അടച്ചുപൂട്ടലിന്റെ പാതയിൽ റെയ്ഡ്കോ
text_fieldsതൊടുപുഴ: കാർഷിക മേഖലയിൽ കൈത്താങ്ങാകേണ്ട സഹകരണ സ്ഥാപനമായ റെയ്ഡ്കോ അടച്ചു പൂട്ടലിന്റെ പാതയിൽ. ഇതോടെ സബ്സിഡിയോടെയും വിലക്കുറവിലും ലഭിച്ചിരുന്നതൊക്കെ കർഷകർക്ക് അന്യമാകും. ഉൽപാദന ചെലവ് ഉയരുക വഴി കൃഷി നഷ്ടത്തിലാകാനും സാധ്യതയേറി.
റെയ്ഡ്കോയുടെ സംസ്ഥാനത്തെ ഏഴ് ശാഖകൾ പൂട്ടുന്നതിനാണ് പുതിയ നീക്കം. 32 ശാഖകളുള്ളതിൽ തൊടുപുഴ, പത്തനംതിട്ട, മാവേലിക്കര, അഞ്ചൽ, നെന്മാറ, നിലമ്പൂർ, ചെറുവത്തൂർ ഔട്ട്ലറ്റുകളാണ് ഇപ്പോൾ പൂട്ടൽ പരിഗണനയിലുള്ളത്. രണ്ട് വർഷം മുമ്പ് കട്ടപ്പന, എടപ്പാൾ, വടക്കഞ്ചേരി, പെരുന്തൽമണ്ണ ഔട്ട്ലറ്റുകൾ പൂട്ടി. കഴിഞ്ഞ വർഷം അഞ്ച് ശാഖകൾ പൂട്ടാൻ ശ്രമിച്ചിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിച്ചു. പിന്നാലെയാണ് ഏഴ് ശാഖകൾ കൂടി പൂട്ടാൻ നടപടിയായത്. മുന്നോടിയായി ഈ ശാഖകളിലെ ജീവനക്കാരെ മറ്റു ശാഖകളിലേക്ക് മാറ്റുന്നതായി ഉത്തരവിറക്കി. പൂട്ടൽ അജണ്ടയായ സാഹചര്യത്തിൽ സംസ്ഥാനത്തെ മറ്റൊരു സഹകരണസ്ഥാപനം കൂടി ഘട്ടം ഘട്ടമായി ഇല്ലാതാകുകയാകും ഫലം. സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് സ്ഥാപനം പൂട്ടുന്നത്.
എന്നാൽ നെന്മാറ, നിലമ്പൂർ ശാഖകൾ മാത്രമാണ് നഷ്ടത്തിലുള്ളത്. മറ്റു ശാഖകൾ ലാഭകരമായാണ് പ്രവർത്തിക്കുന്നത്. തൊടുപുഴയിലേയും പത്തനംതിട്ടയിലേയും ശാഖകൾ പൂട്ടുന്നതോടെ ഈ രണ്ടു ജില്ലകളിലും റെയ്ഡ്കോയുടെ സാന്നിധ്യം ഇല്ലാതാകും. ഈ രണ്ടുശാഖകളും ലാഭകരമായാണ് പ്രവർത്തിക്കുന്നത്. കാർഷിക മേഖലയായ ഇടുക്കിയിൽ റെയ്ഡ്കോയുടെ ശാഖ ഇല്ലാതാകുന്നതോടെ സ്വകാര്യ മേഖലകളെ ആശ്രയിക്കേണ്ടിവരും കർഷകർ. റബർ റോളർ, പുല്ലുവെട്ടിയന്ത്രം മുതൽ ട്രാക്ടർ വരെയുള്ള യന്ത്രങ്ങൾ 50 ശതമാനം വരെ സബ്സിഡിയിൽ ഇവിടെ നിന്ന് കർഷകർക്ക് ലഭിച്ചിരുന്നു. കൂടാതെ കർഷകർക്കാവശ്യമായ സാങ്കേതിക സഹായങ്ങളും ലഭിച്ചിരുന്നു.
ശാഖകൾ പൂട്ടുന്നതോടെ കൂടിയ വിലയിൽ സ്വകാര്യ മേഖലയിൽ നിന്ന് കർഷകർ ഉൽപന്നങ്ങൾ വാങ്ങേണ്ടിവരും. സബ്സിഡി നൽകി വിൽപന നടത്തുന്നതിനാൽ നഷ്ടം കണക്കാക്കുന്നുണ്ടെങ്കിലും ഇത് കാർഷിക മേഖലയിലെ ലാഭമായി തിരികെ എത്തുന്നതായി കർഷകർ പറയുന്നു. നിലവിൽ 115 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് കണക്ക്. എന്നാൽ നഷ്ടം നികത്തുന്നതിനായി സർക്കാർ നൽകുന്ന സമാശ്വാസതുക സർക്കാർ ഷെയറായി മാറ്റുകയാണ്. ഇത്തരത്തിൽ ഷെയർ മാറ്റിയതിനാൽ 50 ശതമായിരുന്ന സർക്കാരിന്റെ ഷെയർ 95 ശതമാനമായി ഉയർന്നു. ഏഴ് ശാഖകൾ പൂട്ടുമ്പോൾ ഈ ശാഖകളിലെ ജീവനക്കാരെ മറ്റു ശാഖകളിലേക്കു മാറ്റി നിയമിക്കുക മാത്രമാണ് ചെയ്യുന്നത്.
കെട്ടിട വാടക, വൈദ്യുതി ചാർജ്, തുടങ്ങിയ ചെറിയ ചെലവുകൾ മാത്രമാണ് ഇതിലൂടെ കുറയുന്നത്. കാർഷിക മേഖലയിൽ കൈതാങ്ങാകേണ്ട റെയ്ഡ്കോ ചെറിയ ലാഭം നോക്കി അടച്ചുപൂട്ടാനുള്ള നീക്കത്തിനെതിരെ വിവിധ കർഷക യൂനിയനുകൾ രംഗത്തെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.