പോളിങ് ശതമാനത്തിൽ തലപുകച്ച് മുന്നണികൾ
text_fieldsതൊടുപുഴ: ഇടുക്കിയിൽ പോളിങ് ശതമാനത്തിലെ കുറഞ്ഞതിൽ തല പുകച്ച് മുന്നണികൾ. 66.55 ശതമാനം പേരാണ് ഇത്തവണ വോട്ട് രേഖപ്പെടുത്തിയത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് പത്ത് ശതമാനത്തിനടുത്ത് വോട്ട് കുറവാണ് രേഖപ്പെടുത്തിയത്. 76.26 ശതമാനമായിരുന്നു കഴിഞ്ഞ തവണത്തെ പോളിങ് ശതമാനം. 1989 ലെ 76.71 ആണ് ഇടുക്കിയിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനം. കസ്തൂരി രംഗൻ മാധവ് ഗാഡ്ഗിൽ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ ഉയർന്ന ജനവികാരം രാഷ്ട്രീയ നിലപാടുകൾ തിരുത്തിക്കുറിച്ച 2014 ൽ 70.7 ആയിരുന്നു. ശതമാനമായിരുന്നു പോളിങ് ശതമാനം. രാഹുൽ തരംഗം ആഞ്ഞടിച്ച 2019 ലെ തിരഞ്ഞെടുപ്പിൽ പോളിങ് ശതമാനം 76.26 ശതമാനത്തിലെത്തി. ഏഴ് നിയമസഭ മണ്ഡലങ്ങളിൽ കോതമംഗലത്താണ് ഇത്തവണ ഏറ്റവും കൂടുതൽ പോളിങ് നടന്നത്. ഏറ്റവും കുറവ് ഇടുക്കിയിലും.
കോതമംഗംലം നിയോജക മണ്ഡലത്തിൽ 171388 പേരിൽ 120043 പേർ വോട്ട് ചെയ്തു. 70.04 ആണ് ഇവിടെ പോളിങ് ശതമാനം. ഏറ്റവും കുറവ് വോട്ട് ചെയ്തത് ഇടുക്കി നിയമസഭാ മണ്ഡലത്തിലാണ്. 186522 പേരിൽ 118366 പേർ വോട്ട് ചെയ്തു. 63.46 ശതമാനമാണ് ഇവിടെ പോളിങ്. 425598 പുരുഷൻമാരും 406332 സ്ത്രീകളും ആറ് ട്രാൻസ്ജെൻഡേഴ്സും ജില്ലയിൽ വോട്ട് രേഖപ്പെടുത്തി. വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന യുവതീ യുവാക്കളുടെ എണ്ണം കൂടിയതും കനത്ത ചൂടും പോളിങ് ശതമാനം കുറയാൻ കാരണമായെന്നുമാണ് പ്രാഥമിക വിലയിരുത്തൽ. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ജില്ലയിൽ വ്യാപകമായി കള്ള വോട്ടും ഇരട്ടവോട്ടും നടന്നെന്ന ആരോപണവും ശക്തമാണ്. തിരഞ്ഞെടുപ്പ് ഫലം വരും വരെ കൂട്ടലും കിഴിക്കലുമായി സജീവമാണ് മുന്നണികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.