തെരഞ്ഞെടുപ്പ് ഹരിത സമൃദ്ധമാക്കാൻ ഒരുക്കം
text_fieldsതൊടുപുഴ: തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഭാഗമായി ഉണ്ടാകാവുന്ന മാലിന്യങ്ങളുടെ അളവ് കുറക്കുകയും പ്രകൃതിസൗഹൃദ സാമഗ്രികൾ ഉപയോഗിക്കുകയും ചെയ്യുന്ന ഹരിത തെരഞ്ഞെടുപ്പിനായി ഒരുക്കം തുടങ്ങി.
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഹരിത പെരുമാറ്റച്ചട്ടത്തിന്റെ ലോഗോ ജില്ല കലക്ടർ ഷീബ ജോർജ് ഇടുക്കി സബ് കലക്ടർ ഡോ. അരുൺ എസ്. നായർക്ക് നൽകി പ്രകാശനം ചെയ്തു. ഇതിന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ, സ്ഥാനാർഥികൾ, സമ്മതിദായകർ, പൊതുജനങ്ങൾ തുടങ്ങിയ എല്ലാവരുടെയും സഹകരണം ആവശ്യമുണ്ടെന്നും കലക്ടർ പറഞ്ഞു. പരിപാടിയിൽ എ.ഡി.എം ബി. ജ്യോതി, ഡെപ്യൂട്ടി കലക്ടർമാരായ ഡോ. ജെ.ജ. അരുൺ, കെ. മനോജ്, സ്വീപ് നോഡൽ ഓഫിസർ ലിപു ലോറൻസ് എന്നിവർ പങ്കെടുത്തു.
നൂറുശതമാനം കോട്ടൺ തുണിയിൽ എഴുതി തയാറാക്കുന്നവയും അല്ലെങ്കിൽ കോട്ടൺ തുണിയും പേപ്പറും ചേർന്ന് നിർമിക്കുന്ന വസ്തുവിൽ പ്രിന്റ് ചെയ്യപ്പെടുന്ന ബോർഡുകളും ബാനറുകളും ഉപയോഗിക്കാവുന്നതാണ് ആദ്യത്തെ ചട്ടം. കൂടാതെ പനമ്പായ, പുൽപായ, ഓല, ഈറ, മുള, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിച്ചും പ്രചാരണ സാമഗ്രികൾ തയാറാക്കാം. പ്രചാരണത്തിന് ഡിജിറ്റൽ സാധ്യതകളും ഉപയോഗിക്കാം. നോൺ വൂവൻ പോളി പ്രൊപ്പലീൻ കൊണ്ടുള്ള ബോർഡുകളും ബാനറുകളും ഉപയോഗിക്കാൻ പാടില്ല.
കൊടികളും തോരണങ്ങളും തുണിയിലോ പേപ്പറിലോ നിർമിച്ചവയാകണം. പ്രചാരണ സമയത്ത് സ്ഥാനാർഥിയും മറ്റ് സഹപ്രവർത്തകരും സ്റ്റീൽ ബോട്ടിലുകൾ കരുതുകയാണെങ്കിൽ പ്ലാസ്റ്റിക് കുടിവെള്ള ബോട്ടിലുകൾ ഒഴിവാക്കാനാകും. വാഹനങ്ങളിൽ വാട്ടർ ഡിസ്പെൻസറുകളും സ്റ്റീൽ കപ്പുകളും കരുതാം. കോട്ടൺ തുണിയും പേപ്പറും പോലുള്ള പ്രകൃതി സൗഹൃദവസ്തുക്കൾ ഉപയോഗിച്ച് വാഹനങ്ങൾ അലങ്കരിക്കാം.
സ്ഥാനാർഥികളെ സ്വീകരിക്കാൻ വേണ്ടി അണിയിക്കുന്ന ഹാരങ്ങളും മറ്റും പൂർണമായും പ്ലാസ്റ്റിക് മുക്തമാക്കാം. പകരം പൂക്കൾ ഉപയോഗിച്ച് ഉണ്ടാക്കിയ ഹാരങ്ങൾ, കോട്ടൺ റിബൺ ഹാരങ്ങൾ, കോട്ടൺ ഷാളുകൾ തുടങ്ങിയവ ഉപയോഗിക്കാം. ഉപഹാരങ്ങളായി പുസ്തകങ്ങളും പഴക്കൂടകളും നൽകാവുന്നതാണ്.
വോട്ടെടുപ്പിന് ശേഷംബോർഡുകളും കൊടിതോരണങ്ങളും മറ്റ് പ്രചാരണ സാമഗ്രികളും സ്ഥാപിച്ചവർ തന്നെ അഴിച്ചുമാറ്റി തരം തിരിച്ച് ഹരിതകർമ സേനക്ക് കൈമാറണം. തെരഞ്ഞെടുപ്പിൽ ഹരിതപെരുമാറ്റച്ചട്ടം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലതലം മുതൽ തദ്ദേശ സ്വയംഭരണ സ്ഥാപന തലംവരെ സഹായ സഹകരണങ്ങൾക്കും മാർഗനിർദേശങ്ങൾക്കും ഹരിത കേരള മിഷന്റെയും ശുചിത്വമിഷന്റെയും ജില്ല ഓഫിസുകളുമായി ബന്ധപ്പെടാവുന്നതാണ്. പൊതുസ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിഞ്ഞാൽ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് അധികാരം നൽകുന്ന പുതിയ നിയമ ഭേദഗതി (കേരള പഞ്ചായത്ത് രാജ് (ഭേദഗതി) ആക്ട്, 2024 & കേരള മുനിസിപ്പാലിറ്റി (ഭേദഗതി) ആക്ട്, 2024) അനുസരിച്ച് പൊതുഅല്ലെങ്കിൽ സ്വകാര്യ സ്ഥലങ്ങളിൽ മാലിന്യം വലിച്ചറിയുന്നവർക്കെതിരെ പഞ്ചായത്ത് അല്ലെങ്കിൽ നഗരസഭ സെക്രട്ടറിക്ക് ചുമത്താവുന്ന പിഴ 5000 രൂപയായി വർധിപ്പിച്ചിട്ടുണ്ട്. മാലിന്യസംസ്കരണവുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങൾക്ക് ലഭിക്കാവുന്ന പിഴ 50,000 രൂപയും ഒരു വർഷം വരെ തടവുമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
തെരഞ്ഞെടുപ്പ്
നിരീക്ഷണത്തിന്
ഒബ്സര്‍വര്‍മാര്‍
തൊടുപുഴ: മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷണ ചുമതലകള്‍ നിര്‍വഹിക്കാന്‍ മൂന്ന് ഒബ്സര്‍വർമാര്‍. വികാസ് സീതാറാംജി ഭാലെയാണ് ജനറല്‍ ഒബ്സര്‍വര്‍. ഗൗതമി സാലി പൊലീസ് ഒബ്സര്‍വറുടെയും ഹിവാസെ അനൂപ് സദാശിവ് എക്സ്പെന്‍ഡിച്ചര്‍ ഒബ്സര്‍വറുടെയും ചുമതല വഹിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.