നഗരസഭ കൈക്കൂലി കേസ്: രാജി ഇല്ല, അവധി
text_fieldsതൊടുപുഴ: സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോജിന്റെ രാജിക്കാര്യത്തിൽ അവ്യക്തത തുടരുന്നു.
സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭ ചെയര്മാന് സനീഷ് ജോര്‍ജിനോട് രാജിവെക്കാന്‍ സി.പി.എം കഴിഞ്ഞ ദിവസം നിര്‍ദേശം നൽകിയിരുന്നു. തിങ്കളാഴ്ച ചേര്‍ന്ന സി.പി.എം മുനിസിപ്പല്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ സനീഷ് ജോര്‍ജ് രാജി സന്നദ്ധത അറിയിച്ചതായും പാർട്ടി നേതൃത്വവും ചൂണ്ടിക്കാട്ടിയിരുന്നു.
ചൊവ്വാഴ്ച രാവിലെ നഗരസഭ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുമെന്നായിരുന്നു വിവരങ്ങളെങ്കിലും ചെയർമാൻ ജൂലൈ 13വരെ അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്. താൽക്കാലിക ചുമതല വൈസ് ചെയർപേഴ്സണ്‍ കൈമാറി നഗരസഭ ചെയർമാൻ സെക്രട്ടറിക്ക് കത്തും നൽകിയിട്ടുണ്ട്. കൈക്കൂലിക്കേസില്‍ തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും ചെയർമാൻ ഹാജരായിട്ടില്ല.
ശാരീരിക അവശതകളുള്ളതിനാൽ ഹാജരാകില്ലെന്നും ഒരാഴ്ച സമയം അനുവദിക്കണമെന്നും അഭിഭാഷകൻ മുഖേന അറിയിച്ചിട്ടുണ്ട്. ഇതിനിടെ കൈക്കൂലിക്കേസില്‍ പിടിയിലായ തൊടുപുഴ നഗരസഭ അസി.എന്‍ജിനീയര്‍ സി.ടി. അജി, ഇടനിലക്കാരന് റോഷന് സര്‍ഗം എന്നിവരുടെ ജാമ്യാപേക്ഷ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.
നഗരസഭയിലെ കുമ്മംകല്ല് ബി.ടി.എം എല്‍.പി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനായി ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് നഗരസഭ അസി.എന്‍ജിനീയര്‍ സി.ടി. അജി, ഇടനിലക്കാരന് റോഷന് സര്‍ഗം എന്നിവരെ ഇടുക്കി വിജിലന്‍സ് യൂനിറ്റ് ഡിവൈ.എസ്.പി ഷാജു ജോസിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത്.
സംഭവത്തില്‍ അസി.എന്‍ജീനീയര്‍ക്ക് കൈക്കൂലി നല്കാന് പ്രേരിപ്പിച്ചതിന്റെ പേരിലാണ് ചെയര്‍മാനെ രണ്ടാം പ്രതിയാക്കി വിജിലന്‍സ് കേസെടുത്തത്. ഇതിന്റെ ഫോണ്‍ സന്ദേശം സഹിതം പരാതി ലഭിച്ചതോടെയാണ് വിജിലന്‍സ് ചെയര്‍മാനെ പ്രതിയാക്കിയത്. നഗരസഭ 12ാം വാര്‍ഡില്‍നിന്ന് കോണ്‍ഗ്രസ് വിമതനായാണ് സനീഷ് ജോര്‍ജ് വിജയിച്ചത്.
പിന്നീട് സനീഷ് ജോര്‍ജിനെയും ഒമ്പതാം വാര്‍ഡില്‍നിന്ന് മുസ്ലിംലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എൽ.ഡി.എഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു. ചെയർമാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധവുമായി യു.ഡി.എഫും ബി.ജെ.പിയും രംഗത്തുണ്ട്.
കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കണം -പി.സി. ജോർജ്
തൊടുപുഴ: കൈക്കൂലിക്കേസില്‍ അകപ്പെട്ട നഗരസഭ ചെയര്മാന് കൗണ്‍സിലര്‍ സ്ഥാനവും രാജിവെക്കണമെന്ന് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. നഗരസഭ ഓഫിസിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കൈക്കൂലിക്കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പല്‍ ചെയര്മാന് സനീഷ് ജോര്‍ജ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭ ഓഫിസിലേക്ക് ബി.ജെ.പി തൊടുപുഴ മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി.
മണ്ഡലം കമ്മിറ്റി പ്രസിഡന്റ് ശ്രീകാന്ത് കാഞ്ഞിരമറ്റം അധ്യക്ഷത വഹിച്ചു. മധ്യമേഖല പ്രസിഡന്റ് എന്‍. ഹരി, ജില്ല പ്രസിഡന്റ് കെ.എസ്. അജി, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.എ. വേലുക്കുട്ടന്, പി.പി. സാനു, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ പി.ജി. രാജശേഖരന്, സി. ജിതേഷ്, ജില്ല വൈസ് പ്രസിഡന്റുമാരായ കെ. കുമാര്‍. സി.സന്തോഷ്കുമാര്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍ മണ്ഡലം സെക്രട്ടറി ഷിബു ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
നടക്കുന്നത് സി.പി.എം നാടകം -യു.ഡി.എഫ്
തൊടുപുഴ: രാജിക്ക് പകരം നഗരസഭ സെക്രട്ടറിക്ക് ലീവ് കൊടുത്ത് മുങ്ങിയതിന് പിന്നിൽ സി.പി.എമ്മിന്റെ അഴിമതിയെ സംരക്ഷിക്കുന്ന ഒരു വിഭാഗത്തിന്റെ പിന്തുണ നഗരസഭ ചെയർമാൻ ഉണ്ടെന്ന് തൊടുപുഴ യു.ഡി.എഫ് മുനിസിപ്പൽ മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഇത് സി.പി.എമ്മിന്റെ നാടകമാണെന്ന് ജനം തിരിച്ചറിയുകയും സി.പി.എമ്മിൽ ഒരു വിഭാഗം ചെയർമാനെ എതിർക്കുമ്പോൾ മറു വിഭാഗം ചെയർമാനെ സംരക്ഷിക്കുന്നു എന്നതിന്റെ തെളിവാണ് ചെയർമാൻ രാജിവയ്ക്കാതെ അവധി അപേക്ഷ നൽകിയതിന്റെ പിന്നിലെന്നും യു.ഡി.എഫ് തൊടുപുഴ മുനിസിപ്പൽ മണ്ഡലം ചെയർമാൻ എം. എ. കരീം, കൺവീനർ കെ. ജി. സജിമോൻ, സെക്രട്ടറി ഫിലിപ്പ് ചേരിയിൽ എന്നിവർ ആവശ്യപ്പെട്ടു.
കോലം കത്തിച്ച് യൂത്ത് ലീഗ് പ്രതിഷേധം
തൊടുപുഴ: മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് മണ്ഡലം കമ്മിറ്റി മാര്‍ച്ച് നടത്തി. ലീഗ് ജില്ല സെക്രട്ടറി ടി.എസ്. ഷംസുദ്ദീന് ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ അനിശ്ചിതകാല സമരവും യൂത്ത് ലീഗ് പ്രഖ്യാപിച്ചു.
നഗരസഭ ഓഫിസിന് മുന്നില്‍ മുനിസിപ്പല്‍ ചെയര്‍മാന്റെ കോലം കത്തിച്ച് പ്രതിഷേധിച്ചു. കെ.എം. നിഷാദ് അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി പി.ബി. ഷെരീഫ് സ്വാഗതം പറഞ്ഞു.
ലീഗ് ജില്ല സെക്രട്ടറി സലീം കൈപാടം, മണ്ഡലം ട്രഷറര്‍ സുബൈര്‍ ഇല്ലിക്കല്‍, പി.എന്‍. ജാഫര്‍, യൂത്ത് ലീഗ് നേതാക്കളായ പി.എം. നിസാമുദ്ദീന്‍, അന്‍ഷാദ് കുറ്റിയാനി ,അജാസ് പുത്തന്‍പുര ,സല്മാന് ഹനീഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
അഴിമതിക്കാർക്ക് കൂട്ടുനിൽക്കുന്നു -ജാഫർ ഖാൻ മുഹമ്മദ്
തൊടുപുഴ: കൈക്കൂലി കേസിൽ രണ്ടാം പ്രതിയായ തൊടുപുഴ മുനിസിപ്പൽ ചെയർമാനെ സംരക്ഷിക്കുന്ന സി.പി.എമ്മും ഇടതു മുന്നണിയും അഴിമതിക്കാർക്ക് വീണ്ടും കൂട്ടുനിൽക്കുകയാണെന്ന് മുൻ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ജാഫർ ഖാൻ മുഹമ്മദ്. സി.പി. എം ജനപ്രതിനിധികളുടെ യോഗശേഷം പുറത്തുവന്ന വാർത്ത ചെയർമാൻ ചൊവ്വാഴ്ച രാജിവെക്കുമെന്നാണ്.
രാജിക്ക് പകരം മെഡിക്കൽ ലീവ് കൊടുത്തുമുങ്ങിയ ചെയർമാനു സംരക്ഷണം നൽകുന്ന ഇടതു മുന്നണി ജനങ്ങളെ അപമാനിച്ചിരിക്കുകയാണ്.
ആർജവം ഉണ്ടെങ്കിൽ ചെയർമാനെതിരെ നടപടി സ്വീകരിക്കാൻ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനവികാരം എതിരെന്ന് മനസ്സിലാക്കണം -കോൺഗ്രസ്
തൊടുപുഴ: കൈക്കൂലി മുഖമുദ്രയാക്കിയ മുനിസിപ്പൽ ഭരണകൂടത്തെ സംരക്ഷിക്കുന്ന മാർക്സിസ്റ്റ് പാർട്ടിയും ഇടതുമുന്നണിയും ജനവികാരം എതിരാണെന്ന് മനസ്സിലാക്കണമെന്ന് കോൺഗ്രസ് മുനിസിപ്പൽ ഈസ്റ്റ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എം.എച്ച്. സജീവ് ഓർമപ്പെടുത്തി.
കൈക്കൂലി കേസിൽ രണ്ടാം പ്രതിസ്ഥാനത്തു നിൽക്കുന്ന ചെയർമാനെ സംരക്ഷിക്കുന്ന ഇടതുമുന്നണി നേതൃത്വം അഴിമതി തുടരാനുള്ള അനുമതിയാണ് ഇതിലൂടെ നൽകിയിരിക്കുന്നതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. മുനിസിപ്പൽ ചെയർമാന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് മുനിസിപ്പൽ കമ്മിറ്റികളുടെ നേതൃത്വത്തിൽ വിപുലമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് വ്യക്തമാക്കി.
ചെയര്മാന് തൽക്കാലം മാറിനിന്ന് അന്വേഷണം നേരിടണം -ഏരിയ സെക്രട്ടറി
തൊടുപുഴ: ചെയര്മാന് തൽക്കാലം മാറിനിന്ന് അന്വേഷണ നേരിടണമെന്നതാണ് നിലപാടെന്ന് സി.പി.എം. തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി മുഹമ്മദ് ഫൈസല്‍.
സ്വതന്ത്രനായി മത്സരിച്ചെത്തിയ സനീഷ് ജോര്‍ജിനെ എല്‍.ഡി.എഫ് പിന്തുണ നല്‍കിയാണ് ചെയര്‍മാനാക്കിയത്. അതുകൊണ്ടാണ് ചെയര്‍മാനോട് രാജിവെക്കാന്‍ സി.പി.എം ആവശ്യപ്പെട്ടത്.
കൂട്ടായ തീരുമാനം ചെയര്മാന് അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെയര്‍മാനുള്ള പിന്തുണ പിന്‍വലിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ജില്ല നേതൃത്വത്തോട് ആലോചിച്ച് പിന്നീട് തീരുമാനിക്കുമെന്നും മുഹമ്മദ് ഫൈസൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.