ആദിവാസിക്കുടികളിൽ വെളിച്ചം; സർവേ തുടങ്ങി
text_fieldsതൊടുപുഴ: ജില്ലയിലെ ആദിവാസിക്കുടികളിൽ വെളിച്ചമെത്തിക്കുന്നതിന് പദ്ധതി ഒരുങ്ങുന്നു. ഇതിെൻറ ഭാഗമായ സർവേ നടപടികൾക്ക് തുടക്കമായി. മറയൂർ, മാങ്കുളം, ഇടമലക്കുടി എന്നിവിടങ്ങളിലെ 750ഓളം ആദിവാസി കുടുംബങ്ങൾക്ക് ഇനിയും വൈദ്യുതി എത്തിയിട്ടില്ല. ഒാരോ ഊരുതിരിച്ച് വൈദ്യുതി എത്താത്ത വീടുകളുടെ വിവരശേഖരണമാണ് സർവേയുടെ ലക്ഷ്യം.
വനത്തിനുള്ളിലൂടെ പോസ്റ്റിട്ട് ലൈൻ വലിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലെന്നും ഏറെ തടസ്സം ഉണ്ടെന്നും കെ.എസ്.ഇ.ബി അറിയിച്ചിരുന്നു. ഇൗ സാഹചര്യത്തിൽ സോളാർ വൈദ്യുതിയുടെ സാധ്യത പരമാവധി പ്രയോജനപ്പെടുത്താനാണ് പട്ടികവർഗ ക്ഷേമ വകുപ്പിെൻറയും വൈദ്യുതി വകുപ്പിെൻറയും നേതൃത്വത്തിൽ നടത്തിയ ചർച്ചയിലെ തീരുമാനം. സോളാർ എനർജി ഉപയോഗവുമായി ബന്ധപ്പെട്ട് കുടികളിലെ കുട്ടികൾക്കും യുവാക്കൾക്കുമടക്കം പരിശീലനം നൽകാനും തീരുമാനിച്ചിട്ടുണ്ട്. സോളാർ ഉപകരണങ്ങളുടെ തകരാർ പരിഹരിക്കലടക്കമാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. കേടുവന്നാൽ അത് ഉപയോഗിക്കാതെ പോകുന്ന സാഹചര്യം ഒഴിവാക്കാനാണിത്. വിദൂര ആദിവാസി കോളനിയിലടക്കം വൈദ്യുതി എത്തിക്കുന്നതിന് ൈവദ്യുതി വകുപ്പ് നേരത്തേ 10 കോടിയുടെ സോളാർ പദ്ധതിക്ക് രൂപം നൽകിയിരുന്നു. എന്നാൽ, പട്ടികവർഗ വകുപ്പോ എം.പി, എം.എൽ.എ ഫണ്ടുകളിൽനിന്നോ പഞ്ചായത്തോ തുക അനുവദിച്ചാലേ പദ്ധതി നടപ്പാക്കാനാകൂ.
വീടുകളിൽ ൈവദ്യുതി ഇല്ലാത്തത് ആദിവാസിക്കുട്ടികളുടെ വിദ്യാഭ്യാസത്തെയടക്കം ബാധിച്ചിട്ടുണ്ട്. മറയൂര്‍ പഞ്ചായത്തിലെ തായണ്ണന്‍കുടി, ആലാംപെട്ടി, മുളകാമുട്ടി, പുതുക്കുടി, ഇരുട്ടള, വെള്ളക്കല്ല്, കാന്തല്ലൂര്‍ പഞ്ചായത്തിലെ ചമ്പക്കാട്, പാലപ്പെട്ടി തുടങ്ങിയ ആദിവാസിക്കുടികളിൽ വൈദ്യുതി ഇല്ല.
ആദിവാസി മേഖലകളിൽതന്നെ ലൈൻ വലിച്ച് വൈദ്യുതി എത്തിക്കാവുന്ന കുറച്ചു വീടുകളുണ്ട്. ഇതിന് 85 ലക്ഷത്തോളം രൂപ ചെലവാകും. മറ്റ് പ്രദേശങ്ങളിൽ പുതുതായി നിർമിച്ച നൂറിൽ താഴെ വീടുകളിലും വൈദ്യുതി എത്താനുണ്ട്. വൈദ്യുതി കണക്ഷന് അപേക്ഷ നൽകി കാത്തിരിക്കുന്നവർക്ക് പോസ്റ്റുകൾ എത്തുന്ന മുറക്ക് നൽകാനാണ് തീരുമാനമെന്ന് കെ.എസ്.ഇ.ബി അറിയിച്ചിട്ടുണ്ട്. ബാക്കിയിടങ്ങളിലാകും സോളാർ സംവിധാനമൊരുക്കുക.
ഫണ്ട് അനുവദിക്കുന്നത് പരിഗണിക്കും–മന്ത്രി രാധാകൃഷ്ണൻ
ഇടുക്കിയിലെ ആദിവാസി കുടുംബങ്ങൾക്ക് വൈദ്യുതി എത്തിക്കാനുള്ള പദ്ധതി എത്രയും വേഗം പൂർത്തിയാക്കുമെന്ന് പട്ടികജാതി-വർഗ ക്ഷേമ മന്ത്രി കെ. രാധാകൃഷ്ണൻ 'മാധ്യമ'ത്തോട് പറഞ്ഞു. എല്ലാ ആദിവാസി ഊരുകളിലും വൈദ്യുതി എത്തിക്കുകയാണ് ലക്ഷ്യം. ഇതിന് വകുപ്പിൽനിന്ന് ഫണ്ട് അനുവദിക്കുന്ന കാര്യവും പരിഗണിക്കും. വനമേഖലയിൽ പോസ്റ്റിട്ട് ലൈൻ വലിച്ച് നൽകുന്നതിന് ഒേട്ടറെ തടസ്സമുണ്ട്. സോളാർ സംവിധാനത്തിലൂടെ വൈദ്യുതി ലഭ്യമാക്കുന്നതിനെക്കുറിച്ച് വൈദ്യുതി മന്ത്രിയുമായും ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ഓരോ ആദിവാസി മേഖലയിലും വൈദ്യുതിയില്ലാത്ത ഊരുകളിലെ വീടുകളുടെ കണക്ക് ശേഖരിച്ച് നൽകാൻ നിർദേശിച്ചിട്ടുണ്ട്. വേഗത്തിൽ തന്നെ ഇവിടങ്ങളിൽ വൈദ്യുതി എത്തിക്കാനാണ് ശ്രമമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.