ഓപറേഷൻ സൈലൻസ്: 421 കേസ്, 10,74,750 പിഴ ചുമത്തി
text_fieldsതൊടുപുഴ: കാതടപ്പിക്കുന്ന ശബ്ദത്തോടെ വാഹനങ്ങളില്‍ ചീറിപ്പായുന്നവരെ കണ്ടെത്താൻ മോട്ടോർ വാഹന വകുപ്പ് രംഗത്തിറങ്ങിയപ്പോൾ പിടികൂടിയത് 421 കേസുകൾ. ഇവരിൽനിന്ന് 10,74,750 പിഴ ചുമത്തി. മോട്ടോർ വാഹന വകുപ്പും എൻഫോഴ്സ്മെന്റ് വിഭാഗവും അഞ്ചുദിവസത്തിനിടെ നടത്തിയ പരിശോധനയിലാണ് ഇത്രയധികം കേസുകൾ പിടികൂടിയത്.
വാഹനങ്ങളിലെ സൈലന്‍സറില്‍ മാറ്റം വരുത്തി അമിത ശബ്ദമുണ്ടാക്കുന്ന വാഹനങ്ങള്‍ പിടികൂടാന്‍ ഓപറേഷന് സൈലന്‍സ് എന്ന പേരിൽ ഫെബ്രുവരി 14 മുതൽ 18 വരെ പ്രത്യേക പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പും എൻഫോഴ്സ്മെന്റും രംഗത്തുണ്ടായിരുന്നു. ട്രാന്‍സ്പോര്‍ട്ട് കമീഷണറുടെ നിർദേശത്തെ തുടർന്നായിരുന്നു പരിശോധന.
ബുള്ളറ്റുകളിലും മറ്റും സൈലന്‍സറില്‍ ഭേദഗതിവരുത്തി ജനങ്ങള്‍ക്ക് അരോചകമാകുന്ന വിധത്തില്‍ അമിത ശബ്ദത്തില്‍ യുവാക്കള്‍ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കെതിരെ പരാതി ശക്തമായ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടിയുമായി രംഗത്തിറങ്ങിയത്. ഇടുക്കി ആർ.ടി.ഒയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 351 കേസുകളിൽനിന്ന് 8,27,750 രൂപ പിഴ ചുമത്തിയപ്പോൾ എൻഫോഴ്സ് മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 70 കേസുകളിൽനിന്ന് 2,47,000 രൂപ പിഴ ഇട്ടു. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നേതൃത്വത്തില്‍ വിവിധ മേഖലകളിലായി ആറുസംഘങ്ങളാണ് പരിശോധന നടത്തിയത്.
എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിനുപുറമെ ആര്.ടി ഓഫിസ്, സബ് ആര്.ടി ഓഫിസ് എന്നിവിടങ്ങളിലെ എം.വി.ഐമായും എ.എം.വി.ഐമാരും പരിശോധനയില്‍ പങ്കെടുത്തു. ഇരുചക്ര വാഹനങ്ങള്‍ക്ക് പുറമെ ഫാന്‍സി മോഡലിലുള്ള കാറുകളിലും പരിശോധന ഉണ്ടായിരുന്നു. ഇടുക്കി ആർ.ടി.ഒ ഓഫിസ്, തൊടുപുഴ, ഉടുമ്പൻചോല, വണ്ടിപ്പെരിയാർ എന്നീ നാല് സബ് ആർ.ടി.ഒ ഓഫിസുകളുടെയും നേതൃത്വത്തിലുമായിരുന്നു പരിശോധന.
ഹെഡ്ലൈറ്റിന് വെളിച്ചം കൂട്ടുക, ഹാന്‍ഡില്‍ ബാര്‍ മാറ്റുക, അനധികൃത രൂപമാറ്റം വരുത്തല്‍ എന്നിവക്കെതിരെയും നടപടിയെടുത്തു. വാഹനങ്ങള്‍ക്ക് പിഴ ചുമത്തുകയും സ്വന്തം ചെലവില്‍ പഴയ പടിയാക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. നിര്‍ദേശം പാലിച്ചില്ലെങ്കില്‍ രജിസ്ട്രേഷന് റദ്ദാക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു.
കട്ടപ്പനയിൽ ആഡംബര ബൈക്കുകളുടെ മത്സര ഓട്ടം
കട്ടപ്പന: നഗരത്തിൽ നമ്പർപ്ലേറ്റ് ഇല്ലാതെ ആഡംബര ബൈക്കുകളുടെ മത്സര ഓട്ടം. സ്കൂൾ വിടുന്ന സമയം ബൈക്കിൽ വിലസുന്നവർ യാത്രക്കാരെ ഇടിച്ചിട്ട് കടന്നുകളയുന്നത് തുടർക്കഥയാകുന്നു. കട്ടപ്പന നഗരത്തിന്റെ പൊതുനിരത്ത് ബൈക്ക് അഭ്യാസികൾ കൈയടക്കുമ്പോൾ ജീവൻ ഭീതിയിലാണ് യാത്രക്കാർ. വീതി കുറഞ്ഞതും തിരക്കേറിയതുമായ റോഡുകളിലൂടെ മിന്നൽ വേഗത്തിലാണ് യുവാക്കൾ ബൈക്കുകളിൽ പായുന്നത്. പല ബൈക്കുകൾക്കും നമ്പർ പ്ലേറ്റും ഹെഡ് ലൈറ്റുകളും ഉണ്ടാകാറില്ല. ദിവസങ്ങൾക്ക് മുമ്പാണ് കെ.എസ്.ഇ.ബി ജങ്ഷനിൽ കട്ടപ്പന സ്വദേശി ജോർജ് അപകടത്തിൽപ്പെട്ടത്.
ഇരട്ടയാർ റോഡിൽനിന്ന് അമിത വേഗത്തിലെത്തിയ ബൈക്ക് ജോർജിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിച്ച ബൈക്ക് നിർത്താതെ ഓടിച്ചുപോയി. നടുവിനും, കാലിനും കാര്യമായ പരിക്കുപറ്റിയ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. വേഗത ചോദ്യംചെയ്തപ്പോൾ ബൈക്കോടിച്ച യുവാവ് കൈയേറ്റത്തിനും മുതിർന്നു.
വൈകീട്ട് സ്കൂൾ വിട്ടാൽ പിന്നെ നിരത്തിൽ ബൈക്കിൽ യുവാക്കളുടെ അഭ്യാസം അതിരുവിടും. വലിയ ശബ്ദത്തിൽ ഉയർന്ന പവറും, ടോർക്കുമുള്ള ബൈക്കുകളുമായിട്ടാണ് യുവാക്കൾ നിരത്തിലിറങ്ങുന്നത്. കട്ടപ്പന സെൻട്രൽ ജങ്ഷൻ മുതൽ പള്ളിക്കവല വരെയുള്ള റൂട്ടിലാണ് ഇവരുടെ മരണപ്പാച്ചിൽ. വിദ്യാർഥിനികളെ ആകർഷിക്കാനായി സൈലൻസർ അഴിച്ചുമാറ്റി പായുന്ന വിരുതന്മാരും ഈ കൂട്ടത്തിലുണ്ട്. പരിശോധിച്ചാൽ പലർക്കും ലൈസൻസും ഉണ്ടാകില്ല. രണ്ടുപേർ സഞ്ചരിക്കേണ്ട ബൈക്കിൽ മൂന്ന് പേർ കയറി യാത്ര ചെയ്യുന്നതും പതിവ് കാഴ്ചയാണ്.
ഗതാഗത നിയമങ്ങൾ തെറ്റിക്കുന്നവരുടെ ദൃശ്യങ്ങൾ പരിശോധിക്കാൻ കട്ടപ്പന ടൗണിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകൾ തകരാറിലയിട്ട് വർഷങ്ങൾ കഴിഞ്ഞു. ഇരുചക്ര വാഹനങ്ങൾ ചീറിപ്പായുന്ന പള്ളിക്കവലയിൽ രണ്ട് നിരീക്ഷണ കാമറകൾ ഉണ്ടെങ്കിലും ഇവ പ്രവർത്തിക്കുന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.