മാലിന്യം തൂത്തെറിയാൻ പദ്ധതികളൊരുങ്ങുന്നു
text_fieldsതൊടുപുഴ: മാലിന്യത്തെ തൂത്തെറിഞ്ഞ് ജില്ലയിൽ ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കാൻ കൂടുതൽ പദ്ധതികളുമായി തദ്ദേശ സ്ഥാപനങ്ങൾ. ശാസ്ത്രീയ മാലിന്യ സംസ്കരണം ഉറപ്പാക്കുക, ഉറവിടത്തിൽതന്നെ മാലിന്യ തരംതിരിവും ജൈവ മാലിന്യ സംസ്കരണവും പ്രോത്സാഹിപ്പിക്കുക, വാതിൽപടി ശേഖരണം നൂറുശതമാനം ആക്കുക തുടങ്ങിയവ ലക്ഷ്യമിട്ടാണ് പദ്ധതികൾ ഒരുങ്ങുന്നത്.
മാലിന്യം വലിച്ചെറിയുന്നതടക്കമുള്ള നിയമലംഘനങ്ങൾ കണ്ടെത്തി നടപടിയെടുക്കാൻ പ്രത്യേക ജില്ലതല എൻഫോഴ്സ്മെന്റ് സ്ക്വാഡ് മാര്‍ച്ച് 23 മുതല്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ 13 വരെ 2312 പരിശോധനകൾ നടത്തി, 903 നോട്ടീസുകൾ നൽകി. 15,62,000 രൂപ പിഴ ചുമത്തുകയും ചെയ്തിട്ടുണ്ട്. കൂടുതൽ ബോധവത്കരണവും ജനങ്ങളുടെ പങ്കാളിത്തവും ഉറപ്പുവരുത്താനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ജില്ലയിലെ ശുചിത്വ, മാലിന്യസംസ്കരണ സേവനങ്ങൾ ഡിജിറ്റലാക്കുന്നതിനായി ഹരിതമിത്രം ആപ്പും നിലവിലുണ്ട്. തദ്ദേശ സ്ഥാപനങ്ങളിലെ മാലിന്യ സംസ്കരണം നിരീക്ഷിക്കാനുള്ള കെൽട്രോൺ ആപ്പാണ് ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് സിസ്റ്റം. ഇതുവരെ തൊടുപുഴ, കട്ടപ്പന നഗരസഭകള്‍ ഉള്‍പ്പെടെ 46 തദ്ദേശ സ്ഥാപനങ്ങള്‍ കെൽട്രോണുമായി കരാറിലേര്‍പ്പെട്ടു. ശേഷിക്കുന്നവയും ഉടൻ ഭാഗമാകും. ഇതോടെ ജില്ലയിലെ ശുചിത്വ, മാലിന്യസംസ്കരണ സേവനങ്ങൾ ഡിജിറ്റലാകും.
എട്ട് ഹരിത ടൂറിസം കേന്ദ്രങ്ങൾ തിരഞ്ഞെടുത്ത് മികച്ച നിലവാരമുള്ള കേന്ദ്രങ്ങളാക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വിനോദസഞ്ചാര കേന്ദ്രങ്ങളെ മികച്ച ശുചിത്വ നിലവാരമുള്ള, ഗ്രീൻ പ്രോട്ടോകോൾ പാലിക്കപ്പെടുന്ന കേന്ദ്രങ്ങളാക്കുകയാണ് ലക്ഷ്യം. കുളമാവ് ഡാം പ്രദേശം, രാമക്കൽമേട്, മാങ്കുളം ആനക്കുളം, അഞ്ചുരുളി, ചെങ്കുളം ബോട്ടിങ്, തൊമ്മൻകുത്ത്, പരുന്തുംപാറ, മലങ്കര ഡാം എന്നിവയാണ് കേന്ദ്രങ്ങള്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.