‘വെയ് രാജാ വെയ്’ തൊടുപുഴയിൽ പണംവെച്ച് ചീട്ടുകളി വ്യാപകം
text_fieldsതൊടുപുഴ: നഗരങ്ങളും സമീപ പ്രദേശങ്ങളും കേന്ദ്രീകരിച്ച് പണംവെച്ചുള്ള ചീട്ടുകളി കേന്ദ്രങ്ങള്‍ സജീവം. കഴിഞ്ഞദിവസം ഈസ്റ്റ് കലൂര്‍ പെരുമാംകണ്ടത്ത് പൊലീസ് നടത്തിയ റെയ്ഡില്‍ ഒമ്പത് പേരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 79,000 രൂപയും പിടികൂടി.
നേരത്തെ വന്‍ തുകയുടെ ചീട്ടുകളി നടന്നുവന്നിരുന്ന റിക്രിയേഷന്‍ ക്ലബില്‍ പൊലീസ് കഴിഞ്ഞദിവസവും പരിശോധന നടത്തി. എന്നാല്‍, പരിശോധന നടക്കുന്നതിനുമുമ്പെ കളിക്കാരുടെ പണം സൂക്ഷിക്കുന്ന മാനേജര്‍ സ്ഥലത്തുനിന്ന് മുങ്ങി. കളിക്കളത്തില്‍നിന്ന് 4830 രൂപ മാത്രമാണ് കണ്ടെടുക്കാനായത്. 10 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചീട്ടുകളിക്കാനുപയോഗിക്കുന്ന റൗണ്ട് മേശയും 10 കസേരകളും പിടിച്ചെടുക്കുകയും ചെയ്തു.
മുമ്പും നഗരമധ്യത്തിലെ ഈ ചൂതാട്ടകേന്ദ്രത്തില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. സംഭവത്തില്‍ 16പേരെ അറസ്റ്റ് ചെയ്യുകയും ഒന്നരലക്ഷം രൂപ, ഒട്ടനവധി വാഹനങ്ങള്‍, മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ലോക്കല്‍ പൊലീസിനെ അറിയിച്ചാല്‍ വിവരം ചോരുമെന്ന സംശയത്താൽ മറ്റ് സ്റ്റേഷനുകളില്‍നിന്ന് പൊലീസിനെ എത്തിച്ച് റെയ്ഡ് നടത്തുകയായിരുന്നു. തുടര്‍ന്ന് ഇത്തരം കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം മന്ദീഭവിച്ചു. എന്നാല്‍, ഇപ്പോള്‍ ഉള്‍നാടന്‍ മേഖലകളിലാണ് പണംവെച്ചുള്ള ചീട്ടുകളി സജീവമായിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്.
ഏതാനും മാസം മുമ്പ് നഗരത്തിലെ ഇതരസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന ചീട്ടുകളി കേന്ദ്രത്തിലും റെയ്ഡ് നടത്തി ഏതാനുംപേരെ പിടികൂടിയിരുന്നു. തൊടുപുഴയിൽ ഇതരസംസ്ഥാന തൊഴിലാളിയുടെ ആത്മഹത്യയിലെ അന്വേഷണമാണ് വന്‍ ചീട്ടുകളി സംഘങ്ങളിലേക്കെത്തിയത്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഒരുമാസം മുമ്പാണ് ഇയാൾ ആത്മഹത്യ ചെയ്തത്.
ചീട്ടുകളിയായിരുന്നു ആത്മഹത്യക്ക് കാരണമെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു. ദിവസവും ജോലിചെയ്ത് കിട്ടുന്ന പണംവെച്ച് ചീട്ടുകളി നടത്തുമെന്ന് പിടിയിലായവരിൽ ചിലർ പൊലീസിന് മൊഴിനൽകിയിരുന്നു. ചൂതാട്ടങ്ങളിൽ പണം നഷ്ടമാകുന്നവര്‍ക്ക് തുടര്‍ന്നുള്ള ചൂതാട്ടത്തിന് വട്ടിപ്പലിശക്ക് പണം നല്‍കുന്നവരുമുണ്ട്. റെയ്ഡ് നടന്നാലും പണം പോകാതിരിക്കാന്‍ ടോക്കണ്‍ സിസ്റ്റമാണ് ഏർപ്പെടുത്തുന്നത്. പണം സൂക്ഷിക്കാന്‍ ലോക്കര്‍ സംവിധാനവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.