കാലവര്‍ഷക്കെടുതിയും വരൾച്ചയും; ജില്ലയില്‍ കൃഷിനാശം 13.79 കോടി
text_fieldsതൊടുപുഴ: സമാനതകളില്ലാത്ത കൃഷി നാശമാണ് ജില്ലയിൽ കഴിഞ്ഞ വർഷം കർഷകർ നേരിട്ടത്. 2024ൽ ജില്ലയില്‍ ഉണ്ടായത് 13.79 കോടിയുടെ കൃഷിനാശമാണ്. 4604 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു വര്‍ഷത്തിനിടെ നശിച്ചത്. 19,221 കര്‍ഷകരെയാണ് കൃഷി നാശം ബാധിച്ചത്. കാലവര്‍ഷക്കെടുതികളിലും വരള്‍ച്ചയിലുമാണ് കൂടുതലും കൃഷി നശിച്ചത്. കുരുമുളക്, വാഴ, ഏലം എന്നിവയാണ് വ്യാപകമായി നശിച്ചത്.
1.693 ഹെക്ടര്‍ സ്ഥലത്തെ 18,44,616 കുരുമുളകാണ് നശിച്ചത്. 13,738 കര്‍ഷകരുടെ കൃഷിയാണ് നശിച്ചത്. 13.843 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. 369 ഹെക്ടര്‍ സ്ഥലത്തെ 6,43,678 വാഴയാണ് കാറ്റിലും മഴയിലും വരള്‍ച്ചയിലും നശിച്ചത്. 2925 കര്‍ഷകരുടെ കൃഷിയാണ് നഷ്ടപ്പെട്ടത്. വരള്‍ച്ചയില്‍ ഏലച്ചെടികള്‍ വന്‍തോതിലാണ് തകര്‍ന്നത്. 31.885 ഹെക്ടര്‍ സ്ഥലത്തെ ഏലം കൃഷി നശിച്ചു. 22.298 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായത്. 167.67 ഹെക്ടര്‍ സ്ഥലത്തെ 31,597 ജാതി കൃഷി നശിച്ചു. 3228 കര്‍ഷകര്‍ക്കായി 1.105 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. കായ്ക്കാത്ത 9569 ജാതിച്ചെടികളും നശിച്ചു. 1091 കര്‍ഷകര്‍ക്ക് നഷ്ടം സംഭവിച്ചു. 276 കര്‍ഷകരുടെ 1472 തെങ്ങ്, 104 കര്‍ഷകരുടെ 1446 ഗ്രാമ്പൂ എന്നിവയും കെടുതികളില്‍ നശിച്ചിട്ടുണ്ട്. പൈനാപ്പിള്‍ -3.600 ഹെക്ടര്‍, പച്ചക്കറി മൂന്ന് ഹെക്ടര്‍, തേയില -1.700 ഹെക്ടര്‍, മരച്ചീനി -50.32 ഹെക്ടര്‍, മറ്റ് കിഴങ്ങുവര്‍ഗം -1.840 ഹെക്ടര്‍ എന്നിവയാണ് മറ്റ് നഷ്ടപ്പെട്ട വിളകളുടെ കണക്ക്.
1579 കര്‍ഷകര്‍ക്ക് വിതരണംചെയ്തത് 79.38 ലക്ഷം
കഴിഞ്ഞ വര്‍ഷം കാര്‍ഷിക മേഖലയില്‍ ഉണ്ടായ വിളനാശത്തിന്റെ പേരില്‍ കൃഷി വകുപ്പിനു മുന്നിലെത്തിയത് 12,581 കര്‍ഷകരുടെ അപേക്ഷകളാണ്. 9.12 കോടിയുടെ നഷ്ടമാണ് അനുവദിച്ചത്. ദേവികുളം -53.84 ലക്ഷം, അടിമാലി -1.92 കോടി, കട്ടപ്പന -3.77 കോടി, പീരുമേട് -76.90 ലക്ഷം, ഇടുക്കി -1.44 കോടി, നെടുങ്കണ്ടം -47 ലക്ഷം, ഇളംദേശം -19.29 ലക്ഷം, തൊടുപുഴ -5.73 ലക്ഷം എന്നിങ്ങനെയാണ് ഓരോ ബ്ലോക്കുകളിലും അനുവദിച്ച നഷ്ടപരിഹാരത്തുക. ഇതില്‍ 1579 കര്‍ഷകര്‍ക്കായി 79.38 ലക്ഷം രൂപയാണ് വിതരണം ചെയ്തത്. സംസ്ഥാന ദുരന്ത പ്രതികരണ നിധിയില്‍നിന്നുള്ള തുകയാണ് വിതരണം ചെയ്തത്.
ഏലം കർഷകർക്ക് 10.93 കോടിയുടെ നഷ്ടം
സമീപ വർഷങ്ങളിലൊന്നും ഉണ്ടാകാത്ത നാശമാണ് ഏലം കൃഷിയിൽ കഴിഞ്ഞ വർഷം ഉണ്ടായത്. കടുത്ത ചൂടിൽ ഉടുമ്പൻചോല, ഇടുക്കി താലൂക്കുകളിലെ ഏലം കൃഷി 70 ശതമാനത്തിലേറെ നശിച്ചു. 2024ലെ വേനൽ ചൂടിൽ പോർട്ടലിൽനിന്നുള്ള കണക്കനുസരിച്ച് 2024 ജനുവരി ഒന്നു മുതൽ ജൂലൈ 31വരെ 17944 ഏലംകർഷകർക്ക് കൃഷിനാശമുണ്ടായതായും 4368.8613 ഹെക്ടറിലെ ഏലം നശിച്ചതായും 10.93 കോടിയുടെ നാശനഷ്ടമുണ്ടായതായും ചൂണ്ടിക്കാട്ടുന്നു .കർഷകർക്ക് ധനസഹായമായി കേന്ദ്ര വിഹിതം 78,53,208 രൂപ എ.ഐ.എം എസ് പോർട്ടലിൽ അംഗീകരിച്ചിട്ടുണ്ടെന്നും താമസിയാതെ കർഷകരുടെ അക്കൗണ്ടിലേക്ക് തുക വിതരണം ചെയ്യുമെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.