ബസ് സ്റ്റാൻഡിലെ കുഴി; യാത്രക്കാർക്കും ഡ്രൈവർമാർക്കും ദുരിതം
text_fieldsതൊടുപുഴ: മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിൽ വീണ്ടും കുഴി. രണ്ട് വർഷം മുമ്പ് ടാറിങ് നടത്തിയ ബസ് സ്റ്റാൻഡിലാണ് വീണ്ടും കുഴി രൂപപ്പെട്ടത്. നൂറുകണക്കിനു യാത്രക്കാര്‍ ബസ് കാത്തുനില്ക്കുന്ന സ്റ്റാന്‍ഡിലാണ് കുഴി. ദിവസേന നിരവധി ബസുകള്‍ കയറിയിറങ്ങുന്ന സ്റ്റാന്‍ഡ് മഴ പെയ്താല്‍ കുളമാകുന്ന അവസ്ഥയാണ്. 13 ലക്ഷത്തോളം രൂപ മുടക്കിയാണ് സ്റ്റാന്‍ഡില്‍ ടാറിങ് നടത്തിയത്. അന്ന് സ്റ്റാന്‍ഡിലെ ടാറിങ് പൂര്‍ണമായി പൊളിഞ്ഞ് വന്‍ ഗര്‍ത്തങ്ങള്‍ രൂപപ്പെട്ടത് യാത്രക്കാര്‍ക്കും ബസ് ജീവനക്കാര്‍ക്കും ദുരിതമായതോടെയാണ് നഗരസഭ ടാറിങ് ഉള്‍പ്പെടെയുള്ള അറ്റകുറ്റപ്പണി നടത്തിയത്. ഇതാണ് വീണ്ടും തകര്‍ന്ന് കുഴിയായി മാറിയത്.
കരിമണ്ണൂര്‍, ഉടുമ്പന്നൂര്‍, വണ്ണപ്പുറം, തൊമ്മന്‍കുത്ത്, പെരിങ്ങാശ്ശേരി മേഖലകളിലേക്കും കാരിക്കോട്, കലയന്താനി, പൂമാല തുടങ്ങിയ പ്രദേശങ്ങളിലേക്കുമുള്ള ബസുകള്‍ തൊടുപുഴയില്‍നിന്ന് മങ്ങാട്ടുകവല സ്റ്റാന്‍ഡിലെത്തി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്. ഈ പ്രദേശങ്ങളിലേക്കുള്ള നൂറുകണക്കിന് യാത്രക്കാര്‍ ബസ് കാത്തു നില്‍ക്കുന്നത് മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിലാണ്. കൂടാതെ കാരിക്കോട് ജില്ല ആശുപത്രി, ജില്ല ആയുര്‍വേദ ആശുപത്രി, ജില്ല മൃഗാശുപത്രി എന്നീ സ്ഥാപനങ്ങളില്‍ എത്തുന്ന ആളുകളുടെയും ആശ്രയമാണ് ഈ ബസ് സ്റ്റാന്‍ഡ്.
സ്റ്റാന്‍ഡിന്റെ പ്രവേശന കവാടത്തിലാണ് ടാറിങ് തകര്‍ന്ന് വലിയ കുഴിയായി മാറിയത്. ദിവസേന കുഴിയുടെ വലുപ്പം കൂടിവരുകയാണ്. ഇതിനു സമീപം പലയിടത്തായും ടാറിങ് പൊളിഞ്ഞു തുടങ്ങിയിട്ടുണ്ട്. ശക്തമായ മഴയെത്തുന്നതോടെ കൂടുതല്‍ പരിതാപകരമാകുമെന്ന് വ്യാപാരികളും യാത്രക്കാരും ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.