അപകടമേഖലയായി പന്തയ്ക്കല്‍ വളവ്
text_fieldsതൊടുപുഴ: ആധുനിക നിലവാരത്തില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച മൂവാറ്റുപുഴ-പണ്ടപ്പിള്ളി-രാമപുരം-പാലാ ഹ്രസ്വദൂരപാതയിലെ പന്തയ്ക്കല്‍ വളവ് അപകടമേഖലയാകുന്നു.
ഒരുമാസത്തിനിടെ പത്തോളം അപകടങ്ങളാണ് ഇവിടെയുണ്ടായത്. നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഏറ്റവും ഒടുവില്‍ ബംഗളൂരുവില്‍ നിന്നെത്തിയ സംഘത്തിന്റെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. രാത്രിയാണ് അപകടങ്ങൾ കൂടുതലും. അപകടസാധ്യതാ മുന്നറിയിപ്പു നല്കി സൂചനാബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇത് പലപ്പോഴും ഡ്രൈവര്‍മാരുടെ ശ്രദ്ധയില്‍പ്പെടാറില്ല. ശബരിമല സീസണായതിനാല്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്ന തീര്‍ഥാടകരാണ് പലപ്പോഴും അപകടത്തില്‍പ്പെടുന്നത്.
രണ്ടുകിലോമീറ്ററോളം ഇറക്കമുള്ള ഭാഗത്തെ വലിയ വളവാണ് അപകടക്കെണിയാകുന്നത്. നേരത്തെ അപകടം ഉണ്ടായപ്പോള്‍ ഇവിടെ സ്ഥാപിച്ച ക്രാഷ്ബാരിയര്‍ തകര്‍ന്നനിലയിലാണ്. പിന്നീട് ഇവ പുന:സ്ഥാപിച്ചിട്ടില്ല. ഇതും അപകട സാധ്യത വര്‍ധിപ്പിക്കുന്നു. മൂവാറ്റുപുഴയില്‍ നിന്ന് പാലായിലേക്ക് കുറഞ്ഞ ദൂരത്തിലെത്താവുന്ന പാതയാണിത്.
മൂവാറ്റുപുഴ-തൊടുപുഴ വഴി പാലായിലെത്താന്‍ 48 കിലോമീറ്റര്‍ സഞ്ചരിക്കണമെങ്കില്‍ മൂവാറ്റുപുഴ-പണ്ടപ്പിള്ളി-മാറിക-കുണിഞ്ഞി-പനച്ചുവട്-നീറന്താനം-രാമപുരം-ചക്കാമ്പുഴ വഴി പാലായിലെത്താന്‍ 34 കിലോമീറ്റര്‍ മാത്രമേയുള്ളൂ.
കുറഞ്ഞ ദൂരമായതിനാല്‍ ഗൂഗിള്‍മാപ്പിന്റെ സഹായത്താല്‍ യാത്രചെയ്യുന്നവര്‍ക്ക് ലഭ്യമാകുന്നതും ഈ റൂട്ടാണ്. അതിനാല്‍ ഈ റോഡിലൂടെ നൂറുകണക്കിനു വാഹനങ്ങളാണ് രാപകല്‍ഭേദമില്ലാതെ സഞ്ചരിക്കുന്നത്.
കുറഞ്ഞ ദൂരത്തില്‍ മൂവാറ്റുപുഴയില്‍ നിന്നു ശബരിമലയിലെത്താനും തീര്‍ഥാടകര്‍ക്കു കഴിയുമെന്നതാണ് ഈ പാതയുടെ സവിശേഷത. പാലായിലെത്തുന്ന തീര്‍ഥാടകര്‍ തൊടുപുഴ-പുനലൂര്‍ സംസ്ഥാനപാതയിലൂടെയാണ് ശബരിമലയിലേക്കുള്ള യാത്രതുടരുന്നത്. കെ.എം.മാണി മന്ത്രിയായിരുന്ന കാലയളവില്‍ എം.സി റോഡിലെ തിരക്ക് കുറയ്ക്കാൻ മൂവാറ്റുപുഴ-പുതുപ്പള്ളി-തിരുവല്ല ബൈപാസ് ഹൈവേയായി മൂവാറ്റുപുഴ-പണ്ടപ്പിള്ളി-രാമപുരം-പാലാ റോഡ് പ്രഖ്യാപിച്ച് ബജറ്റില്‍ തുക വകകൊള്ളിച്ചിരുന്നെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.
കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകരാണ് കൂടുതലായും ഇതുവഴി സഞ്ചരിക്കുന്നത്. പതിവായി അപകടമുണ്ടാകുന്ന പന്തയ്ക്കല്‍ വളവിനു 500 മീറ്റര്‍ അകലെയെങ്കിലും ഡ്രൈവര്‍മാരുടെ ശ്രദ്ധയാകര്‍ഷിക്കുന്ന തരത്തില്‍ സൂചനാബോര്‍ഡുകള്‍ സ്ഥാപിച്ചാല്‍ മാത്രമേ അപകടം ഒഴിവാക്കാനാകൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.