പെയ്ത് തോരാതെ പെട്ടിമുടി....
text_fieldsതൊടുപുഴ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ഉള്ള് പൊട്ടി നിൽക്കുമ്പോൾ പെട്ടിമുടിയിൽ മറ്റൊരു ദുരന്തത്തിന്റെ ഓർമ പെയ്തിറങ്ങുകയാണ്. രാത്രി ആഹാരം കഴിച്ച് കിടന്ന പെട്ടിമുടിക്കാർ അതിഭീകരമായ മുഴക്കം കേട്ടാണ് കണ്ണ് തുറന്നത്. എന്താണ് സംഭവിക്കുന്നതെന്ന് ചിന്തിക്കുന്നതിന് മുൻപ് തന്നെ ലയങ്ങളിൽ ഉറങ്ങിക്കിടന്നവരുടെ ജീവന് മേലേക്ക് ഉരുൾ പാഞ്ഞെത്തി. നിമിഷങ്ങൾക്കകം ലയങ്ങളിലെ ജീവനുകൾ മണ്ണിനടിയിലേക്ക് ആണ്ടുപോയി. 70 പേരുടെ മരണത്തിനിടയാക്കിയ പെട്ടിമുടി ഉരുൾപൊട്ടൽ ദുരന്തത്തിന് ചൊവ്വാഴ്ച നാല് വർഷം പൂർത്തിയാകുകയാണ്.
കനത്ത മഴയെത്തുടർന്ന് 2020 ആഗസ്റ്റ് ആറിന് രാത്രി 11ന് മൂന്നാർ കണ്ണന്ദേവന് തേയില തോട്ടത്തിലെ നയമക്കാട് എസ്റ്റേറ്റിൽ രാജമലക്ക് സമീപമായിരുന്നു ഉരുൾപൊട്ടൽ. രണ്ട് കിലോമീറ്റർ താഴെ കരിന്തിരിയാറിന്റെ തീരത്തെ ചെറുതും വലുതുമായ നാല് ലയങ്ങൾ തകർന്നു. ഉറക്കത്തിലായതിനാൽ ഭൂരിഭാഗം പേർക്കും രക്ഷപ്പെടാനായില്ല. 18 കുട്ടികളും ഒരു ഗർഭിണിയുമടക്കം 70 പേർ മരിച്ചു. പത്തടി ഉയരത്തിൽ കുമിഞ്ഞുകൂടിയ മണ്ണിനടിയിൽ മൃതദേഹങ്ങൾ കുടുങ്ങിക്കിടന്നു. ആറിന് രാത്രിയുണ്ടായ ദുരന്തം വൈദ്യുതിയും മൊബൈൽ സിഗ്നലുമില്ലാതിരുന്നതിനാൽ പിറ്റേന്ന് പുലർച്ച മാത്രമാണ് പുറംലോകം അറിഞ്ഞത്. ദുരന്തം പുറം ലോകമറിയാൻ വൈകിയതും പ്രതികൂല കാലാവസ്ഥയും മതിയായ യാത്രാസൗകര്യമില്ലാത്തതും രക്ഷാപ്രവർത്തനത്തെ ബാധിച്ചു. സർവസന്നാഹങ്ങളോടെ 19 ദിവസങ്ങളിലായി 133 മണിക്കൂർ നീണ്ട തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെടുത്തത്. അച്ഛനമ്മമാരെ കെട്ടിപ്പിടിച്ച് ഉറങ്ങുന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം മണ്ണിനടിയിൽനിന്ന് പുറത്തേക്കെടുക്കുന്ന കാഴ്ച കണ്ട് കേരളം വിങ്ങിപ്പൊട്ടിയ നാളുകളായിരുന്നു അത്. ചില മൃതദേഹങ്ങൾ സമീപത്തെ പുഴയിലും മറ്റ് ചിലരുടേത് കിലോമീറ്ററുകൾക്കപ്പുറം മരത്തിൽ തങ്ങിനിൽക്കുന്ന നിലയിലുമായിരുന്നു. നാല് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. നാല് മൃതദേഹങ്ങൾ ഇനിയും കണ്ടെത്താനായിട്ടില്ല.
അതുവരെ കേരളം കണ്ട ഏറ്റവും ദീർഘമായ ആ രക്ഷാപ്രവർത്തനം 19 നാളാണ് നീണ്ടത്. കണ്ടെടുത്ത മൃതദേഹങ്ങൾ കണ്ണൻ ദേവൻ കമ്പനിയുടെ രാജമല എസ്റ്റേറ്റിൽ ഫാക്ടറി ഡിവിഷനിലെ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. പിഞ്ചു കുഞ്ഞുങ്ങളുടേതടക്കം 66 മൃതദേഹങ്ങൾ മറവു ചെയ്ത ആ കുഴിമാടങ്ങളിൽ നീറുന്ന ഓർമകളുമായി അവരുടെ ഉറ്റവർ വാർഷിക ദിനങ്ങളിലെത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.