തമ്മിൽത്തല്ലി നഗരസഭയിൽ തോറ്റ് യു.ഡി.എഫ്
text_fieldsതൊടുപുഴ: നഗരസഭ ഭരണം കൈക്കുമ്പിളിൽ വെച്ചുനീട്ടിയിട്ടും തമ്മിൽത്തല്ല് കാരണം എൽ.ഡി.എഫിനോട് അടിയറവ് പറഞ്ഞ് യു.ഡി.എഫ്. ഒമ്പത് വോട്ട് മാത്രം നേടി പരാജയപ്പെടുമായിരുന്നിടത്താണ് എൽ.ഡി.എഫ് ലീഗിലൂടെ 14 വോട്ടിന്റെ അപ്രതീക്ഷിത ജയം നേടിയത്. ഭൂരിപക്ഷമുണ്ടായിട്ടും ലീഗും കോൺഗ്രസും രണ്ടായി മത്സരിച്ച് തൊടുപുഴ നഗരസഭ ഭരണം കളഞ്ഞുകുളിച്ചെന്നു വേണം പറയാൻ.
2020ലെ തദ്ദേശതെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുണ്ടായിരുന്ന യു.ഡി.എഫിന് പിടിപ്പുകേട് മൂലം ഭരണം നഷ്ടമാകുകയായിരുന്നു. മൂന്നര വർഷത്തിന് ശേഷം ഭരണം തിരിച്ചുപിടിക്കാൻ സാധ്യത വന്നപ്പോൾ തമ്മിലടിച്ചും നഷ്ടപ്പെടുത്തി. എൽ.ഡി.എഫ് ചെയർമാനായിരുന്ന സനീഷ് ജോർജ് കൈക്കൂലിക്കേസിൽപ്പെട്ട് രാജിവെക്കേണ്ടി വന്നതോടെയാണ് നഗരസഭ ഭരണം കിട്ടാൻ വഴിതുറന്നത്. കൂറുമാറ്റ കേസിൽ രണ്ടുപേർ അയോഗ്യരാക്കപ്പെടുകയും സ്വന്തം ചെയർമാൻ കൈക്കൂലിക്കേസിൽ പ്രതിയായി രാജിവെക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ എൽ.ഡി.എഫിന് ഭൂരിപക്ഷം നഷ്ടമാവുകയായിരുന്നു.
രാജിവെച്ച ചെയർമാൻ യു.ഡി.എഫിനെ പിന്തുണക്കുകയും ഉപതെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ജയിക്കുകയും ചെയ്തതോടെ ഭരണത്തിലിരുന്ന എൽ.ഡി.എഫിന് 12, യു.ഡി.എഫ് 14 എന്നതായി കക്ഷി നില. എൽ.ഡി.എഫ് കൗൺസിലർ മെർളി രാജു യു.ഡി.എഫ് പക്ഷം ചേരുകയും സ്വന്തം കൗൺസിലർമാരിൽ രണ്ടുപേർ ഹാജരാകാതിരിക്കുകയും ചെയ്തതോടെ ഒമ്പത് കൗൺസിലർമാരെന്ന ദയനീയ സ്ഥിതിയിൽ നിന്നാണ് എൽ.ഡി.എഫിന് അട്ടിമറി ജയം ലഭിച്ചത്.
മുസ്ലിം ലീഗും കോൺഗ്രസ്സും സ്ഥാനാർഥികളെ നിർത്തിയതാണ് ഭൂരിപക്ഷമുണ്ടായിട്ടും യു.ഡി.എഫിന് തിരിച്ചടിയായത്. 32 അംഗങ്ങളാണ് ഹാജരായത്. സി.പി.എമ്മിലെ സബീന ബിഞ്ചു ലീഗിന്റെ അഞ്ച് കൗൺസിലർമാരുടേതടക്കം പതിനാല് വോട്ടിനാണ് വിജയിച്ചത്. കോൺഗ്രസ് സ്ഥാനാർഥി ദീപക്കിന് പത്ത് വോട്ട് ലഭിച്ചു. ലീഗ് സ്ഥാനാർഥി എം.എ കരീം ആറു വോട്ട് നേടി ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. ഹാജരുണ്ടായിരുന്ന 10 എൽ.ഡി.എഫ് കൗൺസിലർമാരിൽ മെർളി രാജു കോൺഗ്രസ് സ്ഥാനാർഥി കെ. ദീപക്കിനെ പിന്തുണച്ചു.
കൂടാതെ ആറു കോൺഗ്രസ് കൗൺസിലർമാരും കേരള കോൺഗ്രസിയിലെ അഡ്വ. ജോസഫ് ജോണും മുൻചെയർമാൻ സനീഷ് ജോർജും മുസ്ലിം ലീഗ് സ്വതന്ത്രൻ ജോർജ് ജോണും ദീപക്കിന് വോട്ട് ചെയ്തു. രണ്ടാം റൗണ്ടിൽ പുറത്തായ എട്ട് അംഗങ്ങളുള്ള ബി.ജെ.പി അവസാന റൗണ്ടിൽ വിട്ടുനിന്നു. സി.പി.എം കൗൺസിലർ ആർ. ഹരി, സി.പി.ഐ കൗൺസിലർ ജോസ് മഠത്തിൽ എന്നിവരാണ് എൽ.ഡി.എഫ് പക്ഷത്ത് വിട്ടുനിന്നത്.
എൽ.ഡി.എഫിനും യു.ഡി.എഫിനും പരിക്ക്
തൊടുപുഴ: നഗരസഭ അധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു നഷ്ടവുമില്ലാത്ത പാർട്ടിയും മുന്നണിയും ബി.ജെ.പിയുടേത്. നിർണായക തെരഞ്ഞെടുപ്പിൽ സി.പി.ഐ കൗൺസിലർ ജോസ് മഠത്തിൽ വിട്ടുനിന്നത് ചെയർമാൻ പദം വേണമെന്ന ആവശ്യം സി.പി.എം തള്ളിയ പശ്ചാത്തലത്തിലെന്നാണ് സൂചന. കൗൺസിലർമാരുടെ എണ്ണമനുസരിച്ച് എൽ.ഡി.എഫിന് സാധ്യത ഇല്ലാതിരിക്കെ ‘തോൽക്കുന്ന’ പദവിയിലേക്ക് പോലും സി.പി.ഐയെ പരിഗണിക്കുന്നില്ലെന്ന ആക്ഷേപവും ഉയർന്നിരുന്നു. മുതിർന്ന സി.പി.എം കൗൺസിലർ ആർ. ഹരിയും എത്തിയില്ല.
ആരോഗ്യ കാരണങ്ങളാലാണെന്ന് പറയുന്നുണ്ടെങ്കിലും പരിഗണന കുറയുന്നതാണ് ഹരിയുടെ പ്രശ്നമെന്നാണ് വിവരം. നിലവിലുണ്ടായിരുന്ന 13 പേർക്ക് പുറമെ മറുപക്ഷത്തെയടക്കം മൂന്ന് അംഗങ്ങളുടെ കൂടി പിന്തുണയോടെ ജയിക്കേണ്ടിടത്താണ് യു.ഡി.എഫ് പത്ത് വോട്ട് നേടി തോൽവി ഏറ്റുവാങ്ങിയത്. ലീഗ് സ്വതന്ത്രനായി വിജയിച്ച ജോർജ്ജോൺ പാർട്ടി നിലപാടിന് വിരുദ്ധമായി കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ടുചെയ്തതും അവർക്കും തിരിച്ചടിയായി.
ജില്ലയില്‍ യു.ഡി.എഫുമായുള്ള സഹകരണം അവസാനിപ്പിക്കുന്നു -ലീഗ്
തൊടുപുഴ: മുസ്ലിം ലീഗിനെപ്പോലെ വിശ്വസ്തതയുള്ള രാഷ്ട്രീയ പങ്കാളിയെ വഞ്ചിച്ചും ഓഴിവാക്കിയും അവിഹിത ബാന്ധവത്തിലൂടെ ചെയര്മാന് സ്ഥാനം സ്വന്തമാക്കാന്‍ കോണ്‍ഗ്രസ് നടത്തിയ നീക്കത്തിന്റെ സ്വാഭാവികമായ തിരിച്ചടിയാണ് തൊടുപുഴ നഗരസഭയിലുണ്ടായതെന്ന് മുസ്ലിം ലീഗ് ജില്ല കമ്മിറ്റി. കോണ്‍ഗ്രസിന്റെ മുന്നണി മര്യാദ ലംഘനത്തില്‍ പ്രതിഷേധിച്ച് ജില്ലയില്‍ യു.ഡി.എഫുമായുള്ള സഹകരണം തല്ക്കാലം അവസാനിപ്പിക്കുകയാണന്ന് ലീഗ് ജില്ല കമ്മിറ്റി വാർത്ത സമ്മേളനത്തില്‍ അറിയിച്ചു.
ചെയര്മാന് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വരെയും ധാരണ നിലനിര്‍ത്താന്‍ ലീഗ് ശ്രമിച്ചതാണ്. പക്ഷെ, ലീഗില്ലെങ്കിലും വിജയിക്കും എന്ന ധാർഷ്ഠ്യമാണ് കോണ്‍ഗ്രസ് നേതൃത്വം പ്രകടിപ്പിച്ചത്. സൗഹാർദ മല്‍സരം നടത്തി അവസാനിപ്പിക്കാമെന്ന് കരുതിയ ലീഗിന്റെ നിലപാട് അവസാന റൗണ്ടില്‍ മാറേണ്ടി വന്നത് കോണ്‍ഗ്രസിന്റെ ജോസഫ് ഗ്രൂപ്പ് കൗണ്‍സിലറുടെയും കള്ളക്കളി ബോധ്യപ്പെട്ടതിനാലാണ്.
ഇടതു മുന്നണിയിലെ ഒരാളുടെ വോട്ടുവാങ്ങിയും രണ്ടു പേരെ മാറ്റിനിർത്തിയും ഒമ്പതാം വാര്‍ഡിലെ ലീഗ് കൗണ്‍സിലറെ വരുതിയിലാക്കിയും ലീഗിനെ ഒഴിവാക്കി സാമര്‍ഥ്യം കാണിച്ച് കോൺഗ്രസ് ജയിക്കാന്‍ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുസ്ലിം ലീഗ് കൗണ്‍സിലര്‍മാര്‍ എൽ.ഡി.എഫിന് അനുകൂലമായി വോട്ടുചെയ്തത്. തൊടുപുഴ നഗരസഭയിലെ ചെയര്മാന് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസ്ഥാന നേതൃത്വത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്.
കോണ്‍ഗ്രസ് നേതാക്കളുടെ വില കുറഞ്ഞ ആരോപണത്തിന് മറുപടി പറയുന്നില്ല. ലീഗ് ആരുടെയും ചിലവിലല്ല കഴിയുന്നതെന്നും യു.ഡി.എഫ് വിജയങ്ങള്‍ക്ക് പിന്നില്‍ മുസ്ലിം ലീഗിന്റെ ശക്തമായ പ്രവര്ത്തനമുണ്ടന്നും നേതാക്കള്‍ പറഞ്ഞു. വാർത്ത സമ്മേളനത്തില്‍ ജില്ല പ്രസിഡന്റ് കെ.എം.എ. ഷുക്കൂര്‍, ജന. സെക്രട്ടറി കെ.എസ്. സിയാദ്, ട്രഷറര്‍ ടി.കെ. നവാസ്, സെക്രട്ടറിമാരായ പി.എന്‍. സീതി, കെ.എം. സലിം, മുസ്ലിം ലീഗ് മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.എ. കരീം എന്നിവര്‍ പങ്കെടുത്തു.
വിട്ടുനിന്നാൽ ജയം; മറിക്കാൻ നിർദേശിച്ചത് ലീഗ് നേതാവ്
തൊടുപുഴ: ഒരു മുന്നണിയായിട്ടും രണ്ടായി മൽസരിച്ചതിന് പുറമെ അവസാന റൗണ്ടിൽ കോൺഗ്രസ് ജയിക്കുന്നത് തടയാനും ലീഗ് ഇറങ്ങി. ഒരു വോട്ടു കൂടി കിട്ടിയാൽ വിജയിക്കാവുന്ന സ്ഥിതിയിലേക്ക് കോൺഗ്രസ് സ്ഥാനാർഥിയുടെ വോട്ട് വിഹിതം എത്തിയ ഘട്ടത്തിലായിരുന്നു ഇത്. കോൺഗ്രസ് സ്ഥാനാർഥിയും മറ്റും ലീഗ് കൗൺസിലർമാരോട് ഒപ്പം നിൽക്കണമെന്ന് സഭാഹാളിൽ കെഞ്ചുന്ന സാഹചര്യം പോലുമുണ്ടായി. ഇതേ തുടർന്ന് വോട്ടുചെയ്യാൻ വനിത കൗൺസിലർമാരടക്കം അനുഭാവം കാട്ടിനിൽക്കെ പാർട്ടി ജില്ല നേതൃത്വത്തിലെ ചിലർ ഒരു സാഹചര്യത്തിലും വോട്ട് കോൺഗ്രസിന് നൽകരുതെന്ന് കർശന നിർദേശവുമായി രംഗത്തെത്തി.
വിട്ടുനിന്ന് സഹായിക്കണമെന്ന അഭ്യർഥനയും തള്ളിയാണ് ലീഗ് സി.പി.എം സ്ഥാനാർഥിക്ക് വോട്ട് നൽകിയത്. അതിനിടെ നഗരസഭക്ക് മുന്നിൽ മുസ്ലീം ലീഗ് – കോൺഗ്രസ് സംഘർഷവുമുണ്ടായി. മുന്നണി സമവായങ്ങൾ ലംഘിച്ചെന്ന് ആരോപിച്ചാണ് ഇരുവിഭാഗവും തമ്മിൽ വാക്കേറ്റം ഉണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.