ഇടുക്കി ജില്ലയിൽ ഇന്നും നാളെയും റെഡ് അലർട്ട്; മഴ കനക്കും
text_fieldsതൊടുപുഴ: ഇടുക്കി ജില്ലയിൽ വരും ദിവസങ്ങളിൽ മഴ കനക്കും. ഞായറാഴ്ച ജില്ലയിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ഇടങ്ങളിൽ അതി തീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204. മി.മി കൂടുതൽ മഴ ലഭിക്കുമെന്നാണ് അതി തീവ്ര മഴ കൊണ്ട് ഉദ്ദേശിക്കുന്നത്. തൊടുപുഴ-31.2 മി.മി, ഇടുക്കി-39.4 മി.മി, ദേവികുളം-15.2 മി.മി, ഉടുമ്പൻചോല-10.6 മി.മി, പീരുമേട്- 30.5 മി.മി എന്നിങ്ങനെയാണ് കഴിഞ്ഞ ദിവസങ്ങളിൽ വിവിധ താലൂക്കുകളിൽ പെയ്ത മഴ. ദിവസങ്ങളായി ജില്ലയുടെ വിവിധ മേഖലകളിൽ മഴ ശക്തി പ്രാപിച്ചിട്ടുണ്ട്. ഉച്ച കഴിയുന്നതോടെ മഴക്കൊപ്പം കാറ്റും മിന്നലുമുണ്ട്.
ശക്തമായ മഴയെത്തുടർന്ന് പലയിടത്തും വെള്ളക്കെട്ടും ഗതാഗത തടസ്സവും രൂക്ഷമായി മാറിയിട്ടുണ്ട്. കടുത്ത വേനലിൽ വരണ്ടു കിടന്ന പുഴകളിലും മഴയെത്തുടർന്ന് ജല നിരപ്പ് ഉയരുന്നുണ്ട്. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാറിലും ജല നിരപ്പിൽ വർധനയുണ്ടായി. 2333.76 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജല നിരപ്പ്. അതേ സമയം വേനൽ മഴയിൽ മരം വീണ് നാശ നഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഭാഗികമായി നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. വൈദ്യുത പോസ്റ്റുകൾ ഒടിഞ്ഞും ലൈൻ പൊട്ടി വീണും കെ.എസ്.ഇ.ബിക്കും നഷ്ടമുണ്ടായിട്ടുണ്ട്. പലയിടങ്ങളിലും മഴ ശക്തി പ്രാപിച്ചതോടെ വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട്. മുല്ലപ്പെരിയാറിൽ 115.5 അടിയാണ് ഇപ്പോഴത്തെ ജല നിരപ്പ്. മഴ കനത്തതോടെ ഡെങ്കിപ്പനിയടക്കം തല പൊക്കിത്തുടങ്ങിയിട്ടുണ്ട്.
കനത്ത മഴ; കൺട്രോൾ റൂം തുറന്നു
ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ അഞ്ച് താലൂക്കുകളിലും കൺട്രോൾ റൂം തുറന്നു.
കൺട്രോൾ റൂം നമ്പറുകൾ:
തൊടുപുഴ -04862 222503, ഇടുക്കി- 04862 235361,
ദേവികുളം - 04865 264231, പീരുമേട് - 04869 232077
ഉടുമ്പൻ ചോല -04868 232050
ജില്ല എമർജൻസി ഓപറേഷൻ സെന്റർ - 9383463036, 04862 233111, 04862 233130
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.