പന്‍കോവില്‍, ഉപ്പുതറ, എന്നിവിടങ്ങളിൽ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ലക്ഷണങ്ങള്‍
കടുത്തപനി, തലവേദന, ശക്തമായ ശരീരവേദന, കണ്ണിനു ചുവപ്പ്/മഞ്ഞനിറം,കാല്‍വണ്ണയിലെ പേശി വേദന. മൂത്രത്തിന്റെ അളവ് കുറഞ്ഞ് മഞ്ഞ നിറം/ചുവപ്പ് നിറം ഇവ എലിപ്പനി ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങളാണ്.
എലിപ്പനിക്ക് സാധ്യത കൂടുതലുള്ളത്
ഓട, കുളം, തോട് വൃത്തിയാക്കുന്നവര്‍ വയലില്‍ ജോലി എടുക്കുന്നവര്‍, നായ്, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങള്‍, കന്നുകാലികള്‍ ഇവയെ പരിചരിക്കുന്നവര്‍, കെട്ടിട നിര്‍മാണ തൊഴിലാളികള്‍ ,കുളം തോട് എന്നിവിടങ്ങളില്‍നിന്ന് മീന്‍ പിടിക്കുന്നവര്‍, തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുകയോ കുടിക്കുകയോ ചെയ്യുന്നവര്‍, എലി മൂത്രം കലരാന്‍ ഇടയുള്ള സ്ഥലങ്ങളില്‍ ഇടപഴകുന്നവര്‍, വെള്ളപ്പൊക്ക ബാധിത പ്രദേശങ്ങളിലുള്ളവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍.
പ്രതിരോധ മാർഗങ്ങൾ
കൈകാലുകളിലെ മുറിവുകള്‍, കണ്ണ്, മൂക്ക്, വായ എന്നിവയിലൂടെയാണ് എലിപ്പനി രോഗാണു ശരീരത്തിലെത്തുന്നത്. കൈകാലുകളില്‍ മുറിവുകളോ വിണ്ടുകീറലോ ഉണ്ടെങ്കില്‍, വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ഇറങ്ങരുത്. ജോലിക്കായി ഇറങ്ങേണ്ടി വന്നാല്‍ മുറിവുകള്‍ വെള്ളം കടക്കാത്ത വിധം പൊതിഞ്ഞുസൂക്ഷിക്കുക.
കൈയുറകളും കാലുറകളും ധരിക്കുക. തോട്, കുളം എന്നിവിടങ്ങളിലെ വെള്ളം കൊണ്ട് മൂക്കും വായും കഴുകരുത്. കന്നുകാലികളെ കുളിപ്പിക്കുന്ന തോട്, കുളം എന്നിവിടങ്ങളില്‍ കളിക്കരുത്. വീടിന് പുറത്തിറങ്ങുമ്പോള്‍ ചെരിപ്പ് നിര്‍ബന്ധമായും ധരിക്കുക. ആഹാരസാധനങ്ങള്‍ വീടിന് പുറത്തും പൊതുസ്ഥലങ്ങളിലും കൂട്ടിയിടരുത്. എലി മാളങ്ങള്‍ നശിപ്പിക്കുക
തടയാന്‍ ഡോക്സിസൈക്ലിന്‍
വെള്ളക്കെട്ടുകളിലും മലിനമായ മണ്ണിലും ജോലി ചെയ്യുന്നവര്‍ എലിപ്പനി പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിന്‍ കഴിക്കുക. ആഴ്ചയില്‍ ഒരിക്കല്‍ 100 മില്ലി ഗ്രാമിന്റെ രണ്ട് ഡോക്സിസൈക്ലിന്‍ ഗുളിക എട്ട് ആഴ്ചവരെ തുടര്‍ച്ചയായി കഴിക്കുക. ജോലി തുടര്‍ന്നും ചെയ്യുന്നുവെങ്കില്‍ രണ്ടാഴ്ചത്തെ ഇടവേളക്കുശേഷം വീണ്ടും കഴിക്കുക. ഗുളിക ആഹാരശേഷം മാത്രം കഴിക്കുക. ധാരാളം വെള്ളം കുടിക്കുക, സ്വയം ചികിത്സ പാടില്ല. സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ഡോക്സിസൈക്ലിന്‍ ഗുളിക സൗജന്യമായി ലഭ്യമാണ്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദ്ദേശാനുസരണം കഴിക്കുക.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.