തദ്ദേശ തെരഞ്ഞെടുപ്പ്; വാർഡുകളുടെ എണ്ണത്തിൽ വർധന
text_fieldsതൊടുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാർഡ് നിർണയത്തിൽ ഇടുക്കി ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ ഒരെണ്ണം വർധിച്ചു. നിലവിൽ 16 ഡിവിഷനുകളായിരുന്നത് 17 ആയി. ജില്ലയിലെ എട്ട് ബ്ലോക് പഞ്ചായത്തുകളിലും ഓരോ വാർഡുകൾ വർധിച്ചിട്ടുണ്ട്. അടിമാലി, മൂന്നാർ, ദേവികുളം, രാജാക്കാട്, മുരിക്കാശ്ശേരി, നെടുങ്കണ്ടം, പാമ്പാടുംപാറ, വണ്ടൻമേട്, വണ്ടിപ്പെരിയാർ, വാഗമൺ, ഉപ്പുതറ, മൂലമറ്റം, കരിങ്കുന്നം, കരിമണ്ണൂർ, പൈനാവ്, മുള്ളരിങ്ങാട് എന്നീ 16 ജില്ലാ പഞ്ചായത്ത് വാർഡുകളാണ് ഇടുക്കിയിലുള്ളത്.
അടിമാലി, ദേവികുളം, നെടുങ്കണ്ടം, ഇളംദേശം, ഇടുക്കി, കട്ടപ്പന, തൊടുപുഴ, അഴുത എന്നീ എട്ട് ബ്ലോക് പഞ്ചായത്തുകളിൽ നിലവിലുണ്ടായിരുന്ന 13 വാർഡുകൾ 14 ആയി ഉയരും. ജില്ലയിലെ 52 പഞ്ചായത്തുകളിൽ 11 പഞ്ചായത്തുകളിലൊഴികെ വാർഡുകളുടെ എണ്ണത്തിൽ വർധന. അടിമാലി പഞ്ചായത്തിൽ മൂന്നു വാർഡുകൾ വർധിച്ചു. നേരത്തെ 21 വാർഡുകളുണ്ടായിരുന്ന അടിമാലിയിൽ വാർഡുകളുടെ എണ്ണം 24 ആയി ഉയർന്നു.
നെടുങ്കണ്ടം, വണ്ണപ്പുറം, വണ്ടൻമേട്, കുമളി പഞ്ചായത്തുകളിൽ രണ്ട് വീതം വാർഡുകൾ വർധിച്ചു. എന്നാൽ, കൊന്നത്തടി, പള്ളിവാസൽ, പാമ്പാടുംപാറ, ഉടുമ്പഞ്ചോല, കഞ്ഞിക്കുഴി, അറക്കുളം, കാമാക്ഷി, ഉപ്പുതറ, പെരുവന്താനം, ഏലപ്പാറ, പീരുമേട് പഞ്ചായത്തുകൾക്ക് വാർഡുകളുടെ എണ്ണത്തിൽ മാറ്റമില്ല. പട്ടികജാതി/പട്ടികവർഗ സംവരണം അടക്കം 50 ശതമാനം സ്ത്രീകൾക്കായി മാറ്റിവെച്ചിട്ടുണ്ട്. വാർഡുകളുടെ വർധന സംവരണത്തിലും പ്രതിഫലിക്കും.
അടിമാലിയിൽ വർധിച്ചത് 3 വാർഡുകൾ
അടിമാലി: അടിമാലി ഗ്രാമപഞ്ചായത്തിൽ വർധിച്ചത് മൂന്ന് വാർഡുകൾ. 21 വാർഡുകൾ ഉണ്ടായിരുന്ന അടിമാലിയിൽ ഇനി 24 വാർഡുകളാണ് ഉണ്ടാവുക. ഇതിൽ ഒമ്പത് വാർഡുകൾ ജനറൽ വനിത സംവരണവും എസ്.ടി ജനറൽ 2, എസ്.ടി വനിത 2, എസ്.സി ജനറൽ 1, എസ്.സി വനിത 1, 9 വാർഡുകൾ ജനറൽ വിഭാഗത്തിനും ആയിരിക്കും. ഇതോടെ എല്ലാ വാർഡുകളുടെയും അതിർത്തികൾ മാറും. ജില്ലയിൽ ഏറ്റവും കൂടുതൽ വാർഡുകൾ വർധിച്ചത് അടിമാലിയിലാണ്.
നെടുങ്കണ്ടത്ത് രണ്ട് വാർഡുകൾ കൂടി
നെടുങ്കണ്ടം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടപ്പിന്റെ വാര്‍ഡ് പുനര്‍ നിര്‍ണയത്തിൽ നെടുങ്കണ്ടത്ത് രണ്ട് വാര്‍ഡുകളും കരുണാപുരത്ത് ഒരു വാര്‍ഡും വർധിച്ചു. എന്നാല്‍, ഉടുമ്പഞ്ചോലയിലും പാമ്പാടുംപാറയിലും വർധനവില്ല. ഉടുമ്പഞ്ചോലയിൽ 14 ഉം പാമ്പാടുംപാറയില്‍ 16 ഉം തല്‍സ്ഥിതി തുടരുകയാണ്.
നെടുങ്കണ്ടത്ത് നിലവിലുണ്ടായിരുന്ന 22 വാര്ഡുകളോടൊപ്പം രണ്ട് വാര്‍ഡുകള്‍ കൂടി വധിച്ച് 24 ആയി. അതില്‍ 12 വാര്‍ഡുകള്‍ സ്ത്രീകള്‍ക്കായി സംവരണം ചെയ്തു. രണ്ട് സീറ്റ് പട്ടിക ജാതിക്കാര്ക്കായും ഒരു സീറ്റ് പട്ടിക വര്ഗ്ഗക്കാര്ക്കായും മാറ്റിവെച്ചു. ഇത് സ്ത്രീകളാണെങ്കില്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത 12 പേരില്‍നിന്ന് അത് കുറവ് ചെയ്യും.
എല്ലാ പഞ്ചായത്തുകളിലും ആകെ യുള്ള സീറ്റില്‍ നിന്ന് പകുതി സീറ്റ് സ്ത്രീകള്‍ക്ക് സംവരണം ചെയ്തിരിക്കണം. കരുണാപുരം പഞ്ചായത്തില്‍ നിലവില്‍ ഉണ്ടായിരുന്ന 17 സീറ്റിനോടൊപ്പം ഒരു സീറ്റാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. അതില്‍ ഒമ്പത് സീറ്റ് സ്ത്രീകള്‍ക്കും ഒരുസീറ്റ് പട്ടിക ജാതിക്കുമാണ് സംവരണം ചെയ്തിരിക്കുന്നത്.പാമ്പാടുംപാറയില്‍ നിലവിലുള്ള 16 ല്‍ 8 സ്ത്രീകള്‍ക്കായും രണ്ട് സീറ്റ് പട്ടിക ജാതിക്കും ഒരുസീറ്റ് പട്ടിക വര്ഗ്ഗവിഭാഗത്തിനും സംവരണം ചെയ്തു.ഉടുമ്പന്‍ചോല പഞ്ചായത്തില്‍ നിലവിലുള്ള 14 സീറ്റില്‍ 7 സീറ്റ് സ്ത്രീകള്‍ക്കായും രണ്ട് സീറ്റ് പട്ടിക ജാതിക്കും ഒരു സീറ്റ് പട്ടിക വര്‍ഗ വിഭാഗത്തിനും സംവരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.