തൊടു‘പുഴ’;ബുധനാഴ്ചത്തെ മഴയിൽ തൊടുപുഴ മങ്ങാട്ടുകവല പുഴയായി
text_fieldsതൊടുപുഴ: നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കാൻ നഗരസഭയും പി.ഡബ്ല്യു.ഡിയും ലക്ഷങ്ങൾ ചെലവഴിക്കുമ്പോഴും ഓരോ മഴ പെയ്യുമ്പോഴും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് പതിവ് കാഴ്ച. ബുധനാഴ്ച വൈകീട്ട് പെയ്ത മഴയിൽ നഗരത്തിലെ വിവിധ ഇടങ്ങളിൽ മഴ പെയ്ത് ഗതാഗതം തടസ്സപ്പെട്ടു.
തൊടുപുഴ-മങ്ങാട്ടുകവലയിലാണ് രൂക്ഷമായ വെള്ളക്കെട്ട് ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് പെയ്ത മഴയിലും തൊടുപുഴ-പൂമാല റോഡിലെ കാരിക്കോട് ഭാഗത്ത് വെള്ളം പൊങ്ങി ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു. റോഡ് പൂർണമായും വെള്ളത്തിനടിയിലായതോടെ ഇതുവഴി എത്തിയ കാറും ടോറസ് ലോറിയും റോഡരികിലെ ഓടയിലേക്ക് ചരിഞ്ഞു. കനത്ത മഴക്കിടെ റോഡിന്റെ വശങ്ങള് മനസ്സിലാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് കഴിയാതെ വന്നതാണ് വാഹനങ്ങള്‍ അപകടത്തിൽപെടാന്‍ കാരണം. ഒരു വശത്തേക്ക് ചരിഞ്ഞ വാഹനങ്ങള്‍ ഏറെ സമയം കുടങ്ങിക്കിടന്നു. പിന്നീട് ക്രെയിൻ കൊണ്ടുവന്ന് ഉയർത്തി. റോഡിനോട് ചേർന്നുള്ള കാനയിൽ വെള്ളം നിറഞ്ഞാൽ റോഡോ കാനയോ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമാണ്. ഇവിടെ സുരക്ഷ വേലികൾപോലും ഇല്ലാത്ത സ്ഥിതിയാണ്. വലിയ അപകട സാധ്യതയും നിലനിൽക്കുന്നു.
കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി മങ്ങാട്ടുകവല
കനത്ത മഴയിൽ വെള്ളത്തിൽ മുങ്ങി മങ്ങാട്ടുകവല. കാരിക്കോട് റോഡ്, മുതലക്കോടം റോഡ്, മങ്ങാട്ടുകവല ബസ് സ്റ്റാന്‍ഡിനു മുന്‍ഭാഗം എന്നിവിടങ്ങളിലാണ് ബുധനാഴ്ച വെള്ളക്കെട്ടുണ്ടായത്. പാതയോരത്ത് പാര്‍ക്കു ചെയ്തിരുന്ന വാഹനങ്ങള്‍ വെള്ളത്തില്‍ മുങ്ങി. മുതലക്കോടം റോഡിനോട് ചേര്‍ന്ന തടിമില്ലില്‍ എത്തിച്ച തടികള്‍ ജീവനക്കാര്‍ പ്രയാസപ്പെട്ട് വെള്ളത്തിൽനിന്ന് കയറ്റി. തൊടുപുഴ ജില്ല ആശുപത്രിയിലേക്കുള്ള പ്രധാന പാത കൂടിയാണ് ഇത്. മഴ പെയ്ത് വെള്ളം ഉയരുന്നതോടെ ഇതു വഴിയുള്ള വാഹന ഗതാഗതം പൂര്‍ണമായി നിലക്കും. പിന്നീട് വെള്ളം ഇറങ്ങുമ്പോഴാണ് ഗതാഗതം പുനഃസ്ഥാപിക്കാനാകുക. പലപ്പോഴും വെള്ളത്തെ മറികടന്നു പോകുന്ന വാഹനങ്ങളാണ് അപകടത്തിൽപെടുന്നത് പതിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.