ഓണക്കാല പരിശോധന; ഇടുക്കി ജില്ലയില്‍ 41 വ്യാപാര സ്ഥാപനങ്ങൾക്കെതിരെ നടപടി
text_fieldsതൊടുപുഴ: ഓണക്കാലത്തോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലയിൽ പരിശോധന തുടരുന്നു. ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ വകുപ്പ്, എക്സൈസ്, ക്ഷീര വികസന വകുപ്പ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന.
ലീഗല്‍ മെട്രോളജി വകുപ്പ് ഓണക്കാലത്തോട് അനുബന്ധിച്ച് ജില്ലയില്‍ നടത്തിയ പരിശോധനയില്‍ 41 വ്യാപാര സ്ഥാപനത്തിനെതിരെ നിയമനടപടി സ്വീകരിച്ചു. ലീഗല്‍ മെട്രോളജി കണ്ട്രോളര് വി.കെ. അബ്ദുള്‍ ഖാദറിന്റെ നിര്‍ദേശ പ്രകാരം 146 സ്ഥാപനത്തിലാണ് പരിശോധന നടത്തിയത്. നിയമലംഘനം കണ്ടെത്തിയ സ്ഥാപനങ്ങളില്‍നിന്ന് 1,53,000 രൂപ ഫീസ് ഈടാക്കി. ജില്ലയിലെ എല്ലാ താലൂക്കിലും പ്രത്യേക സ്ക്വാഡുകള്‍ നടത്തിയ പരിശോധനയില്‍ യഥാസമയം മുദ്ര പതിപ്പിക്കാതിരിക്കുക, കൃത്യത ഉറപ്പുവരുത്താതെയുള്ള ത്രാസുകള്‍ ഉപയോഗിച്ച് വില്പന നടത്തുക, രേഖകള്‍ കൃത്യമായി സൂക്ഷിക്കാതിരിക്കുക, പാക്കിങ് രജിസ്ട്രേഷന് എടുക്കാതെ ഉൽപന്നങ്ങള് പാക്ക് ചെയ്ത് വിൽപന നടത്തുക, നിര്‍ദിഷ്ട പ്രഖ്യാപനങ്ങള്‍ രേഖപ്പെടുത്താതെ വില്പന നടത്തുക, അളവില്‍ കുറവ് വരുത്തി വില്പന നടത്തുക എന്നീ നിയമലംഘനങ്ങളിലാണ് നടപടി സ്വീകരിച്ചത്.
ലീഗൽ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് (ജനറല്‍) പി.എക്സ്. മേരി ഫാന്‍സി, ലീഗല്‍ മെട്രോളജി ഡെപ്യൂട്ടി കണ്ട്രോളര് (ഫ്ലയിങ് സ്ക്വാഡ്) കെ.കെ. ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട് സ്ക്വാഡായാണ് പരിശോധന നടത്തിയത്. പ്രത്യേക സ്ക്വാഡ് ഓണക്കാലത്തുടനീളം ജില്ലയില്‍ പരിശോധന തുടരും. പരാതി അറിയിക്കാൻ ഹെല്പ് ഡെസ്ക്കും ആരംഭിച്ചു. ഹെല്പ് ഡെസ്ക് തൊടുപുഴ: 04862 222638, എ.സി തൊടുപുഴ: 8281698053, ഇന്‍സ്പെക്ടര്‍ എഫ്.എസ്: 9188525713, ഇന്‍സ്പെക്ടര്‍ ഇടുക്കി: 9400064084.
ഗുണനിലവാരമില്ലാത്ത ഉൽപന്നങ്ങള് വിപണിയിലെത്തുന്നതിനു തടയിടാന്‍ ഭക്ഷ്യസുരക്ഷ വകുപ്പ് നടത്തുന്ന പരിശോധനകള്‍ രണ്ട് ദിവസമായി തുടരുകയാണ്. പാല്, ഭക്ഷ്യ എണ്ണ, ഉപ്പേരി ഉള്‍പ്പെടെയുള്ള പാക്കറ്റ് ഉൽപന്നങ്ങളാണ് കൂടുതലായി പരിശോധിക്കുന്നത്. ഓണക്കാലത്ത് തമിഴ്നാട്ടില്‍നിന്നും വന്‍തോതിലാണ് പാല് സംസ്ഥാനത്തേക്ക് എത്തുന്നത്. ഉത്സവകാലം ലക്ഷ്യമിട്ടെത്തുന്ന ഇതില്‍ വലിയ തോതില്‍ മായം കലരാനുള്ള സാധ്യതയുള്ളതിനാലാണ് പരിശോധന കര്‍ശനമാക്കുന്നത്.
അതിര്‍ത്തി ചെക്ക് പോസ്റ്റുകളില്‍ വ്യാഴാഴ്ച മുതൽ പ്രത്യേക പരിശോധന ആരംഭിച്ചതായി ഭക്ഷ്യസുരക്ഷ വകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടി പ്രത്യേക പരിശോധന നടത്തും. ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും ചേർന്ന് അതിര്‍ത്തി മേഖലകളില്‍ പാല് പരിശോധന നടത്തും. ചെക്ക് പോസ്റ്റില്‍ താൽക്കാലിക ലാബ് സ്ഥാപിച്ചാണ് 24 മണിക്കൂറും പരിശോധന നടത്തുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.