കാലവര്‍ഷം: ഒരു മാസത്തിനിടെ 58.38 ലക്ഷത്തിന്റെ കൃഷിനാശം
text_fieldsതൊടുപുഴ: കൊടും വേനലിനു പിന്നാലെയെത്തിയ കാലവര്‍ഷത്തിലും ജില്ലയില്‍ കൃഷി നാശം. കനത്ത മഴയിലും ചുഴലിക്കാറ്റിലും മണ്ണിടിച്ചിലിലും പലയിടങ്ങളിലും കൃഷി നാശമുണ്ടായി. കഴിഞ്ഞ മാസം 29 മുതലാണ് ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെട്ടത്. അന്നു മുതല്‍ ജൂലൈ ഒന്നു വരെ ജില്ലയില്‍ 58.38 ലക്ഷം രൂപയുടെ നഷ്ടം കര്‍ഷകര്‍ക്കുണ്ടായി. 382 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്.
മഴയിലും കാറ്റിലും 104 കര്‍ഷകര്‍ക്കായി 24.21 ലക്ഷം രൂപയുടെ കൃഷി നാശമുണ്ടായതായാണ് കണക്ക്. ഇളംദേശം ബ്ലോക്കിലാണ് കൂടുതല്‍ നാശമുണ്ടായത്. 9.13 ലക്ഷം രൂപയുടെ കൃഷി നാശം ഇവിടെയുണ്ടായി. ഇടുക്കി -4.89, അടിമാലി- 1.50, കട്ടപ്പന -3.45, പീരുമേട് -4.99, തൊടുപുഴ-0.25 ലക്ഷം എന്നിങ്ങനെയാണ് വിവിധ ബ്ലോക്കുകളില്‍ ഉണ്ടായ കൃഷി നാശത്തിന്റെ കണക്ക്.
അതി ശക്തമായ മഴയില്‍ 22.99 ലക്ഷം രൂപയുടെ കൃഷിയും നശിച്ചു. ഇളംദേശം, ഇടുക്കി, പീരുമേട് ബ്ലോക്കുകളിലാണ് നാശ നഷ്ടമുണ്ടായത്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് 11.18 ലക്ഷം രൂപയുടെ കൃഷിനാശം ഉണ്ടായി. 95 കര്‍ഷകര്‍ക്കാണ് നഷ്ടം നേരിട്ടത്. ഇളംദേശം ബ്ലോക്കിലാണ് മണ്ണിടിച്ചിലില്‍ കൂടുതല്‍ വിളനാശമുണ്ടായത്. ഇടുക്കി ബ്ലോക്കിലും മണ്ണിടിച്ചിലുണ്ടായി. ചുഴലിക്കാറ്റു മൂലം ഇളംദേശം ബ്ലോക്കിലെ ആറു കര്‍ഷകര്‍ക്ക് കൃഷിനാശമുണ്ടായി.
കാറ്റിലും മഴയിലും വാഴക്കൃഷിക്ക് വ്യാപക നാശനഷ്ടമുണ്ടായി. കുലച്ച 2590 വാഴകളും കുലക്കാത്ത 1140 വാഴകളും കാലവര്‍ഷത്തില്‍ നശിച്ചു. ടാപ് ചെയ്യുന്ന 121 റബര്‍ മരങ്ങളും 24 ടാപ് ചെയ്യാത്ത മരങ്ങളും 76 കുരുമുളക് ചെടികളും 32 ജാതിയും 1.020 ഹെക്ടര്‍ സ്ഥലത്തെ ഏലച്ചെടികളും 25 തെങ്ങുകളും നശിച്ചു.
കനത്ത മഴയില്‍ മാത്രം 2250 കുലച്ച വാഴകളും 2250 കുലക്കാത്ത വാഴകളും മൂന്നു ഹെക്ടര്‍ സ്ഥലത്തെ മരച്ചീനിയും അഞ്ചു റബര്‍ മരങ്ങളും നശിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് വാഴ -60, കൊക്കോ -215, തെങ്ങ് -50, കാപ്പി-135, കമുക് -80, റബര്‍-420 എന്നിങ്ങനെയാണ് വിളനാശമുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.