തൊടുപുഴയിൽ തോടുകളും നീർച്ചാലുകളും തടസ്സപ്പെടുത്തിയുള്ള നിർമാണങ്ങൾക്ക് നിരോധനം
text_fieldsതൊടുപുഴ: നഗരപരിധിയിലെ പാടശേഖരങ്ങളും തോടുകളുകളുമടക്കം കൈയേറുന്നുവെന്ന പരാതികൾ കൂടിയ സാഹചര്യത്തിൽ നടപടിയുമായി തൊടുപുഴ നഗരസഭ. നഗരസഭ പരിധിയിലെ സ്വാഭാവിക തോടുകൾ, പാടശേഖരങ്ങൾ, കിണറുകൾ, നീർച്ചാലുകൾ, ഇടവഴികൾ തുടങ്ങിയവ തടസ്സപ്പെടുത്തിയും നശിപ്പിച്ചും നടത്തുന്ന നിർമാണങ്ങൾക്ക് നിരോധനമേർപ്പെടുത്താനാണ് കൗൺസിൽ തീരുമാനം.
അനധികൃത കൈയേറ്റങ്ങൾ തടയാനും തിങ്കളാഴ്ച നടന്ന കൗൺസിൽ യോഗത്തിൽ പ്രമേയം പാസാക്കിയതായി ചെയർമാൻ സനീഷ് ജോർജ് അറിയിച്ചു. പ്രമേയം റവന്യൂ വകുപ്പിനും സർക്കാറിനും അയച്ചുനൽകും. കുറ്റക്കാർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും ചെയർമാൻ കൂട്ടിച്ചേർത്തു. നഗരത്തിൽ പലയിടങ്ങളിലും പാടം നികത്തലും അനധികൃത കൈയേറ്റങ്ങളും ദിനംപ്രതി വർധിക്കുകയാണ്. അധികൃതർ ഇടപെട്ട് സ്റ്റോപ് മെമോ നൽകിയാലും ദിവസങ്ങൾക്കുള്ളിൽ വീണ്ടും കൈയേറ്റം ആരംഭിക്കും.
ഇത്തരത്തിൽ നഗരത്തിലെ നിരവധി പാടശേഖരങ്ങൾ ഇതിനകം തന്നെ അപ്രത്യക്ഷമായിട്ടുണ്ട്. വേനൽക്കാലത്ത് പോലും നിറഞ്ഞൊഴുകുന്നതാണ് തൊടുപുഴയാർ. എന്നാൽ, തൊടുപുഴയാറിന്റെ ഇരുകരകളിലും കൈയേറ്റം വ്യാപകമാണ്. ഇത് പുഴയുടെ ഒഴുക്കിനെ സാരമായി ബാധിച്ചുതുടങ്ങിയിട്ടുണ്ട്.
പുഴയിലേക്കുള്ള പല നീർച്ചാലുകളും അപ്രത്യക്ഷമായ നിലയിലാണ്. ഇടവഴികളും പൊതുവഴികളും സ്വകാര്യവ്യക്തികൾ കൈവശംവെച്ച് ഉപയോഗിക്കുന്നതായും പരാതി വ്യാപകമാണ്. ഈ സാഹചര്യത്തിലാണ് നടപടികളുമായി നഗരസഭ രംഗത്തെത്തിയത്.
അനധികൃത നിർമാണം പൊളിച്ചുനീക്കാൻ തീരുമാനം
നഗരസഭ ഓഫിസ് കെട്ടിടത്തിന് മുന്നിൽ നടത്തിയ അനധികൃത നിർമാണം പൊളിച്ചുനീക്കാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചു. പൊലീസ് സ്റ്റേഷനിലേക്ക് പോകുന്ന വഴിയിലുള്ള കെട്ടിടത്തിന്റെ ഭിത്തി പൊളിച്ച് നഗരസഭ ഓഫിസിൽ മുന്നിലേക്ക് വാതിൽ സ്ഥാപിച്ചിരുന്നു.
അനുമതി ഇല്ലാത്ത ഈ നിർമാണം പൊളിച്ചുനീക്കണമെന്ന് തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ കൗൺസിലർമാരായ സഫിയ ജബ്ബാറും സനു കൃഷ്ണനും ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് അനധികൃതമായി നിർമിച്ചഭാഗം പൊളിച്ച് മാറ്റാൻ നടപടിയെടുക്കണമെന്ന് മുനിസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകിയതായി നഗരസഭ ചെയർമാൻ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.