അമിത ഭാരം കയറ്റി വാഹനങ്ങൾ; അപകടം പതിവാകുന്നു
text_fieldsതൊടുപുഴ: തൊടുപുഴ-വെള്ളിയാമറ്റം റൂട്ടിൽ അമിത ഭാരം കയറ്റിപ്പോകുന്ന വാഹനങ്ങൾ അപകടം സൃഷ്ടിക്കുന്നു. ഞായറാഴ്ച വൈകീട്ട് ഇടവെട്ടി ഭാഗത്ത് തടിലോറി പോസ്റ്റിലിടിച്ചതാണ് ഒടുവിലത്തെ സംഭവം. ഇതേതുടർന്ന് ഞായറാഴ്ച വൈകീട്ട് മുടങ്ങിയ വൈദ്യുതി തിങ്കളാഴ്ച വൈകീട്ടോടെയാണ് പുനഃസ്ഥാപിക്കാനായത്.
ഇത് പ്രദേശത്തെ വ്യാപാരികൾക്ക് വലിയ നഷ്ടത്തിനിടയാക്കി. സ്കൂൾ തുറന്ന ആദ്യദിവസം കുട്ടികളെ സ്കൂളിലയക്കേണ്ട മാതാപിതാക്കളും പ്രതിസന്ധിയിലായി. പലർക്കും സമയത്തിന് സ്കൂളിലെത്താൻ കഴിഞ്ഞില്ലെന്ന് പരാതിയുണ്ട്. ബേക്കറിയടക്കമുള്ള സ്ഥാപനങ്ങളിലെ പാൽ, ഐസ്ക്രീം തുടങ്ങി ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന പലതും ഇതേതുടർന്ന് നശിച്ചു. വൈദ്യുതി പുനഃസ്ഥാപിക്കാൻ കെ.എസ്.ഇ.ബി അധികൃതർ വൈകിയതായും ആക്ഷേപമുയർന്നിട്ടുണ്ട്.
അമിത ഭാരവും വഹിച്ചുള്ള വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെയാണ് ഇതുവഴി പായുന്നത്. ഇതിന് മുമ്പും സമാനമായ അപകടങ്ങൾ സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ലോറി തട്ടി കേബിൾ വാഹനത്തിലുടക്കി വീട്ടമ്മക്ക് പരിക്കേറ്റിരുന്നു. രാത്രി വാഹനങ്ങൾ കടന്ന് പോകുന്നത് അധികൃതരും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല.
തിരക്കേറിയ റോഡാണെങ്കിൽപോലും യാതൊരു കരുതലും കൂടാതെയാണ് തടി ലോറികളും ടിപ്പറുകളുമടക്കം പരക്കം പായുന്നത്. ലോഡ് കയറ്റിപ്പോകുന്നതിന് നിഷ്കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയാണ് ഇവയുടെ സഞ്ചാരം.
അമിത വേഗത്തിൽ വളവുകൾ തിരിയുമ്പോൾ ലോറിയിൽനിന്ന് മെറ്റലും പാറക്കല്ലുകളും റോഡിലേക്കു വീഴുന്നതും അപകടഭീഷണി ഉയർത്തുന്നുണ്ട്. പലപ്പോഴും വാഹനങ്ങൾ പരിശോധിക്കാനോ നടപടി എടുക്കാനോ അധികൃതർ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. അമിത ഭാരം കയറ്റിയുള്ള ലോറികളുടെ പതിവു സഞ്ചാരം അപകടമുണ്ടാക്കുമെന്ന് നാട്ടുകാരും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.