ഭൂമി പതിവ് തട്ടിപ്പ്: ഇടനിലക്കാരെന്ന വ്യാജേന പണപ്പിരിവ്
text_fieldsതൊടുപുഴ: ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്ടയം തരപ്പെടുത്തി നൽകാനും സർവേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്ന് പണപ്പിരിവ് നടക്കുന്നതായി വിവരം. ജില്ലയിലെ ഏഴ് പ്രത്യേക ഭൂമി പതിവ് ഓഫീസുകളിലും താലൂക്കുകളിലും ലഭിച്ച അപേക്ഷകളിൽ പട്ടയം നൽകാനുള്ള നടപടി നടന്നുവരികയാണ്. അതിന്റെ ഭാഗമായി വില്ലേജുകളിലും സർവേ നടപടികൾ നടക്കുന്നുണ്ട്. വനാവകാശ രേഖ നൽകാനും വിവിധ പദ്ധതി പ്രദേശങ്ങളിലെ കൈവശക്കാർക്ക് പട്ടയം നൽകാനുമാണ് സർവേ നടപടികൾ.
ഈ ഘട്ടത്തിലാണ് പട്ടയ ഓഫിസുകളിൽ നിന്ന് പട്ടയം തരപ്പെടുത്തി നൽകുന്നതിനും സർവേ നടപടികള്‍ക്കും ഇടനിലക്കാർ എന്ന വ്യാജേന പൊതുജനങ്ങളിൽ നിന്നും പണപ്പിരിവ് നടക്കുന്നുവെന്ന വിവരം ഇടുക്കി കലക്ടർ ഷീബജോർജിന് ലഭിച്ചത്. ഭൂമി പതിവ് നടപടികളുടെ മറവില്‍ ഇടനിലക്കാർ നടത്തുന്ന തട്ടിപ്പിനെതിരെ ജനങ്ങൾ ജാഗ്രത പുലർത്തണമെന്നാണ് ജില്ല കലക്ടർ ഷീബ ജോർജ് അറിയിച്ചത്. അറിവില്ലായ്മ മുതലെടുത്ത് കബളിപ്പിലൂടെ പിരിവ് നടത്തുന്നതായും വൻ തുകകൾ തട്ടിയെടുക്കുന്നതായുമാണ് വിവരം. പണപ്പിരിവ് നടത്തുന്നവരെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങൾ പൊലീസ്, റവന്യു അധികാരികളെ അറിയിക്കണം.
സർക്കാർ നടപടികളുടെ മറവില്‍ സാമ്പത്തിക തട്ടിപ്പ് നടത്തുന്നവർക്കെതിരെ കര്‍ശന നിയമ നടപടികൾ ജില്ല ഭരണകൂടം സ്വീകരിക്കും.പട്ടയം ലഭിക്കാൻ അപേക്ഷിച്ചവർ ഇടനിലക്കാരെ ഒഴിവാക്കി ബന്ധപ്പെട്ട പട്ടയ ഓഫീസിലെ തഹസില്‍ദാരുമായി നേരിട്ട് ബന്ധപ്പെട്ട് പട്ടയ സംബന്ധമായ നടപടികൾ അന്വേഷിച്ച് ഉറപ്പാക്കണം. പട്ടയ ഓഫീസുകളില്‍ നിന്ന് അറിയിച്ചത് പ്രകാരം സർക്കാർ നിശ്ചയിച്ച നിയമാനുസൃത തുക മാത്രം ട്രഷറിയിൽ അടച്ച് രസീത് ഹാജരാക്കിയാൽ മതിയാകും. പട്ടയ, സർവേ നടപടികളുമായി ബന്ധപ്പെട്ട് മറ്റ് തരത്തിലുള്ള യാതൊരുവിധ പണമിടപാടുകൾക്കും ജനം കൂട്ടുനിൽക്കരുത്. ഇത്തരത്തിൽ അനധികൃത നടപടികൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പരാതിപ്പെടണമെന്നും കലക്ടർ അറിയിച്ചു.
ഇടുക്കി, കല്ലാര്‍കുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയവിതരണത്തിന് മുന്നോടിയായുള്ള സർവേ നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. ഇടുക്കി ജലവൈദ്യുതപദ്ധതിയുടെ മൂന്ന് ചെയിന്‍, കല്ലാര്‍കുട്ടി ഡാമിന്റെ 10 ചെയിന്‍, ചെങ്കുളം ഡാമിന്റെ 10 ചെയിന്‍ എന്നീ മേഖലകളില്‍ ദീര്‍ഘകാലമായി പട്ടയം അനുവദിക്കണമെന്നുള്ള ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പട്ടയനടപടികളുടെ ആദ്യഘട്ടമായാണ് ഈ മേഖലകളില്‍ സർവേ ആരംഭിക്കുന്നത്. ജില്ലയിലെ പട്ടികവര്‍ഗമേഖലകളില്‍ ഉള്‍പ്പെടെ പട്ടയം അനുവദിക്കുന്നതിന് പുറപ്പെടുവിച്ച 20/2020 എന്ന സര്‍ക്കാര്‍ ഉത്തരവിലെ സാങ്കേതികപ്രശ്നം പരിഹരിച്ച് ഭേദഗതി വരുത്തി പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഈ മേഖലകളിലെ പട്ടയം അനുവദിക്കുന്ന നടപടികളും അടിയന്തരപ്രാധാന്യത്തോടെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.