അവിശ്വാസവും ഉപതെരഞ്ഞെടുപ്പും; രാഷ്ട്രീയ നാടകത്തിന്റെ അരങ്ങിൽ തൊടുപുഴ നഗരസഭ
text_fieldsതൊടുപുഴ: മുനിസിപ്പല്‍ എൻജിനീയര്‍ പിടിയിലായ കൈക്കൂലി കേസില്‍ രണ്ടാം പ്രതിയായ തൊടുപുഴ നഗരസഭ ചെയര്‍മാനെതിരായ അവിശ്വാസം 29ന്. കൂറുമാറ്റത്തിന്റെ പേരില്‍ വൈസ് ചെയര്‍പേഴ്സണ്‍ അംഗത്വം നഷ്ടമായ ഒമ്പതാം വാര്‍ഡിലെ ഉപതെരഞ്ഞെടുപ്പ് പിറ്റേന്നും നടക്കും.
35 അംഗങ്ങളിൽ 33 പേരും എതിർക്കുന്നതിനാല്‍ നഗരസഭ അധ്യക്ഷന്‍ സനീഷ് ജോര്‍ജിന്റെ സ്ഥാനനഷ്ടം ഉറപ്പാണ്. എന്നാൽ പിന്നീട് നടക്കുന്ന പുതിയ ചെയര്മാന് തെരഞ്ഞെടുപ്പിൽ സനീഷ് ജോര്‍ജിന്റെ നിലപാട് നിര്‍ണായകമാണ്. അതുകൊണ്ടുതന്നെ തുടർ രാഷ്ട്രീയ നാടകങ്ങൾക്കും അവിശ്വാസവും ഉപതെരഞ്ഞെടുപ്പും വഴി തുറക്കും.
യു.ഡി.എഫ് വിമതനായി ജയിച്ച സനീഷിന് പിന്തുണ നല്കി ചെയര്‍മാനാക്കിയ എല്‍.ഡി.എഫ് തന്നെയാണ് കൈക്കൂലിയിൽ മുഖം നഷ്ടമായതോടെ ചെയർമാനെതിരെ അവിശ്വാസം കൊണ്ടുവരുന്നത്. രാജിവെക്കുന്ന പ്രശ്നമില്ലെന്ന ഉറച്ച നിലപാട് സ്വീകരിക്കുന്നുണ്ടെങ്കിലും അവിശ്വാസ ചര്‍ച്ചക്ക് മുമ്പ് ചെയര്മാന് രാജിവെക്കുമെന്ന അഭ്യുഹം ശക്തമാണ്.
എല്‍.ഡി.എഫിന് ചെയര്‍മാനെ കൂടാതെ 13 അംഗങ്ങളാണുള്ളത്. യു.ഡി.എഫിന് 12 ഉം ബി.ജെ.പിക്ക് എട്ടും. ഒമ്പതാം വാര്‍ഡില്‍ എല്‍.ഡി.എഫ് ജയിച്ചാല്‍ അംഗബലം 14 ആയി അവര്‍ക്ക് നഗരസഭ ഭരണം ലഭിക്കും. യു.ഡി.എഫ് ജയിച്ചാല്‍ അവരുടെ അംഗസംഖ്യ 13 ആകും. പുറത്താകുന്ന ചെയര്മാന് സനീഷ് ജോര്‍ജിന്റെ പിന്തുണ ലഭിച്ചാല്‍ 14 പേരുടെ പിന്തുണയോടെ ഭരണം അവർക്ക് പിടിക്കാം. സനീഷ് ജോര്‍ജ് വിട്ടു നിന്നാല്‍ ഇരു മുന്നണിക്കും 13 വീതം സീറ്റാവും. അങ്ങനെ വന്നാല്‍ നറുക്കെടുപ്പ് വേണ്ടി വരും. ബി.ജെ.പി പതിവു പോലെ ചെയര്മാന് തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കും. എൽ.ഡി.എഫിന്റെ 13ൽ ഒരാൾ കേരള കോൺഗ്രസിൽ നിന്ന് മറുകണ്ടം ചാടി എത്തിയ മാത്യൂ ജോസഫാണ്. ഇദ്ദേഹത്തിന്റെ അംഗത്വം തുലാസിലാണ്. പ്രതികൂല വിധിക്ക് ലഭിച്ച താൽക്കാലിക സ്റ്റേയിലാണ് അദ്ദേഹം തുടരുന്നത്. ഇതിൽ അന്തിമ തീരുമാനം മാത്യുവിന് പ്രതികൂലമായാൽ എൽ.ഡി.എഫിന് ഒരു സീറ്റുകൂടി നഷ്ടമാകും. ഇതുണ്ടായാൽ സനീഷ് ജോർജിന്റെ പിന്തുണ ഇല്ലെങ്കിലും ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാൽ യു.ഡി.എഫിന് ഭരണം കിട്ടും.
2020ലെ തെരഞ്ഞെടുപ്പില്‍ ഒമ്പതാം വാര്‍ഡില്‍ (പെട്ടേനാട്) മുസ്ലിം ലീഗ് സീറ്റില്‍ വിജയിച്ച ജെസ്സി ജോണി കൂറുമാറി എല്‍.ഡി.എഫ് പിന്തുണയോടെ സനീഷ് ജോർജ് ചെയർമാനായ ഭരണസമിതിയിൽ വൈസ് ചെയര്‍പേഴ്സണായിരുന്നു. ജെസ്സി ജോണിയെ ഹൈകോടതി അയോഗ്യയാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. യു.ഡി.എഫ് ലീഗിന് നല്കിയ സീറ്റില്‍ സ്വതന്ത്രനായി ജോര്‍ജ്ജ് ജോണ്‍ കൊച്ചുപറമ്പില്‍, എൽ.ഡി.എഫ് സ്വതന്ത്രനായി ബാബു ജോര്‍ജ്ജ്, എന്‍.ഡി.എ സ്ഥാനാര്‍ഥിയായി രാജേഷ് പൂവാശേരില്‍, ആം ആദ്മി പാര്‍ട്ടിയുടെ റൂബി വര്‍ഗീസ് എന്നിവരാണ് മല്‍സരിക്കുന്നത്.
കൂറുമാറ്റ രാഷ്ട്രീയം, നഗരസഭയിലെ അഴിമതി വിവാദങ്ങള്‍, വികസന മുരടിപ്പ്, തകർന്ന റോഡുകള്‍ തുടങ്ങിയ വിഷയങ്ങളാണ് പ്രചാരണ രംഗത്ത് മുന്നണികള്‍ ആയുധമാക്കുന്നത്.
യുവജനങ്ങളിലെയും മധ്യവര്‍ഗ വിഭാഗത്തിന്റെയും അരാഷ്ട്രീയത മുതലാക്കി കടന്നു കൂടാനാണ് ആം ആദ്മിയുടെ ശ്രമം. കരിങ്കുന്നം പഞ്ചായത്ത് ഏഴാം വാര്‍ഡ് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് വാര്‍ഡ് പിടിച്ചെടുത്തതാണ് ആപ്പിന്റെ ആത്മവിശ്വാസം. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വണ്ണപ്പുറം ഡിവിഷനിലെ ഉപതെരഞ്ഞെടുപ്പില്‍ 800ഓളം വോട്ട് നേടി ആപ്പ് ഇരുമുന്നണികളെയും ഞെട്ടിച്ചിരുന്നു.
പെട്ടേനാട് വാര്‍ഡ് രൂപം കൊണ്ട 2010ലെ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനായിരുന്നു വിജയം. അന്ന് വിജയിച്ച ബാബു ജോര്‍ജാണ് ഇത്തവണയും എൽ.ഡി.എഫിനായി കളത്തിലുള്ളത്. മറ്റു മൂന്ന് സ്ഥാനാര്‍ഥികളും പുതുമുഖങ്ങളാണ്. 2015 ല്‍ ജെസ്സി ജോണിയിലൂടെ വാര്‍ഡ് യു.ഡി.എഫ് പിടിച്ചു. 91 വോട്ടായിരുന്നു ഭൂരിപക്ഷം. 2020ല്‍ ജെസ്സി ജോണിയുടെ ഭൂരിപക്ഷം 392 ആയി ഉയര്‍ന്നു. 158 വോട്ട് മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്. ബി ജെ പി-210 വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.