മൂവാറ്റുപുഴ-തേനി സംസ്ഥാനപാത; പുറമ്പോക്ക് തിട്ടപ്പെടുത്താൻ വീണ്ടും സർവേ
text_fieldsതൊടുപുഴ: മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയിലെ കൈയേറ്റമുള്ള ഭാഗം സർവേ നടത്തി ഏറ്റെടുത്ത് പൊതുമരാമത്ത് വകുപ്പിനു കൈമാറാൻ തീരുമാനം. റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താനാണ് റവന്യൂ വകുപ്പ് തീരുമാനിച്ചത്. മൂവാറ്റുപുഴ-തേനി ഹൈവേ പുനർനിർമാണ സെൻട്രൽ ആക്ഷൻ കമ്മിറ്റി ചെയർമാൻ ഫാ. ജോസ് കിഴക്കേൽ, വൈസ് ചെയർമാൻ ജോൺ മാറാടികുന്നേൽ എന്നിവരുടെ നേതൃത്വത്തിൽ ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചിരുന്നെങ്കിലും നടപടികൾ ഇഴയുകയായിരുന്നു.
ഇതേ തുടർന്ന് ആക്ഷൻ കമ്മിറ്റി വീണ്ടും ഹൈകോടതിയെ സമീപിച്ചതിന് പിന്നാലെയാണ് റോഡ് പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്താൻ കലക്ടർ വി. വിഘ്നേശ്വരി തൊടുപുഴ ഭൂരേഖ തഹസിൽദാർക്ക് കർശനന നിർദേശം നൽകിയത്. നിലവിൽ രണ്ടംഗ സർവേ ടീമിനെയാണ് നിയോഗിച്ചിരിക്കുന്നത്. കൂടുതൽ ജീവനക്കാരെ ആവശ്യമായി വന്നാൽ വിട്ടുനൽകും. കുമാരമംഗലം വില്ലേജിലെ പെരുമാങ്കണ്ടം മുതൽ കോടിക്കുളം വില്ലേജിലെ കോട്ടക്കവല വരെയാണ് വീണ്ടും സർവേ നടത്തുന്നത്. ഇവിടത്തെ പുറമ്പോക്ക് ഒഴിപ്പിച്ച് സ്ഥലം ഏറ്റെടുത്ത് രേഖാമൂലം പൊതുമരാമത്ത് വകുപ്പിനു കൈമാറും. നേരത്തേ റോഡ് പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തിയിരുന്നെങ്കിലും പൂർണമായി ഏറ്റെടുക്കാതിരുന്നതിനാൽ വീണ്ടും കൈയേറുകയായിരുന്നു.
മൂവാറ്റുപുഴ-തേനി സംസ്ഥാന പാതയുടെ ഭാഗമായ മൂവാറ്റുപുഴ മുതൽ പെരുമാങ്കണ്ടം വരെയുള്ള നിർമാണം സമീപനാളിൽ പൂർത്തീകരിച്ചിരുന്നു. ജർമൻ സാമ്പത്തിക സഹായത്തോടെയാണ് ഉന്നത നിലവാരത്തിൽ റോഡ് നിർമിച്ചത്. എന്നാൽ, ശേഷിക്കുന്ന ഭാഗത്തെ നിർമാണത്തിന് തുക അനുവദിക്കുകയോ മറ്റു നടപടികൾ പൂർത്തീകരിക്കുകയോ ചെയ്തിട്ടില്ല. കരിമണ്ണൂർ പഞ്ചായത്തിലെ കോട്ട പുറമ്പോക്ക് നിവാസികളുടെ പുനരധിവാസം ഉൾപ്പെടെ കാര്യങ്ങളും എങ്ങുമെത്തിയിട്ടില്ല. എറണാകുളം, ഇടുക്കി ജില്ലകളിലെ കിഴക്കൻ മേഖലകളുടെ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിവെക്കുന്ന പാതയുടെ നിർമാണം പൂർത്തീകരിക്കാൻ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.