മൂന്നാർ ഒരുങ്ങി; ക്രിസ്മസ്, പുതുവത്സര പ്രതീക്ഷയിൽ ടൂറിസം മേഖല
text_fieldsതൊടുപുഴ: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങൾക്കായി തെക്കിന്റെ കശ്മീരായ മൂന്നാർ ഒരുങ്ങി. ഈമാസം 20 മുതൽ ജനുവരി മൂന്നുവരെ മിക്ക ഹോട്ടലുകളിലും മുറികൾ ബുക്ക് ചെയ്തുകഴിഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇത്തവണ ക്രിസ്മസ്-പുതുവത്സര സീസണിൽ തിരക്ക് കൂടുതലാണ്.
വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ വിവാഹ സീസണായതിനാൽ ഇത്തവണ ഹണിമൂണിനായാണ് ഏറ്റവുമധികം മുറികൾ ബുക്ക് ചെയ്തിരിക്കുന്നത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽനിന്നുള്ളവരും മലയാളികളും മുറികൾ ബുക്ക് ചെയ്തിട്ടുണ്ട്. വൻകിട ഹോട്ടലുകളിലെല്ലാം ക്രിസ്മസ്, പുതുവത്സര രാത്രികളിൽ ബുഫെ ഡിന്നറുകളും ഡി.ജെ ഉൾപ്പെടെ സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.
വാഗമൺ, പരുന്തുംപാറ, കുട്ടിക്കാനം, പാഞ്ചാലിമേട് വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ അവധി ആഘോഷത്തിനായി മാസങ്ങൾക്ക് മുമ്പുതന്നെ സഞ്ചാരികൾ മുറികൾ റിസർവ് ചെയ്തിട്ടുണ്ട്. വാഗമണ്ണിൽ തമിഴ്നാട്ടിൽനിന്നാണ് കൂടുതൽ ബുക്കിങ്. റിസോർട്ടുകൾ, ലോഡ്ജുകൾ, ഹോംസ്റ്റേകൾ എന്നിവിടങ്ങളിൽ അറ്റകുറ്റപ്പണി, പെയിന്റിങ് എന്നിവ ഏതാണ്ട് പൂർത്തിയായി.കാലാവസ്ഥയിൽ അടിക്കടി ഉണ്ടാകുന്ന മാറ്റങ്ങൾ പ്രതിസന്ധിയാകുമോ എന്ന ആശങ്ക ടൂറിസം കേന്ദ്രങ്ങളിൽ ശക്തമാണ്. ഇടവിട്ടുള്ള മഴ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ വരവിനെ തടസ്സപ്പെടുത്തുമോ എന്നാണ് സംശയം.
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങൾക്ക് തേക്കടിയിലും സഞ്ചാരികളുടെ തിരക്കേറും. ഈമാസം 18 വരെ ഹോട്ടലുകളിൽ കാര്യമായ ബുക്കിങ് ഇല്ലെങ്കിലും അതിന് ശേഷം മിക്കവാറും എല്ലാ ഹോട്ടലുകളിലും തിരക്കുണ്ട്. തേക്കടിയിലെ ബോട്ടിങ്, ട്രക്കിങ്, പ്ലാന്റേഷൻ വിസിറ്റ്, ജീപ്പ് സവാരി, കഥകളി, കളരിപ്പയറ്റ് തുടങ്ങിയ പരിപാടികൾക്കാണ് സഞ്ചാരികൾ സമയം ചെലവഴിക്കുക. കനത്ത തണുപ്പിനൊപ്പം മറയൂരിൽ മൂടൽമഞ്ഞും ശക്തമായ മഴയുമാണ് ഡിസംബർ പകുതിയിൽ സഞ്ചാരികളെ കാത്തിരിക്കുന്നത്.
ശീതകാല കാലാവസ്ഥ പൂർണമായി മറയൂരിനെ ‘വിഴുങ്ങി’ക്കഴിഞ്ഞു. രണ്ടാഴ്ച മുമ്പ് മൂടൽമഞ്ഞ് ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞയാഴ്ച പ്രദേശത്ത് തെളിഞ്ഞ കാലാവസ്ഥയായിരുന്നു. പകലുപോലും കൊടുംതണുപ്പാണ് പ്രദേശത്ത്. ക്രിസ്മസ്-പുതുവത്സര അവധി തുടങ്ങുന്നതോടെ അടുത്തയാഴ്ച മുതൽ വിനോദസഞ്ചാരികൾ എത്തിത്തുടങ്ങും. കാലാവസ്ഥ അറിഞ്ഞ് ഇപ്പോൾ തന്നെ ഇതര സംസ്ഥാനങ്ങളിലുള്ളവർ മറയൂരിലേക്കെത്തുന്നുണ്ട്.
ക്രിസ്മസ്, പുതുവത്സര സീസണിൽ ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ മൂന്നാർ, തേക്കടി, വാഗമൺ എന്നിവിടങ്ങളിലേക്ക് സഞ്ചാരികൾ കൂടുതൽ ഒഴുകിയെത്തുമെന്ന ഉറപ്പാണ് റിസോർട്ടുകളിലെയും ഹോട്ടലുകളിലെയും ബുക്കിങ്ങുകൾ സൂചിപ്പിക്കുന്നത്. കേരളത്തിന് പുറത്തുനിന്നുള്ള ആഭ്യന്തര സഞ്ചാരികളും കൂടാതെ വിദേശസഞ്ചാരികളും കൂടുതലായി എത്തുമെന്നാണ് പ്രതീക്ഷ. ഒട്ടേറെ ടൂറിസ്റ്റ് കേന്ദ്രങ്ങളുള്ള ജില്ലയിൽ ക്രിസ്മസ് സീസൺ തിരക്കേറിയതാകുമെന്ന പ്രതീക്ഷയിലാണ് ടൂറിസം മേഖലയിലെ വ്യാപാരികളും തൊഴിലാളികളും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.