ഹൊ... എന്തൊരു ചൂട്
text_fieldsതൊടുപുഴ: വേനൽ കടുക്കും മുമ്പേ കൊടുംചൂടിൽ പുകയുകയാണ് ജില്ല. പകലിൽ പുറത്തിറങ്ങാൻ പോലുമാകാത്ത സ്ഥിതിയിലാണ് ചൂട്. മുൻവർഷങ്ങളെ അപേക്ഷിച്ച് ഹൈറേഞ്ചിലടക്കം ഒന്ന് മുതൽ മൂന്ന് ഡിഗ്രിവരെ ചൂട് കൂടിയിട്ടുണ്ട്. ചിലയിടങ്ങളിൽ ഒന്നുരണ്ടു തവണ വേനൽമഴ ലഭിച്ചെങ്കിലും പിന്നീട് മഴയുണ്ടായില്ല. ഇതോടെ, ചൂട് അസഹനീയമായ നിലയിലാണ്.
കാൽനടയാത്രക്കാരും ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്നവരുമാണ് കൊടുംചൂടിൽ ഏറെ വലയുന്നത്. പകൽ സമയങ്ങളിൽ ടൗണുകളിൽ ആളിറങ്ങാൻ മടിക്കുകയാണ്. ഇത് വ്യാപാര മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ജനുവരി അവസാന വാരം ഇങ്ങനെയാണെങ്കിൽ വരും മാസങ്ങളിൽ എങ്ങനെയാകുമെന്ന ആശങ്കയിലാണ് ജില്ല.
ദിവസങ്ങളായി മഴ പോലും പെയ്യാതെ കടുത്ത ചൂട് തുടരുന്നത് കുടിവെള്ള ക്ഷാമവും അതിരൂക്ഷമാക്കി. കുളം, കിണർ, തോട് തുടങ്ങിയ ജലസ്രോതസുകൾ വറ്റിവരണ്ടു തുടങ്ങി. ഉയർന്ന പ്രദേശങ്ങളിലുള്ളവരാണ് ഏറ്റവുമധികം കുടിവെള്ള ക്ഷാമം നേരിടുന്നത്. പല കുടിവെള്ള പദ്ധതികളും നിലച്ചു. വിവിധയിടങ്ങളിലെ തോടുകളിലും ഒഴുക്കു നിലച്ചിരിക്കുകയാണ്.
ലോറേഞ്ചിന് പൊള്ളുന്നു
തൊടുപുഴ: തൊടുപുഴയടക്കമുള്ള ലോ റേഞ്ചുകാരാണ് ഉഷ്ണത്തിന്റെ കാഠിന്യമേറെ അനുഭവിക്കുന്നത്. മേഖലയിലെ കൂടിയ താപനില 36- 38 ഡിഗ്രി സെൽഷ്യസ് വരെയായി ഉയർന്നു. ഞായറാഴ്ച 36 ഡിഗ്രി ചൂടാണ് രേഖപ്പെടുത്തിയത്. ഇതു കൂടാതെ തൊടുപുഴയാറ്റിൽ ക്രമാതീതമായി ജലനിരപ്പ് കുറയുന്നത് ശുദ്ധജല വിതരണ പദ്ധതികളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.
മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉൽപാദനം കുറക്കുന്നതിനനുസരിച്ച് മലങ്കര ഡാമിലേക്കുള്ള നീരൊഴുക്കും ക്രമാതീതമായി കുറയുന്നതാണ് തൊടുപുഴയാറ്റിൽ ജല നിരപ്പ് ഇത്രയും കുറയാൻ കാരണം. കൂടാതെ മലങ്കരയിൽ ഉൽപാദനം നിർത്തിവെക്കുന്നതും ജല വിതരണം താറുമാറാക്കും.
സാധാരണ ജില്ലയിലെ മറ്റ് പ്രദേശങ്ങൾ ചുട്ടുപൊള്ളുമ്പോൾ രാത്രിസമയങ്ങളിൽ തണുത്തുറയുന്ന പ്രദേശമാണ് മൂന്നാർ. എന്നാൽ ഈ വർഷം മൂന്നാറിലും കാര്യമായ തണുപ്പില്ല. ചില ദിവസങ്ങളിൽ രാത്രി അഞ്ച് ഡിഗ്രി വരെ തണുപ്പുണ്ട്. പകൽ നല്ല ചൂടും. മുൻവർഷങ്ങളിൽ ഈ സമയം പല ഭാഗത്തും മൈനസ് ഡിഗ്രി സെൽഷ്യസ് വരെ താപനില താഴ്ന്നിട്ടുണ്ട്.
കരിഞ്ഞ് വിളകൾ
കൊടുംവേനൽ കർഷകർക്ക് വലിയ ദുരിതമാണ് തീർക്കുന്നത്. പലതവണ നനച്ചിട്ടും വിളകൾ ഭൂരിഭാഗവും ഉണങ്ങിപ്പോയതായി കർഷകർ പറയുന്നു. കനത്ത ചൂടിൽ പാൽ കുറഞ്ഞത് ക്ഷീരമേഖലയെയും കാര്യമായി ബാധിച്ചു. തീറ്റപ്പുല്ല് ഉണങ്ങിക്കരിഞ്ഞു പോവുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
വേനല്‍ നീണ്ടു നില്ക്കാനിടയായാല് വിളകള്‍ കരിഞ്ഞുണങ്ങാനും സാധ്യതയേറി. കാര്‍ഷിക മേഖലയില്‍ ചൂടിന്റെ ആധിക്യം കൂടിയാല്‍ തൊഴിലാളികളെ കിട്ടാനില്ലാത്ത പ്രതിസന്ധി ഉടലെടുക്കും. ഏലത്തോട്ടങ്ങളില്‍ ഉള്‍പ്പെടെ വിളകളെ ചൂട് ബാധിച്ചുതുടങ്ങി.
കൂടാതെ വേനല്‍ മൂലം ജലസ്രോതസ്സുകളും നീരൊഴുക്കും വറ്റാന്‍ തുടങ്ങിയതും പല കാര്‍ഷിക വിളകള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കും. ഏലം മേഖലയിലാണ് സാധാരണ ചൂട് പ്രതികൂലമായി ബാധിക്കുന്നത്. മതിയായ തോതില്‍ ജലസേചനം ലഭിച്ചില്ലെങ്കില്‍ ഏലച്ചെടികള്‍ ഉണങ്ങിക്കരിയുകയും കര്‍ഷകര്‍ക്ക് വന്‍ നഷ്ടം സംഭവിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.