പാർട്ടി പറഞ്ഞാലൊന്നും രാജിവെക്കില്ല’
text_fieldsതൊടുപുഴ: രാജിവെക്കാൻ സി.പി.എം പറഞ്ഞെങ്കിലും രാജിവെക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന ഉറച്ച തീരുമാനവുമായി നഗരസഭ ചെയർമാൻ സനീഷ് ജോർജ്. നഗരസഭയിലെ കൈക്കൂലി കേസിൽ വിജിലൻസ് നൽകിയ കുറ്റപത്രത്തിലെ രണ്ടാം പ്രതിയായ ചെയർമാൻ സി.പി.എം വൃത്തങ്ങളെ വെട്ടിലാക്കിയാണ് നയം പ്രഖ്യാപിച്ചിരിക്കുന്നത്.
രാജിവെക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടതായി സനീഷ് ജോർജ് തൊടുപുഴ ഗസ്റ്റ് ഹൗസിൽ മാധ്യമങ്ങൾക്കു മുന്നിൽ സമ്മതിച്ചു. എന്നാൽ, താൻ നിരപരാധിയാണെന്നും അത് തെളിയിക്കേണ്ടത് തന്റെ മാത്രം ബാധ്യതയായതിനാൽ രാജിവെക്കാൻ തയാറല്ലെന്നുമാണ് ചെയർമാൻ വിശദീകരിച്ചത്. ഇത്തരമൊരു സാഹചര്യത്തിൽ സി.പി.എമ്മിന് അങ്ങനെയൊരു തീരുമാനമേ എടുക്കാൻ കഴിയൂ. അല്ലെങ്കിൽ പാർട്ടി പ്രതിസന്ധിയിലാകും. താൻ സ്വതന്ത്ര നിലപാടിൽ ജയിച്ചുവന്ന സ്ഥാനാർഥിയാണ്.
കഴിഞ്ഞ നാലു വർഷമായി തെടുപുഴയിലെ നഗരസഭയുടെ ചെയർമാനായി പ്രവർത്തിക്കുന്നു. ഇതുവരെ യാതൊരു അഴിമതിയാരോപണത്തിനും ഇടയായിട്ടില്ല. ആരോപണം കേൾക്കുമ്പോൾ തന്നെ രാജിവെക്കുമ്പോൾ താൻ അതിൽ കുറ്റക്കാരനാണ് എന്ന തോന്നലുണ്ടാവും.
സുതാര്യമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. സത്യസന്ധത തെളിയിക്കേണ്ട ബാധ്യത തനിക്കു മാത്രമാണ്. അതുകൊണ്ട് രാജിവെക്കുന്ന പ്രശ്നമില്ലെന്നും സനീഷ് ജോർജ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽ പാർട്ടിയുടെ ജില്ല നേതൃത്വവും പ്രാദേശിക നേതൃത്വവും നിലവിലെ പ്രതിസന്ധി മറികടക്കാൻ ചെയർമാൻ രാജിവെച്ച് മാറിനിൽക്കണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, തനിക്ക് അതിനോട് യോജിപ്പില്ലെന്നും ഈ പദവിയിലിരുന്നുതന്നെ തന്റെ നിരപരാധിത്വം തെളിയിക്കാനാകുമെന്നും സനീഷ് ജോർജ് പറഞ്ഞു.
ചെയർമാനെ കേസിൽ കുടുക്കിയതാണോ എന്ന ചോദ്യത്തിന് കോടതിയുടെ മുന്നിലിരിക്കുന്ന കേസായതിനാൽ അതേക്കുറിച്ച് സംസാരിക്കാനില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കൈക്കൂലി വാങ്ങിയ അസി. എൻജിനീയറെക്കുറിച്ച് നേരത്തെയും ആരോപണങ്ങൾ ഉണ്ടായിട്ടുണ്ട്.
അദ്ദേഹത്തെ മാറ്റി മറ്റൊരാളെ നിയമിക്കണമെന്ന് താൻ നേരത്തെ ആവശ്യപ്പെട്ടെങ്കിലുംഅത് നടപ്പിലായില്ലെന്നും ഉദ്യോഗസ്ഥനെതിരെ നടപടി എടുക്കുന്നതിന് ചെയർമാന് പരിമിതികളുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യപരമായ കാരണങ്ങളാൽ 10 ദിവസത്തേക്ക് ലീവിലാണെന്നും അത് കഴിഞ്ഞ് ഔദ്യോഗിക ചുമതലകളിലേക്ക് മടങ്ങിവരുമെന്നും അതുവരെ വൈസ് ചെയർമാനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും സനീഷ് ജോർജ് പറഞ്ഞു.
മുനിസിപ്പൽ ചെയർമാന്റെ രാജി; അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ തയാറുണ്ടോ?-റോയ് കെ. പൗലോസ്
രാജിവെക്കും വരെ തുടർ സമരങ്ങൾ നടക്കുമെന്ന് നേതാക്കൾ
തൊടുപുഴ: മുനിസിപ്പൽ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്ന സി.പി.എം നിർദ്ദേശം ധിക്കരിച്ച് തൽസ്ഥാനത്ത് തുടരുന്ന സനീഷ് ജോർജിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകാൻ മാർക്സിസ്റ്റ് പാർട്ടി തയാറുണ്ടോ എന്ന് മുൻ ഡി.സി.സി. പ്രസിഡന്റ് റോയ് കെ. പൗലോസ്.
യു.ഡി.എഫിന്റെ കൗൺസിലർമാർ അവിശ്വാസ പ്രമേയത്തെ പിന്തുണക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെയർമാന്റെ രാജി ആവശ്യപ്പെട്ട് മുനിസിപ്പൽ ഓഫീസിന് മുന്നിൽ ഈസ്റ്റ് മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുനിസിപ്പൽ ചെയർമാൻ രാജിവെക്കും വരെ കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും തുടർ സമരങ്ങൾ നഗരസഭക്കകത്തും ഓഫിസിന് മുന്നിലും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. യോഗത്തിൽ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം.എച്ച്. സജീവ് അധ്യക്ഷത വഹിച്ചു.
കെ.പി.സി.സി അംഗം നിഷ സോമൻ, തോമസ് മാത്യു കക്കുഴി, എൻ.ഐ. ബെന്നി, ടി.ജെ. പീറ്റർ, ചാർളി ആന്റണി, ജോൺ നെടിയപാല, ജാഫർ ഖാൻ മുഹമ്മദ്, മനോജ് കൊക്കാട്ട്, കെ. ദീപക്, തൂഫാൻ തോമസ്, ശാഹുൽ മാങ്ങാട്ട്, എസ്. ഷാജഹാൻ, ജോർജ് ജോൺ, കെ.ജി. സജിമോൻ, കെ.എം. ഷാജഹാൻ, കെ.എ. ഷഫീക്, റഷീദ് കാപ്രാട്ടിൽ, സനു കൃഷ്ണ, നീനു പ്രശാന്ത്, നിസ സക്കീർ, റഹ്മാൻ ഷാജി, കെ.എ. അഷ്കർ, ജെയ്സൺ ജോർജ്, പി.എ. ശാഹുൽ, എൻ.ഐ. സലിം തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.