വെളിച്ചത്തിന്റെ നാട്ടിൽ; വെട്ടമില്ലാതെ ജനങ്ങൾ
text_fieldsഅടിമാലി: വൈദ്യുതി മുടക്കത്തിന് അറുതിയില്ലാതായതോടെ വേനൽ ചൂടിൽ വെന്തുരുകി ജനം. മാങ്കുളം, വട്ടവട, പള്ളിവാസൽ പഞ്ചായത്തുകളിൽ കാലവർഷമെന്നോ വേനലെന്നോ വ്യത്യാസമില്ലാതെയാണ് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരുന്നത്.
കഴിഞ്ഞ 15 ദിവസത്തിനിടെ പൂർണമായി വൈദ്യുതി ലഭിച്ച ഒരുദിവസം പോലും ഈ പഞ്ചായത്തുകളിൽ ഉണ്ടായിട്ടില്ല. മാങ്കുളത്ത് തിങ്കളാഴ്ച രാവിലെ നഷ്ടമായ വൈദ്യുതി വൈകീട്ട് ഏഴ് മണിയോടെ വന്നെങ്കിലും പിന്നീട് മണിക്കൂറുകൾ ഇടവിട്ട് പോയി.
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് ചരിത്രത്തിന്റെ ഭാഗമായ മാങ്കുളത്ത്, വൈദ്യുതി ബോർഡിന്റെ രംഗപ്രവേശനത്തോടെയാണ് കാര്യങ്ങൾ വഷളായത്. ഇല്ലെങ്കിൽ സോളാർ പാനലിന്റെയും ഡൈനാമോ സംവിധാനത്തിന്റെയും സഹായത്തോടെ വെളിച്ചം കാണാമായിരുന്നു എന്നാണ് മാങ്കുളത്തുകാർ പറയുന്നത്. ഇതേ അവസ്ഥയാണ് മറ്റ് പഞ്ചായത്തുകളിലും. ചിത്തിരപുരം ഇലക്ട്രിക്കൽ മേജർ സെക്ഷന് കീഴിൽ വരുന്നതാണ് മാങ്കുളം.
പള്ളിവാസൽ ഫീഡറിൽനിന്ന് മാങ്കുളത്തേക്ക് 11 കെ.വി ലൈനിലാണ് വൈദ്യുതി എത്തിക്കുന്നത്. കുരിശുപാറ മുതൽ വിരിപ്പാറ വരെ ഏലക്കാടുകൾക്ക് നടുവിലൂടെയാണ് വൈദ്യുതി കൊണ്ടുപോകുന്നത്. ചെറിയ മഴ പെയ്താലോ കാറ്റടിച്ചാലോ ലൈനിന് മുകളിലേക്ക് മരച്ചില്ലകൾ വീഴുന്നത് പതിവാണ്. ഇതോടെ എല്ലായിടവും ഇരുട്ടിലാകും.
മാങ്കുളം പഞ്ചായത്ത് സ്വന്തമായി ഉൽപാദിപ്പിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബി വിലയ്ക്ക് വാങ്ങിയിരുന്നു. 2018 ലുണ്ടായ കാലവർഷത്തിൽ പഞ്ചായത്ത് പവർ ഹൗസ് തകർന്നു. ഇത് നന്നാക്കാതിരുന്നതോടെ വലിയ സാമ്പത്തിക നഷ്ടം ഉണ്ടായി.
ആദിവാസികളും കർഷകരും കർഷക തൊഴിലാളികളുമാണ് മാങ്കുളം പഞ്ചായത്തിൽ കൂടുതലും. വേനൽമഴയോടൊപ്പം നിലക്കുന്ന വൈദ്യുതിബന്ധം മണിക്കൂറുകൾക്ക് ശേഷമാണ് പലപ്പോഴും പുനഃസ്ഥാപിക്കപ്പെടുന്നത്. മെഴുകുതിരി വെട്ടത്തിലാണ് പല കുടുംബങ്ങളും കഴിയുന്നത്. ഏറ്റവും പ്രതിസന്ധി നേരിടുന്നത് വ്യാപാരികളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.