തകിടം മറിഞ്ഞ് പ്രതീക്ഷ; എൽ.ഡി.എഫിന് തിരിച്ചടി
text_fieldsതൊടുപുഴ: എൽ.ഡി.എഫിന്റെ വിജയ പ്രതീക്ഷക്ക് തിരിച്ചടിയായി മലയോരം. ഭൂപ്രശ്നങ്ങളും ഭരണവിരുദ്ധ വികാരവും വന്യമൃഗ ശല്യവുമെല്ലാം ഇടുക്കിയിൽ ഇത്തവണ തെരഞ്ഞെടുപ്പ് വേളയിൽ ഉയർന്നുവന്നത് യു.ഡി.എഫിന്റെ വിജയത്തേരോട്ടത്തിന് അനുകൂല ഘടകമായി എന്ന് വിലയിരുത്തുന്നാണ് വിധി ദിനത്തിൽ കണ്ടത്. ഡീന്‍ കുര്യാക്കോസിന് മണ്ഡലത്തിലുണ്ടായിരുന്ന സ്വാധീനവും വോട്ടായി മാറി. എന്നാല്‍, മുന്‍ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ 37,326 വോട്ടിന്റെ കുറവുണ്ടായി. മൂവാറ്റുപുഴ, കോതമംഗലം, തൊടുപുഴ, ഇടുക്കി, ഉടുമ്പന്‍ചോല, പീരുമേട്, ദേവികുളം എന്നീ നിയമസഭ മണ്ഡലങ്ങളിലും വ്യക്തമായ ലീഡാണ് ഡീനിന് ലഭിച്ചത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പുതന്നെ എൽ.ഡി.എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ചിട്ടയായ പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്. ഇത് വോട്ടായി മാറ്റാൻ കഴിയുമെന്നും എൽ.ഡി.എഫ് കരുതി. നേരിയ ഭൂരിപക്ഷത്തിലായാലും ജോയ്സ് ജോർജ് ജയിക്കുമെന്നായിരുന്നു ഇടത് ക്യാമ്പിലെ വിശ്വാസം.
മലയോരമേഖലയിലും തോട്ടംമേഖലകളിലുമെല്ലാം വ്യക്തമായ ലീഡ് ഡീന്‍ കുര്യാക്കോസിന് തന്നെയായിരുന്നു. 10,000 മുതല്‍ 20,000 വോട്ടിനുവരെ വിജയം നേടാനാകുമെന്ന പ്രതീക്ഷയായിരുന്നു എൽ.ഡി.എഫ് വെച്ചുപുലര്‍ത്തിയിരുന്നത്. യു.ഡി.എഫാകട്ടെ 50,000 മുതല്‍ 75,000 വോട്ടിന്റെ ഭൂരിപക്ഷമാണ് കണക്കാക്കിയിരുന്നത്. എന്നാല്‍, വോട്ടെണ്ണല്‍ ആരംഭിച്ചതോടെ യു.ഡി.എഫ് ക്യാമ്പിനെപ്പോലും അമ്പരിപ്പിക്കുന്ന മുന്നേറ്റമായിരുന്നു ഡീനിന്റേത്. ഇടുക്കിയിലെ ഭൂപ്രശ്നത്തിനു ശാശ്വതപരിഹാരം കാണുന്നതിനായി എൽ.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന ഭൂപതിവ് ചട്ടഭേദഗതിയും തെരഞ്ഞെടുപ്പിൽ കാര്യമായ ഫലംചെയ്തില്ല.
തെരഞ്ഞെടുപ്പിന് ശേഷമാണ് ബില്ലില്‍ ഒപ്പിടാന്‍ ഗവർണർ തയാറായത്. അതിനാല്‍ ഇതിന്റെ നേട്ടം സ്വന്തമാക്കാന്‍ എൽ.ഡി.എഫിന് കഴിഞ്ഞില്ല. മാത്രമല്ല പെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് മറിയക്കുട്ടി നടത്തിയ ശ്രദ്ധേയ സമരത്തിനും ഇടുക്കി സാക്ഷ്യംവഹിച്ചു.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയിൽനിന്ന് എൽ.ഡി.എഫ്. സ്വതന്ത്രനായിട്ടായിരുന്നു ജോയ്സ് കളത്തിലിറങ്ങിയത്. എന്നാൽ, രണ്ടാംതവണ ജോയ്സിന് മണ്ഡലത്തിൽ വേരുറപ്പിക്കാനായില്ല. മൂന്നാം തവണ വിജയം സുനിശ്ചിതമെന്ന ആത്മവിശ്വാസത്തിലായിരുന്നു ജോയ്സ് ഗോദയിലെത്തിയത്.
എന്നാൽ, മണ്ഡലത്തിൽ മന്ത്രിയുടെയും മുൻ മന്ത്രിയുടെയും മണ്ഡലത്തിൽപോലും ഭൂരിപക്ഷം ഉയർത്താൻ കഴിഞ്ഞില്ലെന്നത് എൽ.ഡി.എഫിന് വലിയ തിരിച്ചടിയാണ് സമ്മാനിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.