ഡോക്ടർമാരില്ല; ഇടമലക്കുടിക്കാർക്ക് ദുരിതം
text_fieldsതൊടുപുഴ: ഡോക്ടർമാരുടെ അഭാവംമൂലം ഇടമലക്കുടി പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ ചികിത്സ കിട്ടാതെ ഇടമലക്കുടി നിവാസികൾ. കേന്ദ്രത്തിലെ മൂന്ന് ഡോക്ടർമാരിൽ രണ്ടുപേർ സ്ഥലംമാറിപ്പോയതും ഒരാൾ അവധിയിൽ പ്രവേശിച്ചതുമാണ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായത്.
26 കുടികളിലായി 2500 പേരാണ് ഇടമലക്കുടിയിലുള്ളത്. സംസ്ഥാനത്തെ ആദ്യ ഗോത്രവർഗ പഞ്ചായത്തായ ഇടമലക്കുടിക്കാരുടെ വളരെ നാളത്തെ ആവശ്യത്തിനൊടുവിലാണ് ഇവിടെ ആശുപത്രി സ്ഥാപിക്കുന്നത്. രണ്ട് വർഷം മുമ്പ് കുടിയിൽ ചികിത്സ ലഭിക്കാതെ നവജാത ശിശുക്കളടക്കം മരണപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് ആശുപത്രി പ്രവർത്തനമാരംഭിക്കുന്നത്. എന്നാൽ, വിദൂര ആദിവാസി മേഖലയായതിനാൽ ഡോക്ടർമാരടക്കം ജോലി ചെയ്യാൻ വിമുഖത കാട്ടുന്നതാണ് പ്രതിസന്ധിക്കിടയാക്കുന്നത്. വിഷയം ജില്ല വികസന സമിതി യോഗത്തിലും ഉയർന്നു വന്നിരുന്നു.
ഇവിടെ പ്രവര്‍ത്തിക്കാന്‍ സന്നദ്ധരായ ഡോക്ടര്‍മാരെ ലഭിക്കുന്നില്ലെന്നാണ് ആരോഗ്യ വകുപ്പ് അധികൃതരും യോഗത്തിൽ ചൂണ്ടിക്കാട്ടിയത്. ഇടമലക്കുടിക്കാർക്ക് ഡോക്ടർമാരുടെ സേവനം ഇല്ലാതായതോടെ കിലോമീറ്ററുകൾ സഞ്ചരിച്ച് മൂന്നാറിലോ മറ്റോ എത്തി ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.