വരയാട് ഒരു ഭീകരജീവിയാണ്; പാലപ്പെട്ടിയിൽ വീണ്ടും ആക്രമണം, വാച്ചറുടെ കാലിൽ കുത്തി
text_fieldsതൊടുപുഴ: മറയൂർ പാലപ്പെട്ടിക്കാർക്ക് ഇപ്പോൾ ആട് ഒരു ഭീകരജീവി തന്നെയാണ്. വെറും ആടല്ല വരയാടാണ് ഈ പ്രദേശത്ത് ഭീതി വിതക്കുന്നത്. വരയാടുകളെ ഒരു നോക്ക് കാണാൻ ദിവസവും ആയിരക്കണക്കിന് പേർ ഇരവികുളം ദേശീയോദ്യാനത്തിൽ എത്തുമ്പോഴാണ് മറയൂർ പാലപ്പെട്ടിയിൽ വരയാട് സ്ഥിരം പ്രശ്നക്കാരനാകുന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വരയാട് പ്രദേശവാസികളെ ആക്രമിക്കുന്നത്. പാലപ്പെട്ടി കുടിക്ക് സമീപം ചന്ദന സംരക്ഷണ ജോലിയിൽ ഏർപ്പെട്ടിരുന്ന വാച്ചർ ശശിയെയാണ് (25) ആക്രമിച്ചത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവം. വനത്തിൽ ജോലിയിൽ ഏർപ്പെട്ടിരിക്കുമ്പോൾ വരയാടിനെ കണ്ട് ഓടി മരത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ കൊമ്പുകൊണ്ട് കാലിൽ കുത്തി. രക്ഷപ്പെട്ട് വീണ്ടും ഓടുമ്പോൾ പാറയിൽ തട്ടി വീണു.
ഇതോടെ കാലിന് കൂടുതൽ പരിക്കേറ്റു. സമീപത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വാച്ചർമാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പാലപ്പെട്ടി കുടിയിലെ ആദിവാസികളും ചേർന്ന് മറയൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ച് ചികിത്സ നൽകി. കഴിഞ്ഞദിവസം ജോലിക്കിടെ വാച്ചർ കൃഷ്ണനെ വരയാട് കുത്തിപ്പരിക്കേൽപിച്ചിരുന്നു. ഇദ്ദേഹം നിലവിൽ ഉദുമൽപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രണ്ട് മാസം മുമ്പ് ആദിവാസി സ്ത്രീകളെയും ആക്രമിച്ചിരുന്നു. ‘ഒറ്റയാനായ’ വരയാടിന്റെ ആക്രമണം സംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും വനം വകുപ്പ് നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശത്തെ ആദിവാസികൾ പറയുന്നത്. വളർത്ത് ആടുകൾക്കൊപ്പം വർഷങ്ങളായി ഒത്തുചേർന്ന് നടക്കുന്ന വരയാടാണ് ആക്രമണകാരിയാകുന്നത്. പലപ്പോഴും ആദിവാസികൾ വളർത്തുന്ന ആടുകളുമായി കൊമ്പുകോർത്ത് ആടുകൾ ചത്തിട്ടുമുണ്ട്. ഈ വരയാടിനെ അടിയന്തരമായി ഇവിടെനിന്ന് നീക്കണമെന്നാണ് പാലപ്പെട്ടിക്കാരുടെ ആവശ്യം.
അതേസമയം, മറയൂർ ചന്ദന ഡിവിഷൻ ഉദ്യോഗസ്ഥരും ചിന്നാർ വന്യജീവി സങ്കേതത്തിലെ ഉദ്യോഗസ്ഥരും മറ്റു ജീവനക്കാരും വരയാടിനെ ഉൾവനത്തിൽ കയറ്റിവിടാൻ പലവട്ടം ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഈ വരയാടിനെ മറ്റൊരു സ്ഥലത്തേക്ക് മാറ്റണമെങ്കിൽ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവ് അടക്കം ഒട്ടേറെ നടപടിക്രമങ്ങൾ ആവശ്യമാണ്.
ഇന്ന് യോഗം ചേരും
മറയൂർ: സ്ഥിരമായി വരയാട് ആക്രമണം ഉണ്ടാകുന്ന പാളപ്പെട്ടിയിൽ ബുധനാഴ്ച യോഗം ചേരും. മൂന്നാർ വൈൽഡ് ലൈഫ് വാർഡൻ വിനോദ്, മറയൂർ ഡി.എഫ്.ഒ എം.ജി. വിനോദ്കുമാർ, കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി. മോഹൻദാസ് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
പ്രദേശവാസികളുമായി നേരിട്ട് കൂടിക്കാഴ്ച നടത്തിയ സ്ഥിതിഗതികൾ വിലയിരുത്തി വിഷയത്തിൽ തീരുമാനമെടുക്കുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.