വൈദ്യുതി ബില്ലിലെ കൃത്രിമം; നടപടി തുടരുന്നു
text_fieldsതൊടുപുഴ: മീറ്റർ റീഡിങ് കുറവായി രേഖപ്പെടുത്തി വൈദ്യുതി ബിൽ ഇനത്തിൽ കെ.എസ്.ഇ.ബിക്ക് ലക്ഷങ്ങളുടെ നഷ്ടം വരുത്തിയ സംഭവത്തിൽ മൂന്ന് ജീവനക്കാർക്കെതിരെ കൂടി നടപടി. തൊടുപുഴ സെക്ഷൻ-വൺ ഓഫിസിലെ അസി. എൻജിനീയർ ശ്രീനിവാസൻ, സബ് എൻജിനീയർമാരായ പ്രദീപ് കുമാർ, അനൂപ് എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. കെ.എസ്.ഇ.ബി വിജിലൻസിന്റെ സാങ്കേതിക വിഭാഗത്തിന്റെ നിർദേശപ്രകാരമാണ് ഉദ്യോഗസ്ഥർക്കെതിരായ നടപടി.
രണ്ട് മാസം മുമ്പ് സെക്ഷൻ ഒന്നിലെ മീറ്റർ റീഡിങ് എടുത്തിരുന്ന കരാർ ജീവനക്കാരനെ പിരിച്ചുവിടുകയും സൂപ്രണ്ടിനെയും സീനിയർ അസിസ്റ്റന്റിനെയും സസ്പെൻഡും ചെയ്തിരുന്നു. പിരിച്ചുവിട്ട കരിമണ്ണൂർ സ്വദേശിയായ കരാർ ജീവനക്കാരൻ രണ്ട് വർഷത്തോളം മീറ്റർ റീഡിങ് കുറവായി രേഖപ്പെടുത്തിയെന്നും ഇതിലൂടെ ബോർഡിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നുമാണ് പ്രാഥമിക കണ്ടെത്തൽ. കരാർ ജീവനക്കാരനെ നിരീക്ഷിക്കുന്നതിൽ വീഴ്ചവരുത്തിയതിനെ തുടർന്ന് ഉദ്യോഗസ്ഥരെ സസ്പൻഡ് ചെയ്തത്.
ഉപഭോക്താക്കൾ ആശങ്കയിൽ
വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഈ മാസം ആദ്യം തൊടുപുഴ നഗരസഭയിലെ ഒന്ന്, മൂന്ന്, അഞ്ച് വാർഡുകളിലെ മുപ്പതിലധികം ഉപഭോക്താക്കൾക്ക് വൻതുകയുടെ വൈദ്യുതി ബിൽ ലഭിച്ചു. ശരാശരി 2000- 2500 രൂപ തോതിൽ ബിൽ വന്നിരുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് 30,000 മുതൽ 60,000 രൂപവരെയാണ് ബിൽ വന്നത്.
തുടർന്ന് നഗരസഭ ചെയർമാൻ സനീഷ് ജോർജിന്റെയും കൗൺസിലർ കെ. ദീപക്കിന്റെയും നേതൃത്വത്തിൽ ഉപഭോക്താക്കൾ കെ.എസ്.ഇ.ബി ഓഫിസിൽ പ്രതിഷേധവുമായെത്തി. പിരിച്ചുവിട്ട മീറ്റർ റീഡർ നേരത്തേ റീഡിങ് എടുത്തിരുന്ന മേഖലയിലാണ് വീണ്ടും ബില്ലിൽ ക്രമക്കേട് ഉണ്ടായതെന്നായിരുന്നു കെ.എസ്.ഇ.ബിയുടെ വിശദീകരണം.
ക്രമക്കേട് കണ്ടെത്തിയ ഉപഭോക്താക്കളുടെ മീറ്ററുകൾ കെ.എസ്.ഇ.ബിയുടെ വാഴത്തോപ്പിൽനിന്നുള്ള പ്രത്യേക സ്ക്വാഡ് പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. എങ്ങനെയാണ് ക്രമക്കേട് നടത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം പൂർത്തിയായാലേ വ്യക്തമാകൂവെന്ന് എക്സിക്യൂട്ടിവ് എൻജിനിയർ അറിയിച്ചു. കൂടിയ ബില്ല് അടക്കേണ്ടതില്ലെന്ന് എക്സി. എൻജിനീയർ അറിയിച്ചുണ്ടെങ്കിലും ഉപഭോക്താക്കൾ ആശങ്കയിലാണ്.
ലഭിച്ചത് 230 പരാതികൾ; വിജിലൻസ് പരിശോധിക്കുന്നു
സംഭവത്തെക്കുറിച്ച് കെ.എസ്.ഇ.ബി വിജിലൻസ് വിഭാഗവും പവർ തെഫ്റ്റ് സ്ക്വാഡും അന്വേഷണം നടത്തിവരുകയാണ്. ഈ സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ 230 പരാതികളാണ് ലഭിച്ചിരിക്കുന്നത്. മീറ്റർ റീഡിങ് എടുക്കുന്നവരെ പരസ്പരം സ്ഥലം മാറ്റിയപ്പോഴാണ് സെക്ഷൻ വണിൽ നടന്ന ക്രമക്കേടിനെക്കുറിച്ച് അറിയാൻ കഴിഞ്ഞത്.
പുതിയ ജീവനക്കാരൻ റീഡിങ് എടുത്തപ്പോൾ ചില മീറ്ററുകളിലെ റീഡിങ്ങിൽ വലിയ മാറ്റം കണ്ടെത്തി. 140ഓളം ഉപഭോക്താക്കൾക്ക് വൈദ്യുതി ബിൽ വളരെയധികം കൂടി. ശരാശരി 2000 രൂപ വന്നിരുന്ന ഉപഭോക്താവിന് 35,000 രൂപ വരെയായി ബിൽ കുത്തനെ ഉയർന്നു. കുമാരമംഗലം, മണക്കാട് പഞ്ചായത്തുകളിലുള്ള ഉപഭോക്താക്കളുടെ ബില്ലിലാണ് ഇത്തരത്തിൽ വർധന കണ്ടെത്തിയത്.
പരാതി ഉയർന്നതിനെ തുടർന്ന് ഇതിന് മുമ്പ് പ്രദേശത്ത് മീറ്റർ റീഡിങ് എടുത്തിരുന്ന യുവാവിനെ ചോദ്യം ചെയ്തപ്പോൾ ഇയാൾ റീഡിങ്ങിൽ കൃത്രിമം കാണിച്ചിരുന്നെന്ന് സമ്മതിച്ചു. യഥാർഥ റീഡിങ്ങിനെക്കാൾ കുറച്ചായിരുന്നു യുവാവ് വൈദ്യുതി ബില്ലിൽ രേഖപ്പെടുത്തിയിരുന്നത്. തുടർന്നാണ് അന്വേഷണം കെ.എസ്.ഇ.ബി വിജിലൻസിന് കൈമാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.