ഓൺലൈൻ തട്ടിപ്പ്; തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി
text_fieldsതൊടുപുഴ: ജില്ലയിൽ ഓൺലൈൻ തട്ടിപ്പ് കേസുകൾ ക്രമാതീതമായി വർധിക്കുന്നുവെന്ന് ജില്ല പൊലീസ് മേധാവി ടി.കെ വിഷ്ണുപ്രദീപ്. കഴിഞ്ഞദിവസം തൊടുപുഴ സ്വദേശിക്ക് നഷ്ടപ്പെട്ടത് ഒന്നേകാൽ കോടി രൂപയാണ്. ഇരയായ വ്യക്തിയെ പ്രതികൾ ഫോണിൽ ബന്ധപ്പെട്ട് ഓൺലൈൻ ട്രേഡിങ് മുഖേന കൂടുതൽ ലാഭം വാഗ്ദാനം ചെയ്യുകയും ഓഹരി ബിസിനസുമായി ബന്ധപ്പെട്ട മൊബൈൽ ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യുന്നതിന് ആവശ്യപ്പെടുകയും ചെയ്തു. ഇടപാടുകളിൽ ചെറിയ ലാഭം നൽകി വിശ്വാസം നേടിയ ശേഷം വലിയ തുക നിക്ഷേപിക്കുന്നതിന് പ്രതികൾ പ്രേരിപ്പിച്ചു. തുടർന്നാണ് 1.23 കോടി രൂപ തൊടുപുഴ സ്വദേശിയായ യുവാവിന് നഷ്ടപ്പെട്ടത്.
സെബിയുടെയും റിസർവ് ബാങ്കിന്റെയും പേരിലാണ് ഇത്തരം തട്ടിപ്പുകൾ കൂടുതലായും നടക്കുന്നത്. ഓൺലൈനായി സാമ്പത്തിക ഇടപാടുകൾ നടത്തുന്ന അവസരത്തിൽ കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ ഉണ്ടാകേണ്ടതുണ്ട്. കൺസൾട്ടൻസികളെ കണ്ണുംപൂട്ടി വിശ്വസിക്കരുത് -പൊലിസ് മേധാവി പറഞ്ഞു. വാട്സ്ആപ്പിലും ഇമെയിലിലും മറ്റും ലഭിക്കുന്ന പ്രലോഭനകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്നതോടെ അപകടകരമായ ആപ്പുകളാണ് ഫോണിൽ ഇൻസ്റ്റാൾ ആവുക. അതിലൂടെ ലഭിക്കുന്ന ഒ.ടി.പി അടക്കം വിവരങ്ങൾ ചോർത്തപ്പെടും. ഇതിനെതിരെ പൊതുജനം ജാഗ്രത പുലർത്തണം. ഓൺലൈൻ സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം (ഗോൾഡൻ അവർ) വിവരം 1930ൽ അറിയിക്കുക. എത്രയും വേഗം റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാം.
ആഗസ്റ്റ് 14 വരെ രജിസ്റ്റർ ചെയ്യപ്പെട്ട കേസുകൾ പ്രകാരം 7,50,50,779 രൂപയുടെ ഓൺലൈൻ തട്ടിപ്പാണ് ഈ വർഷം ഇടുക്കി ജില്ലയിൽ നടന്നിട്ടുള്ളത്. 63 ഓൺലൈൻ തട്ടിപ്പുകളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യപ്പെട്ടുകഴിഞ്ഞു. കഴിഞ്ഞ വർഷം ആകെ 52 കേസുകളായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.