ഡയാലിസിസ്; ഇടുക്കി ജില്ല ആശുപത്രിക്ക് മുന്നിൽ രോഗികളുടെ പ്രതിഷേധം
text_fieldsതൊടുപുഴ: ജില്ല ആശുപത്രിയിലെ ഡയാലിസിസ് യൂനിറ്റിന്റെ പ്രവർത്തനം താളം തെറ്റിയ സാഹചര്യത്തിൽ രോഗികൾ ആശുപത്രിക്ക് മുന്നിൽ പ്രതിഷേധിച്ചു. ചൊവ്വാഴ്ച രാവിലെ മുതൽ ഉച്ചവരെയാണ് ഡയലാസിസ് ചെയ്യുന്ന രോഗികളടക്കം അമ്പതോളം പേർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത്. തങ്ങൾക്ക് പഴയ രീതിയിൽ ചികിത്സ ലഭിക്കുന്നില്ലെന്നും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുന്നുവെന്നും ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം.
നാലു മാസമായി ഡയാലിസിസ് യൂനിറ്റിന്റെ യു.പി.എസ് തകരാറിലാണ്. ആശുപത്രിയിലുള്ള 13 യൂനിറ്റുകളില്‍ ഏഴെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിപ്പിക്കുന്നത്. ഇതുമൂലം സാധാരണക്കാരായ രോഗികള്‍ക്ക് ഡയാലിസിസിനായി സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നാളുകളായി ജില്ല ആശുപത്രിയിൽ ഡയാലിസിസ് ചെയ്തുകൊണ്ടിരിക്കുന്ന ഇവർക്ക് അതിനുള്ള സാമ്പത്തികവുമില്ല. നാല്പതോളം രോഗികളാണ് ഡയാലിസിസിനായി ജില്ല ആശുപത്രിയെ ആശ്രയിക്കുന്നത്. എങ്കിലും പലരും ബുദ്ധിമുട്ട് ഉണ്ടാകുമ്പോൾ സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ് ചെയ്യുന്നത്.
സമയക്കുറവ് പ്രയാസം സൃഷ്ടിക്കുന്നതായി രോഗികൾ
ഒരു രോഗിക്ക് നാലുമണിക്കൂറാണ് ഡയാലിസിസിനുണ്ടായിരുന്ന സമയം. ഇപ്പോള്‍ ഏഴു യൂനിറ്റുകള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഷിഫ്റ്റ് അനുസരിച്ച് ഒരാൾക്ക് മൂന്നു മണിക്കൂറാണ് വേണ്ടിവരുന്നത്. സമയം കുറയുന്നതുമൂലം പലതരത്തിലുള്ള പ്രയാസങ്ങൾ നേരിടുന്നുണ്ടെന്നാണ് രോഗികൾ ചൂണ്ടിക്കാട്ടുന്നത്. പലതവണ ആശുപത്രി അധികൃതരടക്കമുള്ളവരോട് വിഷയം ചൂണ്ടിക്കാട്ടിയെങ്കിലും നടപടിയുണ്ടായില്ല. കോണ്‍ട്രാക്ടിലുള്ള സ്വകാര്യ കമ്പനിയാണ് മൂന്നുവര്‍ഷ വാറന്റിയോടെ ഡയാലിസിസ് യൂനിറ്റുകള്‍ സ്ഥാപിച്ചത്. യന്ത്രത്തിനു തകരാര്‍ സംഭവിച്ചാല്‍ പരിഹരിക്കേണ്ടത് ഇവരുടെ ഉത്തരവാദിത്തമാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
യു.പി.എസ് തകരാറായതോടെ രണ്ട് ഷിഫ്റ്റാക്കിയതായാണ് രോഗികളുടെ ബന്ധുക്കൾ പറയുന്നത്. രാവിലെ എട്ടിന് കുറച്ചു രോഗികൾ കയറും. 11.30ന് ബാക്കിയുള്ളവരും. മൂന്ന് മണിക്കൂറിൽ താഴെ മാത്രമാണ് സമയം ലഭിക്കുന്നത്. ഇതുമൂലം ശ്വാസം മുട്ടടക്കമുള്ള ബുദ്ധിമുട്ടുകൾ നേരിടുന്നതായും രോഗികൾ പറഞ്ഞു. നിവൃത്തികേടുകൊണ്ടാണ് ഇത്തരമൊരു സമരവുമായി രംഗത്തിറങ്ങിയതെന്നും രോഗികൾ പറയുന്നു.
അതേസമയം, കരാറിലുള്ള കമ്പനി തകരാർ പരിഹരിക്കാൻ ചൊവ്വാഴ്ച പ്രതിഷേധം നടക്കുന്നതിനിടെ എത്തി യു.പി.എസ് കൊണ്ടുപോയതായി ആശുപത്രി സൂപ്രണ്ട് അറിയിച്ചു. അടുത്ത ചൊവ്വാഴ്ചയോടെ തകരാർ പരിഹരിച്ച് യു.പി.എസ് എത്തിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജൂൺ 29ന് തകരാറിലായ ഉടൻതന്നെ കമ്പനിയുമായി ബന്ധപ്പെട്ടിരുന്നതും ഇവർ എത്താൻ വൈകിയതാണ് പ്രതിസന്ധിക്ക് കാരണമായതെന്നും അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.