മലയോളം ആവേശം, ചൂടിനെ വീഴ്ത്തി വോട്ടാഘോഷം
text_fieldsതൊടുപുഴ: വെള്ളിയാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിക്കും മുമ്പ് തന്നെ ബൂത്തുകൾ നിറഞ്ഞുതുടങ്ങിയിരുന്നു. ആ ആവേശം വൈകുന്നേരം ആറിന് പോളിങ് അവസാനിക്കേണ്ട സമയത്തും ബൂത്തിൽ നിറഞ്ഞു. വോട്ടെടുപ്പിന്റെ ആദ്യ അര മണിക്കൂറിനുള്ളിൽ തന്നെ നീണ്ട നിരയാൽ ബൂത്തുകൾ അലംകൃതമായി. യുവാക്കളും പ്രായമായവരുമൊക്കെയാണ് ആദ്യ മണിക്കൂറുകളിൽ എത്തിയവരിൽ കൂടുതലും. പാർട്ടി സ്പിരിറ്റ് ആവാഹിച്ച് ചിലർ ബൂത്തിലെ പെട്ടിയിൽ തങ്ങളുടെ വോട്ട് ആദ്യ മണിക്കൂറിൽ തന്നെ വീഴണമെന്ന ഉദ്ദേശത്തിൽ രാവിലെ തന്നെ കൂട്ടമായി എത്തി നിലയുറപ്പിച്ചിരുന്നു. വേനൽ ചൂട് കനത്തതോടെ വോട്ടർമാർ വിയർത്തൊലിച്ചുതുടങ്ങി. രാവിലെ നേരത്തേ എത്തി വോട്ട് ചെയ്ത് പോകാം എന്ന് കരുതി എത്തിയവരും നീണ്ട വരിയിൽ വലഞ്ഞു. ചിലരൊക്കെ ചൂട് കുറഞ്ഞ് വന്ന് വോട്ട് ചെയ്യാം എന്ന് പറഞ്ഞ് മടങ്ങി. എങ്കിലും വേനൽ ചൂടിനെ തോൽപിക്കുന്ന ആവേശവുമായി നിൽക്കുന്ന വോട്ടർമാരുമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ദിവസം ഇടുക്കി ലോക്സഭാ മണ്ഡലത്തിലെ ആദ്യ മണിക്കൂറുകളിലെ കാഴ്ചകളായിരുന്നു. മോക് പോളിങ്ങ് രാവിലെ തന്നെ നടത്തി പ്രശ്നങ്ങൾ പരിശോധിച്ച് ഏഴിന് തന്നെ വോട്ടെടുപ്പ് തുടങ്ങി. കേരളത്തിലെ ഏക ഗോത്ര വർഗ പഞ്ചായത്തായ ഇടമലക്കുടിയിലും ഏഴ് മണിക്ക് തന്നെ തെരഞ്ഞെടുപ്പ് പ്രക്രിയകൾ ആരംഭിച്ചു.
ആദ്യ മണിക്കൂറിൽ അഞ്ച് ശതമാനമായിരുന്നു പോളിങ്. പത്തോടെ ഇടുക്കി ലോക്സഭാ മണ്ഡലം പോളിങ് ശതമാനത്തിൽ ഹൈറേഞ്ചിലെ കയറ്റം പോലെ കുതിപ്പ് തുടങ്ങി. 15.05 ശതമാനമായിരുന്നു വോട്ട്. ഉടുമ്പൻ ചോലയിലായിരുന്നു മുന്നിൽ 17.41 ശതമാനം . ഇടുക്കി -14.41 ദേവികുളം- 14.29, തൊടുപുഴ-15.64, പീരുമേട്- 14.98, മുവാറ്റുപുഴ-14.19, കോതമംഗലം- 14.47 എന്നിങ്ങനെയായിരുന്നു മറ്റ് നിയമസഭ മണ്ഡലങ്ങളിലെ വോട്ടിങ് ശതമാനം. ഉച്ചക്ക് ഒന്നോടെ പോളിങ്ങ് കുതിച്ചുയരുന്ന കാഴ്ചയാണ് കണ്ടത്. പോളിങ് ശതമാനം 40.08 ലേക്കെത്തി. ഇടുക്കി- 32.42, ദേവികുളം- 33.81, തൊടുപുഴ- 40.59, ഉടുമ്പൻചോല- 43.44, പീരുമേട്- 40.77, മുവാറ്റുപുഴ-37.98, കോതമംഗലം-39.36 എന്നിങ്ങനെയായിരുന്നു നിയമ സഭ മണ്ഡലങ്ങളിലെ വോട്ടിങ്ങ് നില.
ഇതിനിടെ ചിലയിടങ്ങളിൽ ഉദ്യോഗസ്ഥർ പോളിങ് വൈകിക്കുന്നുവെന്ന ആക്ഷേപവുമുയർന്നു. ചിലയിടങ്ങളിൽ നീണ്ട വരി രൂപപ്പെട്ടതോടെ വോട്ടർമാരിൽ പലരും തളർന്നു തുടങ്ങി. വിദൂരമേഖലകളിൽ നിന്നും മറ്റും വയോധികരായ നിരവധി പേരെ വാഹനങ്ങളിലും മറ്റും എത്തിക്കുന്ന കാഴ്ചയും കാണാമായിരുന്നു. ഉച്ചകഴിഞ്ഞതോടെ വോട്ടിങ് കളം സജീവമായി. പ്രവർത്തകർ വോട്ട് ചെയ്യാത്തവരെ വോട്ടർ ലിസ്റ്റിൽ നോക്കി കണ്ടുപിടിച്ച് വോട്ട് ചെയ്യാൻ എത്താത്തതെന്തേ എന്ന് അന്വേഷിച്ച് തുടങ്ങി. പലരെയും വീട്ടിൽ നിന്ന് ബൂത്തിലെത്തിച്ചു. വൈകുന്നേരം നാലോടെ ഇടുക്കി ലോക്സഭ മണ്ഡലത്തിലെ പോളിങ് 53.29 ശതമാനത്തിലേക്ക് ഉയർന്നു. പോളിങ്ങ് അവസാനിക്കുന്ന ആറ് മണിക്കും നീണ്ട ക്യൂ ബൂത്തുകളിൽ അവസാനിച്ചിരുന്നില്ല.
ചൂടിന് ശമനം ഉണ്ടായിട്ട് ബൂത്തിലേക്ക് പോകാമെന്ന് കരുതി മിക്കവരും കാത്തിരുന്നതാണ് വൈകുന്നേരത്തെ തിരക്കിന്റെ പ്രധാന കാരണം. പലരും ഒന്നരമണിക്കൂർ വരെ വോട്ട് ചെയ്യാൻ കാത്തിരിക്കേണ്ടിവന്നു. വൈകിട്ട് ആറിന് 64.42 ശതമാനം വോട്ടാണ് ജില്ലയിൽ രേഖപ്പെടുത്തിയത്. അപ്പോഴും പല ബൂത്തുകളിലും നീണ്ട ക്യൂ അനുഭവപ്പെട്ടതോടെ ചില ഇടങ്ങളിൽ വോട്ടർമാർ നീരസം പ്രകടിപ്പിച്ചു. കാത്തുനിന്ന എല്ലാവർക്കും ടോക്കൺ നൽകി വോട്ട് ചെയ്യാൻ അവസരം നൽകിയാണ് ഉദ്യോഗസ്ഥർ ബൂത്തിൽ നിന്ന് മടങ്ങിയത്. തങ്ങളുടെ സ്ഥാനാർഥിക്ക് കിട്ടാവുന്ന വോട്ടുകൾ എല്ലാം പെട്ടിയിലാക്കി എന്ന വിശ്വാസത്തിൽ പ്രവർത്തകരും വീടുകളിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.