നിരീക്ഷണ കാമറകളുടെ ട്രയൽറൺ തുടങ്ങി
text_fieldsതൊടുപുഴ: മോട്ടോര്‍ വാഹന വകുപ്പിന്‍റെ കണ്ണുവെട്ടിച്ചുള്ള നിയമലംഘനങ്ങള്‍ പിടികൂടാന്‍ സ്ഥാപിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് കാമറകളുടെ ട്രയൽ റൺ തുടങ്ങി. തൊടുപുഴ നഗരത്തിൽ മാത്രം ആദ്യഘട്ടമെന്ന നിലയിൽ 13 കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയിലാകെ 38 കാമറകളാണ് ഇത്തരത്തിൽ സ്ഥാപിക്കുന്നത്. കാമറ സ്ഥാപിക്കൽ പൂർത്തിയായെന്നും ഏപ്രിൽ ആദ്യംതന്നെ ഗതാഗത നിയമലംഘനങ്ങൾ പിടികൂടിത്തുടങ്ങുമെന്നും അധികൃതർ പറഞ്ഞു. വാഹനാപകടങ്ങൾ കൂടുതലുണ്ടാകുന്ന ഹോട്സ്പോട്ടുകളിലാണ് സർവേ നടത്തി കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ നിയമലംഘനങ്ങളും കൃത്യമായി ഒപ്പിയെടുക്കുന്ന തരത്തിലുള്ള കാമറകളാണ് സ്ഥാപിച്ചിരിക്കുന്നത്. വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് രക്ഷപ്പെട്ടാലും കാമറയില്‍ നിന്നു ലഭിക്കുന്നചിത്രത്തിന്‍റെ പേരില്‍ പിഴയടക്കാനുള്ള നോട്ടീസ് വാഹനയുടമകളെ തേടി വീട്ടില്‍ വരുമെന്നാണ് ഇത്തരം പരിശോധനയുടെ പ്രത്യേകത.
പ്രധാന ജങ്ഷനുകളിലും തിരക്കേറിയ ഇടങ്ങളിലും കാമറകൾ
നഗരത്തിലെ പ്രധാന ജങ്ഷനുകളിലും വാഹനത്തിരക്കേറിയ റോഡുകളിലുമാണ് ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കാമറകള്‍ ഇപ്പോൾ സ്ഥാപിക്കുന്നത്. കെല്‍ട്രോണാണ് ഈ ആധുനിക കാമറകള്‍ നിര്‍മിച്ചിരിക്കുന്നത്. ഒരു കാമറക്ക് മാത്രം 50,000 രൂപയാണ് നിര്‍മാണച്ചെലവ്. ഇവ ഘടിപ്പിക്കാനുള്ള തൂണുകള്‍ സ്ഥാപിക്കുന്നതുള്‍പ്പെടെ ചെലവ് പുറമെ വരും. കാമറകള്‍ സ്ഥാപിക്കുന്നതിനുള്ള കേന്ദ്രങ്ങളെ സംബന്ധിച്ച് കഴിഞ്ഞവര്‍ഷം തന്നെ വിശദമായ പഠനം നടത്തിയിരുന്നു. കൂടുതല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്ന റോഡുകളിലാണ് പ്രധാനമായും കാമറകള്‍ സ്ഥാപിക്കുന്നത്.
നിയമലംഘനം നടത്തി തിരക്കേറിയ റോഡിലൂടെ പോകുന്നവരെ അധികൃതര്‍ തടഞ്ഞു നിര്‍ത്തി പിടികൂടുന്നതിനുപകരം കാമറക്കണ്ണില്‍ കുടുക്കുന്നതാണ് പദ്ധതി. പ്രത്യേക സംവിധാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്ന കാമറയില്‍ നിയമലംഘനം നടത്തി പോകുന്ന വാഹന യാത്രക്കാരന്‍റെ ഫോട്ടോ, വാഹന നമ്പര്‍, വാഹനം ഉള്‍പ്പെടെ പതിയും. കാമറകളുടെ കണ്‍ട്രോള്‍ റൂം തൊടുപുഴ വെങ്ങല്ലൂരിലുള്ള ഇടുക്കി എന്‍ഫോഴ്‌സ്‌മെന്‍റ് ഓഫിസിലാണ് സ്ഥാപിച്ചിരിക്കുന്നത്. ജില്ലയില്‍ എവിടെ നിയമ ലംഘനം നടന്നാലും ഇതിന്‍റെ ചിത്രം തൊടുപുഴയിലെ കണ്‍ട്രോള്‍ റൂമില്‍ ലഭിക്കും. നിയമലംഘനം ശ്രദ്ധയില്‍പ്പെട്ടാല്‍ വാഹന ഉടമയുടെ പേരില്‍ നോട്ടീസ് അയച്ച് മോട്ടോര്‍ വാഹന ചട്ടപ്രകാരമുള്ള നടപടി നടത്തും.
ആദ്യഘട്ടം പരിശോധിക്കുന്നത് നാല് നിയമലംഘനങ്ങൾ
സോളാര്‍ പാനല്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന കാമറകളില്‍നിന്നുള്ള ദൃശ്യങ്ങള്‍ ഇന്‍റര്‍നെറ്റ് വൈഫൈ സംവിധാനത്തിലാണ് കണ്‍ട്രോള്‍ റൂമില്‍ എത്തുക. അതിനാല്‍ ഇതിന് കേബിളിന്‍റെ ആവശ്യമില്ല. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ പദ്ധതിയുടെ ഭാഗമായി നടത്തുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് നിയമലംഘനങ്ങള്‍ പിടികൂടാന്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് കാമറകള്‍ സ്ഥാപിക്കുന്നത്. കാമറകള്‍ സ്ഥാപിക്കുന്നതോടെ അപകടങ്ങളും കുറക്കാന്‍ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ആദ്യഘട്ടം നാല് ഗതാഗത നിയമലംഘനങ്ങളാണ് കാമറ പിടികൂടുന്നത്. ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനമോടിക്കുക, സീറ്റ് ബെൽക്ക് ധരിക്കാതിരിക്കുക, ട്രിപ്പിൾ ഡ്രൈവിങ്, മൊബൈൽ ഫോൺ ഉപയോഗിച്ച് വാഹനമോടിക്കുക എന്നിയാണിവ. ഇരുചക്ര വാഹനമോടിക്കുന്നവരും പിന്നിലിരിക്കുന്നവരും നിർബന്ധമായും ഹെൽമറ്റ് ധരിച്ചിരിക്കണമെന്നും അതല്ലാത്തവർ കാമറ കണ്ണിൽ കുടുങ്ങുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. നിയമലംഘനം നടത്തുന്ന വാഹനങ്ങളുടെ ചിത്രം മാത്രമാണ് കാമറകൾ എടുക്കുക. സേഫ് കേരള പദ്ധതിയുടെ ഭാഗമായി കേരള മോട്ടോർ വാഹനവകുപ്പിന്‍റെയും കെൽട്രോണിന്‍റെയും ആഭിമുഖ്യത്തിൽ കേരളത്തിൽ 716 ഓളം കാമറകളാണ് ഘടിപ്പിച്ചിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.