പ്ലാസ്റ്റിക് പരിശോധന; ഒറ്റദിവസം ഏഴുലക്ഷം പിഴ ഈടാക്കി
text_fieldsതൊടുപുഴ: ഒറ്റത്തവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളുടെ വിൽപനയും ഉപയോഗവും തടയാൻ ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ 52 പഞ്ചായത്തിൽ നിന്നായി ഒറ്റ ദിവസം കൊണ്ട് പിഴ ഈടാക്കിയത് ഏഴുലക്ഷത്തിലേറെ രൂപ.
വെള്ളിയാഴ്ച ഒറ്റ ദിവസം നടത്തിയ പരിശോധനയിലാണ് 18 പഞ്ചായത്തിന്‍റെ പരിധിയിലുള്ള 2679 സ്ഥാപനത്തിൽനിന്നായി 7,13,000 രൂപ പിഴ ഈടാക്കിയത്. പഞ്ചായത്ത്, ഹെൽത്ത്, മലിനീകരണ നിയന്ത്രണ ബോർഡ് എന്നീ വകുപ്പുകൾ സംയുക്തമായിട്ടായിരുന്നു പരിശോധന.
ദേവികുളം പഞ്ചായത്ത് പരിധിയിലെ കടകളിൽനിന്നാണ് കൂടുതൽ പിഴ ഈടാക്കിയത്. 143 സ്ഥാപനത്തിൽനിന്നായി 1,30,000 രൂപയാണ് ഇവിടെ പിഴ ചുമത്തിയത്. നിരോധനം ലംഘിക്കുന്നവർക്ക് ആദ്യഘട്ടത്തിൽ 10,000 രൂപ പിഴയും തുടർന്നുള്ള ലംഘനങ്ങൾക്ക് 26000, 50000 രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കുന്നത്.
തുടർന്നും കുറ്റം ആവർത്തിച്ചാൽ സ്ഥാപനം അടച്ചുപൂട്ടുന്നതുൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും. പ്ലാസ്റ്റിക് കാരിബാഗുകൾ, കപ്പുകൾ, സ്‌ട്രോകൾ, സ്പൂണുകൾ, ഷീറ്റുകൾ, കൊടിതോരണങ്ങൾ, ബ്രാൻഡ് ചെയ്യാത്ത ജൂസ് പാക്കറ്റുകൾ, പി.വി.സി ഫ്ലക്‌സുകൾ, അര ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ, തെർമോകോൾ പ്ലേറ്റുകൾ, പേപ്പർ കപ്പുകൾ, നോൺവൂമർ പോളി പ്രൊപലിൻ കാരിബാഗുകൾ എന്നിവയാണ് നിരോധന പരിധിയിൽ വരുന്നത്.
ഇവയുടെ വിൽപന, സൂക്ഷിക്കൽ, വിതരണം, കയറ്റുമതി എന്നിവക്കെല്ലാം നിരോധനം ബാധകമാണ്. 75 മൈക്രോണിൽ കുറഞ്ഞ പ്ലാസ്റ്റിക് കാരിബാഗുകൾക്കുള്ള നിരോധനം കഴിഞ്ഞ വർഷം സെപ്റ്റംബർ 30നും 120 മൈക്രോണിന് താഴെയുള്ള കാരിബാഗുകൾക്കുള്ള നിരോധനം ഡിസംബർ 31നും നിലവിൽ വന്നിരുന്നു.
ഇതിന്‍റെ തുടർച്ചയായാണ് ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉൽപന്നങ്ങളും ജൂലൈ ഒന്നുമുതൽ നിരോധിച്ചത്. പഞ്ചായത്ത് സെക്രട്ടറി, ഹെൽത്ത് ഇൻസ്‌പെക്ടർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, അസിസ്റ്റന്‍റ് ഡയറക്ടർ, പെർഫോമൻസ് ഓഡിറ്റ് ടീം, മലിനീകരണ നിയന്ത്രണ ബോർഡ് ജീവനക്കാർ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് അധികൃതർ അറിയിച്ചു.
ഓരോ പ്രദേശത്തും ഈടാക്കിയ പിഴ
ബ്രാക്കറ്റിൽ സ്ഥാപനങ്ങൾ)
അടിമാലി- 60,000 (25)
അയ്യപ്പൻകോവിൽ- 1,00,000 (61)
ബൈസൺവാലി- 80,000 (48)
ദേവികുളം- 1,30,000 (143)
കരുണാപുരം- 3000 (46)
മറയൂർ- 40,000 (25)
മൂന്നാർ- 10,000 (22)
നെടുങ്കണ്ടം- 8,000 (48)
പീരുമേട്- 10,000 (56)
രാജാക്കാട്- 60,000 (37)
രാജകുമാരി- 12,000 (26)
സേനാപതി- 20,000 (30)
ശാന്തൻപാറ- 30,000 (41)
ഉടുമ്പഞ്ചോല- 10,000 (95)
വണ്ടന്മേട് - 20,000 (63)
വണ്ണപ്പുറം- 40,000 (31)
വാഴത്തോപ്പ്- 60,000 (118)
വെള്ളത്തൂവൽ- 20,000 (38)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.