നവീകരണം പ്രഖ്യാപനങ്ങളിലൊതുങ്ങി; പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ ലയങ്ങളിൽ ദുരിതം
text_fieldsതൊടുപുഴ: ഇടുക്കിയിലെത്തുന്ന സഞ്ചാരികളെ പ്രധാനമായി ആകർഷിക്കുന്ന കാഴ്ചകളിലൊന്നാണ് കണ്ണെത്താ ദൂരത്തോളം വിശാലമായ തേയിലത്തോട്ടങ്ങൾ.
എന്നാൽ, ഈ കാഴ്ചകൾക്കിടയിൽ ആരുടെയും കണ്ണിലേക്ക് പെട്ടെന്ന് കടന്നുവരാത്ത ഒരുവിഭാഗമുണ്ട്. തോട്ടം തൊഴിലാളികൾ. നിലവിൽ പ്രവർത്തിക്കുന്ന തോട്ടങ്ങളിൽ അൽപം മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങളുണ്ടെങ്കിലും പൂട്ടിയ തോട്ടങ്ങളിൽ തൊഴിലാളികളുടെ ജീവിതം ദുരിതം നിറഞ്ഞതാണ്.
പല ലയങ്ങളുടെയും സ്ഥിതി ശോച്യമാണ്. ചിതലരിച്ച മേൽക്കൂരകൾ, ദുർബലമായ ഭിത്തികൾ, ദ്രവിച്ച വാതിലുകൾ... പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളി കുടുംബങ്ങൾ കഴിഞ്ഞുകൂടുന്ന ലയങ്ങളുടെ അവസ്ഥയാണിത്. ഏതു നിമിഷവും നിലംപൊത്താവുന്ന ഈ ലയങ്ങളിൽ ഭീതിയോടെയാണ് തൊഴിലാളികൾ ഓരോ രാത്രിയും തള്ളി നീക്കുന്നത്.
ഓടിനു മുകളിൽ പ്ലാസ്റ്റിക്കും പടുതയും വലിച്ചുകെട്ടിയാണ് പലരും താമസിക്കുന്നത്. ചോർന്നൊലിക്കുന്ന മേൽക്കൂരക്ക് താഴെ നരകതുല്യമായി കഴിയുന്നവരും ഇവിടെയുണ്ട്.
ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങൾ സർക്കാർ ഏറ്റെടുക്കുമെന്ന പ്രഖ്യാപനം ഉണ്ടായെങ്കിലും പിന്നീട് നടപടികളൊന്നുമുണ്ടായില്ല. രണ്ട് പതിറ്റാണ്ടായിട്ടും പൂട്ടിയ കമ്പനികൾ തുറക്കാനോ തോട്ടങ്ങൾ ഏറ്റെടുക്കാനോ കഴിഞ്ഞിട്ടില്ല. സംസ്ഥാനത്തെ ലയങ്ങളുടെ നവീകരണം പ്രഖ്യാപനങ്ങളിലൊതുങ്ങുന്ന കാഴ്ചയാണിപ്പോൾ. ഓരോ ബജറ്റിലും പ്രത്യേകം തുക വകയിരുത്തുന്നതിനുമപ്പുറം തുടർ നടപടികൾ ഉണ്ടായില്ല. 2020ലെ പെട്ടിമുടി ദുരന്തത്തിന് പിന്നാലെ ലയങ്ങളുടെ പുനരുദ്ധാരണവും തോട്ടം മേഖലയിലെ പ്രശ്നപരിഹാരവും ചർച്ചയായി.
ഉടമകൾ ഉപേക്ഷിച്ച തോട്ടങ്ങളിലെ ലയങ്ങൾ അടിയന്തരമായി നവീകരിക്കണമെന്ന നിർദേശം തൊഴിൽ വകുപ്പും ജില്ല ഭരണകൂടവും സർക്കാറിനു മുന്നിൽ വെച്ചു. തോട്ടം മേഖല നേരിടുന്ന പ്രതിസന്ധികൾ മറികടക്കാൻ പ്രത്യേക പാക്കേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവർത്തൻ ഡോ. ഗിന്നസ് മാടസ്വാമി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് നിവേദനവും നൽകി. തുടർപഠനങ്ങൾക്ക് ശേഷം പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കുമെന്നായിരുന്നു മറുപടി.
പഠനങ്ങളും തുടർചർച്ചകളും മുറക്ക് നടക്കുന്നുണ്ടെങ്കിലും രണ്ട് പതിറ്റാണ്ടായി കാര്യങ്ങൾക്കൊരു തീരുമാനവുമില്ല. തീരുമാനമുണ്ടാകാൻ മറ്റൊരു ദുരന്തത്തിനായി കാത്തിരിക്കണോ എന്നാണ് തൊഴിലാളികളുടെ ചോദ്യം.
സംസ്ഥാനത്ത് പൂട്ടുവീണ തോട്ടങ്ങളിൽ സുപ്രീംകോടതി നിയോഗിച്ച ഏകാംഗ കമീഷൻ സന്ദർശനം നടത്തിയതും ലയങ്ങളിലെ ദുരിതജീവിതം കോടതിയെ ബോധ്യപ്പെടുത്തുമെന്ന ഉറപ്പിലുമാണ് തൊഴിലാളികളുടെ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.