കൂറുമാറ്റം തകൃതി; ഇടുക്കിയിലെ തദ്ദേശസ്ഥാപനങ്ങളിൽ രാഷ്ട്രീയ അട്ടിമറി
text_fieldsതൊടുപുഴ: മുന്നണി ധാരണ ലംഘിച്ച് പ്രസിഡന്റുമാർ കൂറുമാറ്റം പതിവാക്കിയതോടെ രാഷ്ട്രീയ അട്ടിമറികൾക്ക് വേദിയായി ഇടുക്കിയിലെ തദ്ദേശസ്ഥാപനങ്ങൾ. മുന്നണിയെ ചതിച്ച് അംഗങ്ങൾ കൂറുമാറിയതോടെ ജില്ലയിലെ മൂന്ന് ഗ്രാമപഞ്ചായത്തിലും ഒരു ബ്ലോക്ക് പഞ്ചായത്തിലും യു.ഡി.എഫിനും ഒരു പഞ്ചായത്തിൽ എൽ.ഡി.എഫിനും ഭരണം നഷ്ടമായി. പ്രസിഡന്റ് സ്ഥാനം നിലനിർത്താനുള്ള ഇത്തരം കൂറുമാറ്റങ്ങൾ വരും ദിവസങ്ങളിൽ ജില്ലയിലെ കൂടുതൽ തദ്ദേശസ്ഥാപനങ്ങളിൽ അരങ്ങേറുമെന്നാണ് സൂചന.
മുന്നണികളിൽ ഉരുത്തിരിഞ്ഞ ധാരണയുടെ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് പ്രസിഡന്റ് സ്ഥാനത്തെത്തിയവർ കാലാവധി കഴിഞ്ഞിട്ടും ഒഴിഞ്ഞുകൊടുക്കാൻ തയാറാകാത്തതാണ് കക്ഷിനിലയിൽ നേരിയ വ്യത്യാസം മാത്രമുള്ള തദ്ദേശസ്ഥാപനങ്ങളിൽ അട്ടിമറികളിലൂടെ ഭരണമാറ്റത്തിന് കളമൊരുക്കിയത്.
മൂന്നാർ പഞ്ചായത്തിൽ യു.ഡി.എഫിലെ രണ്ടംഗങ്ങൾ കൂറുമാറിയപ്പോൾ 11 വർഷമായി മുന്നണി കൈയടക്കിവെച്ചിരുന്ന ഭരണമാണ് നഷ്ടമായത്. വാത്തിക്കുടി പഞ്ചായത്തിൽ പി.ജെ. ജോസഫിന്റെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസിന്റെ പ്രതിനിധിയായ പ്രസിഡന്റ്, കാലാവധി പൂർത്തിയായപ്പോൾ എൽ.ഡി.എഫിനൊപ്പം ചേർന്നതും യു.ഡി.എഫിന് ഭരണം നഷ്ടമാക്കി. ഭരണം പിടിച്ചെടുക്കാൻ സി.പി.എം പരീക്ഷിച്ച ഈ അടവുനയം പിന്നീട് കുടയത്തൂർ പഞ്ചായത്തിലും ഇടുക്കി ബ്ലോക്കിലും ആവർത്തിച്ചു.
കുടയത്തൂരിലും പ്രസിഡന്റ് കേരള കോൺഗ്രസിൽനിന്നായിരുന്നു. കാലാവധി കഴിഞ്ഞപ്പോൾ മുന്നണിയോട് ചോദിച്ചുവാങ്ങിയ ഒരു മാസം കൂടി പ്രസിഡന്റ് സ്ഥാനത്തിരുന്നശേഷമായിരുന്നു ഇവിടെ കൂറുമാറ്റം. ഏറ്റവും ഒടുവിൽ ഇടുക്കി ബ്ലോക്കിൽ പ്രസിഡന്റ് സ്ഥാനം നിലനിർത്താൻ കോൺഗ്രസ് പ്രതിനിധിയായ പ്രസിഡന്റും എൽ.ഡി.എഫിനൊപ്പം ചേരുന്ന കാഴ്ചയാണ് തിങ്കളാഴ്ച കണ്ടത്. യു.ഡി.എഫ് ഭരിച്ചിരുന്ന ചിന്നക്കനാൽ പഞ്ചായത്തിൽ എൽ.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസം പാസായെങ്കിലും സി.പി.എം-സി.പി.ഐ ഭിന്നതമൂലം പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽനിന്ന് എൽ.ഡി.എഫ് അംഗങ്ങൾ വിട്ടുനിന്നതിനാൽ ഭരണം വീണ്ടും യു.ഡി.എഫിന് ലഭിക്കുന്ന സാഹചര്യവുമുണ്ടായി. രാഷ്ട്രീയ മര്യാദകൾ ലംഘിച്ചുള്ള കൂറുമാറ്റത്തിന് തടയിടാൻ യു.ഡി.എഫിന്റെയും ബന്ധപ്പെട്ട രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വങ്ങൾക്ക് കഴിയുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.