ഇടമലക്കുടി ട്രൈബൽ യു.പി സ്കൂളിന് പുതിയ കെട്ടിടം
text_fieldsതൊടുപുഴ: ഇടമലക്കുടി ട്രൈബൽ യു.പി സ്കൂൾ വിദ്യാർഥികൾക്ക് ഇനി പുതിയ സ്കൂളിൽ പഠിക്കാം. കൊച്ചിന് ഷിപ്യാര്ഡിന്റെ സി.എസ്.ആര് ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഡീന്‍ കുര്യാക്കോസ് എം.പി നിർവഹിച്ചു.
കേരളത്തിലെ ഏകഗോത്രവര്‍ഗ ഗ്രാമപഞ്ചായത്തായ ഇടമലക്കുടിയിലെ എൽ.പി സ്കൂൾ ഈ അധ്യയന വർഷമാണ് അപ്പർ പ്രൈമറി സ്കൂളായി സർക്കാർ ഉയർത്തിയത്. പുതിയ സ്കൂൾ കെട്ടിടത്തിൽ ഹാളാക്കി ഉപയോഗിക്കാവുന്ന തരത്തിലുള്ള അഞ്ച് ബോർഡ് മുറികള്‍, ഡൈനിങ് ഹാള്‍, കിച്ചണ്‍, വാഷ് ഏരിയ, കുട്ടികള്‍ക്കുള്ള പ്രത്യേക വാഷ് ഏരിയ, ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ശുചിമുറികൾ എന്നിവയുണ്ട്.
കൂടാതെ ഡൈനിങ് ടേബിളുകള്‍, കസേരകള്‍, ക്ലാസ് മുറികളിൽ വൈദ്യുതീകരണം എന്നിവയെല്ലാം ഇതോടൊപ്പം സജ്ജീകരിച്ചിട്ടുണ്ട്. 4151 സ്ക്വയർ ഫിറ്റാണ് ആകെ വിസ്തീർണം. പ്രതികൂല സാഹചര്യങ്ങളും കാലാവസ്ഥയും മറികടന്ന് 66 ലക്ഷം രൂപ ചെലവിൽ ജില്ല നിർമിതി കേന്ദ്രമാണ് നിർമാണം പൂർത്തീകരിച്ചത്. നിര്‍മാണ സാമഗ്രികള്‍ സൈറ്റില്‍ എത്തിക്കുകയായിരുന്നു പ്രധാന വെല്ലുവിളി.
ഇടമലക്കുടിയിലേക്ക് സംസ്ഥാന പട്ടികവർഗ വികസനവകുപ്പ് നിർമിക്കുന്ന കോൺക്രീറ്റ് റോഡ് നിർമാണം പുരോഗമിക്കുകയാണ്. ബി.എസ്.എൻ.എൽ 4 ജി സൗകര്യം രണ്ട് മാസം മുമ്പുതന്നെ ഇടമലക്കുടിയിൽ ലഭ്യമായി തുടങ്ങിയിട്ടുണ്ട്. പരിപാടിയിൽ കലക്ടർ ഷീബ ജോര്‍ജ്, കൊച്ചിന് ഷിപ് യാര്‍ഡ് ലിമിറ്റഡ് ഇന്‍ഡിപെന്‍ഡന്റ് ഡയറക്ടര്‍ അമ്രപാലി പ്രശാന്ത് സല്‍വെ, സബ് കലക്ടർമാരായ അരുൺ എസ്. നായർ, വി.എം. ജയകൃഷ്ണൻ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.