മൂവാറ്റുപുഴ - തേനി സംസ്ഥാനപാത നിർമാണം ഇഴയുന്നു
text_fieldsതൊടുപുഴ: സ്വാതന്ത്ര്യ സുവര്‍ണ ജൂബിലി സ്മാരകമായി സമര്‍പ്പിച്ച മൂവാറ്റുപുഴ -തേനി സംസ്ഥാന പാത (എസ്.എച്ച് 43) അവഗണനയില്‍. ഓരോ തെരഞ്ഞെടുപ്പിലും നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രഖ്യാപനം നടത്താറുണ്ടെങ്കിലും തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മറവിയിലാകും.
മൂവാറ്റുപുഴ ചാലിക്കടവ് ഭാഗത്തുനിന്നാരംഭിക്കുന്ന പാത കല്ലൂര്‍ക്കാട്, തഴുവംകുന്ന് വഴി ഇടുക്കി ജില്ലയിലെ കുമാരമംഗലം, കോടിക്കുളം, കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വാഴത്തോപ്പ്, ഇരട്ടയാര്‍, നെടുങ്കണ്ടം പഞ്ചായത്തുകളിലൂടെയാണ് തമിഴ്നാട്ടിലെ തേനിയിലേക്കെത്തുന്നത്. ഇതില്‍ മൂവാറ്റുപുഴ ചാലിക്കടവ് പാലം മുതല്‍ പെരുമാംകണ്ടം വരെ ജര്‍മന്‍ സാമ്പത്തിക സഹായത്തോടെ റീ ബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി അടുത്ത നാളിൽ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുണ്ട്. 16 കിലോമീറ്റര്‍ ദൂരം മികച്ച നിലവാരത്തില്‍ 97.74 കോടി ചെലവഴിച്ചാണ് പൂര്‍ത്തീകരിച്ചത്.
എന്നാല്‍, പെരുമാംകണ്ടം മുതല്‍ കോടിക്കുളം വരെ ഭാഗം പലരുടെയും കൈവശത്തിലാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് കോട്ട റോഡ് ഭാഗം സര്‍വേക്കല്ല് സ്ഥാപിച്ച് തിരിച്ചിട്ടുണ്ടെങ്കിലും ഈ ഭാഗത്തെ സ്ഥലങ്ങള്‍ ഏറ്റെടുക്കാന്‍ തയാറായിരുന്നില്ല. 24 ഭൂ ഉടമകള്‍ സ്ഥലം വിട്ടുനല്‍കാന്‍ തയാറാണെന്ന് കാണിച്ച് 2008 ല്‍ സറണ്ടര്‍ ഒപ്പിട്ട് നല്‍കിയിരുന്നു. എന്നാല്‍ ഈ സ്ഥലം ഏറ്റെടുക്കാന്‍ പോലും തയാറായിട്ടില്ല. സംസ്ഥാന സര്‍വേ ഡയറക്ടര്‍ നേരത്തെയുള്ള സ്കെച്ച് പ്രകാരം സ്ഥലം അളന്നുതിരിക്കാൻ പല ഘട്ടങ്ങളിലായി നാലുതവണ തൊടുപുഴ എല്‍.എ. തഹസില്‍ദാര്‍ക്ക് കലക്ടര്‍ മുഖാന്തിരം കത്ത് നല്‍കിയിരുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ നടപടിയുണ്ടായിട്ടില്ല. സ്ഥലം അളന്ന് കല്ലിട്ട് തിരിക്കാനുള്ള ചെലവിലേക്ക് പൊതുമരാമത്ത് വിഭാഗം കരിമണ്ണൂര്‍ അസി. എന്‍ജിനീയര്‍ ഒമ്പത് ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി നല്‍കിയെങ്കിലും സെക്രട്ടേറിയറ്റില്‍നിന്ന് ഈ ഫയല്‍ അനങ്ങിയിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഇതിനിടെ മുഖ്യമന്ത്രിയുടെ നവകേരള സദസ്സിലും ഇതു സംബന്ധിച്ചു പരാതി നല്‍കിയിരുന്നു. പരാതികളും നിവേദനങ്ങളും ഏറെ നല്‍കിയിട്ടും നടപടിയുണ്ടാകാത്തത് അധികൃതരുടെ അലംഭാവം മൂലമാണെന്ന ആക്ഷേപം ശക്തമാണ്.
1997 സെപ്റ്റംബര്‍ 24നാണ് സ്വാതന്ത്ര്യലബ്ധിയുടെ സുവര്‍ണ ജൂബിലി സ്മാരകമായി മൂവാറ്റുപുഴ - തേനി സംസ്ഥാന പാത പ്രഖ്യാപിച്ചത്.
കല്ലൂര്‍ക്കാട് കണിയാംകുടി ജംഗ്ഷനില്‍ പാതയുടെ നിര്‍മാണത്തിനു തുടക്കം കുറിച്ച് ശിലാഫലകം സ്ഥാപിക്കുകയും നിര്‍മാണ ഉദ്ഘാടനം നടത്തുകയും ചെയ്തിരുന്നു. 185 കിലോമീറ്റര്‍ ദൂരമാണ് പാതക്കുള്ളത്. മലയോര പാതയെന്ന നിലയിലും ഹൈറേഞ്ചും ലോറേഞ്ചും തമ്മില്‍ കോര്‍ത്തിണക്കുന്ന പാതയെന്ന നിലയിലും ഏറെ പ്രാധാന്യമുണ്ട് ഈ പാതക്ക്. നിര്‍മാണം പൂര്‍ത്തീകരിച്ചാല്‍ ഇടുക്കി ജില്ലയുടെ ടൂറിസം വികസനത്തിന് വന്‍ കുതിപ്പേകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിനുപുറമെ കേരള - തമിഴ്നാട് ചരക്കുഗതാഗതം എളുപ്പത്തിലാകുകയും ചെയ്യും. ഇടുക്കി, എറണാകുളം ജില്ലകളുടെ ടൂറിസം വികസനത്തിനും ഗതിവേഗം പകരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.