നവകേരള സദസ്സ്; ഇടുക്കിയിൽ 10, 11, 12 തീയതികളിൽ
text_fieldsതൊടുപുഴ: സംസ്ഥാന സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനും നവകേരള നിർമിതിക്ക് നാടിന്റെ പിന്തുണ ആർജിക്കാനും മുഖ്യമന്ത്രിയും മന്ത്രിമാരും നേതാക്കളും പങ്കെടുത്ത് മണ്ഡലാടിസ്ഥാനത്തിൽ സംഘടിപ്പിക്കുന്ന നവകേരള സദസ്സ് ജില്ലയിൽ 10,11,12 തീയതികളിൽ പര്യടനം നടത്തുമെന്ന് എൽ.ഡി.എഫ് നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നവകേരള സദസ്സിന് മുന്നോടിയായി ഭവനസന്ദർശനം വീട്ടുമുറ്റ സദസ്സുകൾ, ബൈക്ക് റാലികൾ, നവകേരള ദീപം തെളിയിക്കൽ, വിളംബര ജാഥകൾ, തിരുവാതിര, കലാവിഷ്കാരം എന്നിവ സംഘടിപ്പിച്ച് വരുകയാണെന്നും നേതാക്കൾ പറഞ്ഞു.
സർക്കാരിന്റെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, ജനങ്ങളുടെ പ്രശ്നങ്ങൾ അടുത്തറിയുക, കൂടുതൽ വേഗത്തിലുള്ള ഭരണനിർവഹണം അനുഭവമാക്കുക എന്നിവയാണ് സദസ്സിന്റെ മുഖ്യലക്ഷ്യങ്ങളെന്ന് നേതാക്കൾ വ്യക്തമാക്കി.
10ന് വൈകിട്ട് അഞ്ചിന് ജില്ലാ അതിർത്തിയായ അച്ചൻകവലയിൽ നിന്നും മുഖ്യമന്ത്രിയേയും മന്ത്രിമാരെയും ജില്ലയിലേക്ക് സ്വീകരിച്ച് ആനയിക്കും. വൈകീട്ട് 5.30ന് തൊടുപുഴ നിയോജക മണ്ഡലത്തിലെ നവകേരള സദസ്സ് ഗാന്ധി സ്ക്വയർ പഴയ ബസ്സ്റ്റാൻഡ് മൈതാനത്ത് നടക്കും.
11ന് രാവിലെ ഒമ്പതിന് ചെറുതോണി പുതിയ ബസ്സ്റ്റാൻഡിൽ പ്രത്യേകം തയ്യറാക്കിയ വേദിയിൽ പ്രഭാതയോഗം നടക്കും. രാവിലെ 10ന് ഇടുക്കി ഐഡിഎ ഗ്രൗണ്ടിൽ നവകേരള സദസ്സ് ആരംഭിക്കും. ഉച്ചയ്ക്ക് രണ്ട് മണിയോടെ മുഖ്യമന്ത്രിയും മന്ത്രിമാരും ദേവികുളം മണ്ഡലത്തിലേക്ക് തിരിക്കും.
അടിമാലി ടൗണിൽ 2. 45ന് സ്വീകരണം നൽകും. തുടർന്ന് അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിൽ പകൽ മൂന്നിന് ദേവികുളം മണ്ഡലത്തിലെ നവകേരള സദസ്സ്. വൈകീട്ട് 5ന് ഉടുമ്പൻചോല മണ്ഡലത്തിലെ നവകേരള സദസ്സ് നെടുങ്കണ്ടം സെന്റ്. സെബാസ്റ്റ്യൻസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കും.
12ന് രാവിലെ 8. 30ന് തേക്കടിയിൽ മന്ത്രിസഭ യോഗം ചേരും. രാവിലെ 11ന് പീരുമേട് മണ്ഡലത്തിലെ നവകേരള സദസ്സ് വണ്ടിപ്പെരിയാർ പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കും. തുടർന്ന് സദസ്സ് കോട്ടയം ജില്ലയിലേയ്ക്ക് പ്രവേശിക്കും. വാർത്താ സമ്മേളനത്തിൽ എൽഡിഎഫ് ജില്ലാ കൺവീനർ കെ കെ ശിവരാമൻ,സിപിഐ ജില്ലാ സെക്രട്ടറി കെ സലിംകുമാർ,സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം വി വി മത്തായി,കെ ഐ ആന്റണി(കേരള കോൺഗ്രസ് എം) തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.