ഹൃദയ ഭേദകം ആ കാഴ്ച... തലയൊഴികെ ശരീരം മുഴുവൻ ടാറിൽ പുതഞ്ഞ് നായ്ക്കുട്ടി, അരികിൽ ദൈന്യതയോടെ അമ്മ നായ്; രക്ഷകരായി ഫയർഫോഴ്സ്
text_fieldsതൊടുപുഴ: മഴ കനത്തു നിൽക്കുകയാണ്. അവിടവിടെ മരം വീണും മണ്ണിടിച്ചിലുമൊക്കെ റിപോർട്ട് ചെയ്യുന്നുണ്ട്. മഴ തുടങ്ങിയാൽ ഇടുക്കിയിലെ എല്ലാ അഗ്നിരക്ഷ യൂനിറ്റും ജാഗ്രതയിലാണ്. ആ തിരക്കിനിടെയാണ് തൊടുപുഴ അഗ്നിരക്ഷ സേന യൂനിറ്റിലേക്ക് ബുധനാഴ്ച രാത്രി 7.30 ഓടെ ഫോൺ കോൾ.
'ഒരു ജീവൻ നിങ്ങൾ രക്ഷിക്കുമോ' എന്ന വിളി എത്തുന്നത് ആദ്യം ഒന്ന് ഞെട്ടിയെങ്കിലും കാര്യം തിരക്കി. വിളിച്ചത് ബോബി എന്നയാളാണ്. അതുവഴി കടന്നു പോയ യാത്രക്കാരൻ.
'റോഡ് പണിക്കായി കൊണ്ടുവന്ന ടാറിൽ ഒരു നായ്ക്കുട്ടി പുതഞ്ഞു കിടക്കുകയാണ് സാറെ . കണ്ണുകളിൽ മരണത്തിൻെ ദൈന്യത കാണാം. പട്ടിണിയാണെന്ന് തോന്നുന്നു. തലയൊഴികെ ശരീരം മുഴുവൻ ടാറിനുള്ളിലാണ്. ഇതിനെയൊന്ന് രക്ഷിക്കാൻ പറ്റിയാൽ പുണ്യംകിട്ടും...' ബോബി പറഞ്ഞു നിർത്തി.
'സ്ഥലം പറയൂ ഞങ്ങൾ എത്തിയിരിക്കും...' -ഫോണെടുത്ത സീനിയർ ഫയർ ഓഫിസർ ടി. ഇ അലിയാരിന്‍റെ മറുപടിയിൽ മറുതലക്കൽ ആശ്വാസത്തിന്റെ നെടുവീർപ്പ്.
നൽകിയ വിവരമനുസരിച്ച് എട്ട് കിലോമീറ്ററോളം ദൂരെ ആലക്കോട് പഞ്ചായത്തിൽ ഇഞ്ചിയാനി സി.എസ്.ഐ പള്ളിക്ക് സമീപം ഫയർഫോഴ്സ് യൂനിറ്റ് എത്തി. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ ടി.പി ഷാജിയുടെ നേതൃത്വത്തിൽ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ ഷിബിൻ ഗോപി, രഞ്ജി കൃഷ്ണൻ, മനു വി കെ എന്നിവരാണ് സ്ഥലത്തെത്തിയത്.
ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച. റോഡ്‌പണിക്കായി ഉരുക്കിയ ടാറിൽ കുടുങ്ങി കിടക്കുകയായിരുന്നു 3 മാസം പ്രായമായ നായ കുട്ടി. ചരിഞ്ഞ് കിടന്ന വീപ്പക്കുള്ളിൽ എങ്ങനെയോ അകപ്പെടുകയായിരുന്നു. ചുരുങ്ങിയത് 2 ദിവസമെങ്കിലും ആയിട്ടുണ്ടാകും ആ കിടപ്പ് കിടക്കാൻ തുടങ്ങിയിട്ട്. തൊട്ടരുകിൽ നിസ്സഹായയായി നോക്കി നിൽക്കുന്നു അമ്മയെന്ന് തോന്നിപ്പിക്കുന്ന മറ്റൊരു നായ.
ഒട്ടും മടിക്കാതെ രക്ഷാ പ്രവർത്തനം തുടങ്ങി. ഒന്നര മണിക്കൂറോളം നീണ്ടു ടാറിൽ നിന്ന് കുഞ്ഞ് നായ്ക്കുട്ടിയെ വേർപെടുത്താൻ. ആദ്യ ടാർ വീപ്പ മുറിച്ചു മാറ്റി. വളരെ സൂക്ഷ്മതയോടെ കൈയും കാലുമൊക്കെ പുറത്തെടുത്തു. ഇൗ സമയമൊക്കെ ഇതെല്ലാം കണ്ട് അമ്മ നായയും അടുത്തുണ്ടായിരുന്നു.
ടാറിൽ മുങ്ങിയ നായ്ക്കുട്ടിയെ അതിൽ നിന്ന് വേർപെടുത്തി ഷാമ്പൂ ഉപയോഗിച്ച് കുളിപ്പിച്ച് വൃത്തിയാക്കി. ഇതിനിടെ നാട്ടുകാർ നായ്ക്കുട്ടിക്ക് കുടിക്കാനുള്ള പാലുമായെത്തി. പതിനഞ്ച് മിനിറ്റിനുള്ളിൽ നായ്ക്കുട്ടി ഉഷാർ. കാത്ത് നിന്ന അമ്മക്കരികിലേക്ക് അവൻ ഓടിയടുത്തു. ഇരുവരും വേഗത്തിൽ ഇരുളിലേക്ക് ഓടിമറയുന്നത് കണ്ട് ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞ ചാരിതാർഥ്യത്തോടെ യൂനിറ്റ് അംഗങ്ങളും അവരുടെ തിരക്കിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.